ഇന്ത്യൻ വനിതാ ലീഗ് കിരീടം സേതു എഫ് സിക്ക്

ഇന്ത്യൻ വനിതാ ലീഗ് കിരീടം തമിഴ്നാട് ക്ലബായ സേതി എഫ് സി സ്വന്തമാക്കി. ഇന്ന് നടന്ന കലാശ പോരാട്ടത്തിൽ അതിശക്തരായ മണിപ്പൂർ പോലീസിനെ തോൽപ്പിച്ചാണ് സേതു എഫ് സി കിരീടം സ്വന്തമാക്കിയത്. ഒന്നിനെതിരെ മൂന്നു ഗോളുകളുടെ വിജയമാണ് സേതു സ്വന്തമാക്കിയത്. ആദ്യ പകുതിയിൽ ഒരു ഗോളിന് പിറകിൽ പോയിരുന്ന സേതു എഫ് സി രണ്ടാം പകുതിയിലാണ് മൂന്നു ഗോളുകളും നേടിയത്.

മണിപ്പൂരിന്റെ ക്യാപ്റ്റൻ ബാലാ ദേവിയെ പിടിച്ചു കെട്ടിയതാണ് സേതുവിന്റെ വിജയത്തിന്റെ രഹസ്യം. അവസാന അഞ്ചു മത്സരങ്ങളിലും ഹാട്രിക്ക് നേടിയിരുന്ന ബാലാ ദേവി ഇന്ന് ഒരു ഗോൾ പോലും നേടിയില്ല. മത്സരത്തിൽ സമ്പൂർണ്ണാ ആധിപത്യവും സേതുവിനായിരുന്നു. ആദ്യ പകുതിയുടെ അവസാനം രാധാ റാണിയിലൂടെ ആയിരുന്നു മണിപ്പൂർ പോലീസ് മുന്നിൽ എത്തിയത്.

രണ്ടാം പകുതിയിൽ സബിത്രയുടെ ഇരട്ട ഗോളുകളും ഒരു സെൽഫ് ഗോളും മണിപ്പൂർ പോലീസിന്റെ കഥ കഴിച്ചു. ഗോളവസരങ്ങൾ ഒരുക്കി ഇന്ധുമതി ആണ് ഇന്ന് സേതുവിന്റെ യഥാർത്ഥ താരമായി മാറിയത്. ഇന്നത്തേത് അടക്കം 7 മത്സരങ്ങളിൽ 45 ഗോളുകളാണ് സേതു എഫ് സി ഈ ടൂർണമെന്റിൽ അടിച്ചു കൂട്ടിയത്. ഗ്രൂപ്പ് ഘട്ടത്തിൽ മണിപ്പൂർ പോലീസും സേതു എഫ് സിയും ഏറ്റുമുട്ടിയപ്പോഴും സേതുവിനായിരുന്നു വിജയം. അന്ന് 6-4നായിരുന്നു സേതുവിന്റെ വിജയം.