ലിവർപൂൾ വനിതകളെയും വീഴ്ത്തി ആഴ്‌സണൽ കുതിപ്പ്

വനിത സൂപ്പർ ലീഗിൽ തുടർച്ചയായ നാലാം മത്സരത്തിലും ജയം കണ്ടു ആഴ്‌സണൽ. ലിവർപൂൾ വനിതകളെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് ആഴ്‌സണൽ വനിതകൾ തോൽപ്പിച്ചത്. ജയത്തോടെ ലീഗിൽ അവർ ഒന്നാമത് തുടരുകയാണ്. അതേസമയം ആദ്യ മത്സരത്തിൽ ചെൽസിയെ അട്ടിമറിച്ച ശേഷം ബാക്കി മത്സരങ്ങൾ എല്ലാം ലിവർപൂൾ വനിതകൾ തോറ്റു. ചാമ്പ്യൻസ് ലീഗിൽ ലിയോണിന് എതിരായ ചരിത്രജയത്തിന് ശേഷം പ്രമുഖ താരങ്ങൾക്ക് വിശ്രമം നൽകിയാണ് ആഴ്‌സണൽ ഇറങ്ങിയത്.

മത്സരത്തിൽ ആഴ്‌സണലിന്റെ ആധിപത്യം തന്നെയാണ് കാണാൻ സാധിച്ചത്. ആദ്യ പകുതിയുടെ തുടക്കത്തിൽ തന്നെ നേടിയ ഗോളുകൾ ആണ് ആഴ്‌സണലിന്റെ ജയം ഉറപ്പാക്കിയത്. മത്സരത്തിൽ പതിനഞ്ചാമത്തെ മിനിറ്റിൽ ലിയ വാൽറ്റി ആഴ്‌സണലിന് മുൻതൂക്കം സമ്മാനിച്ചു. 7 മിനിറ്റുകൾക്ക് ശേഷം കാറ്റലിൻ ഫോർഡിന്റെ പാസിൽ നിന്നു ഗോൾ കണ്ടത്തിയ ഫ്രിദ മാനം ആഴ്‌സണലിന്റെ ജയം ഉറപ്പിക്കുക ആയിരുന്നു.

യൂറോപ്യൻ ചാമ്പ്യന്മാരായ ലിയോണിനു വമ്പൻ പരാജയം ഏൽപ്പിച്ചു ആഴ്‌സണൽ വനിതകൾ! ഇത് ചരിത്രം!

യൂറോപ്യൻ ഫുട്‌ബോളിൽ ഏറ്റവും കൂടുതൽ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ നിലവിലെ ജേതാക്കൾ ആയ ലിയോൺ വനിതകൾക്ക് ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം സമ്മാനിച്ചു ആഴ്‌സണൽ വനിതകൾ. ഗ്രൂപ്പ് സിയിൽ സ്വന്തം മൈതാനത്ത് ലിയോൺ അവരുടെ ചാമ്പ്യൻസ് ലീഗ് ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം ആണ് നേരിട്ടത്. പന്ത് കൈവശം വക്കുന്നതിൽ നേരിയ മുൻതൂക്കം സൂക്ഷിച്ച ലിയോൺ മത്സരത്തിൽ 20 ഷോട്ടുകൾ ആണ് ഉതിർത്തത്. മത്സരത്തിൽ 14 ഷോട്ടുകൾ ആണ് ആഴ്‌സണൽ ഉതിർത്തത്. മത്സരത്തിൽ 13 മത്തെ മിനിറ്റിൽ ബെത്ത് മീഡിന്റെ പാസിൽ നിന്നു കാറ്റിലിൻ ഫോർഡ് ആഴ്‌സണലിന് മുൻതൂക്കം സമ്മാനിച്ചു. 22 മത്തെ മിനിറ്റിൽ ഫ്രിദ മാനം ആഴ്‌സണലിന് രണ്ടാം ഗോളും സമ്മാനിച്ചു.

5 മിനിറ്റിനുള്ളിൽ ലിയോൺ മത്സരത്തിൽ ഒരു ഗോൾ തിരിച്ചടിച്ചു. കോർണറിൽ നിന്നു ലഭിച്ച അവസരത്തിൽ മെൽവിൻ മലാർഡ് ഫ്രഞ്ച് ക്ലബിന് ആയി ഒരു ഗോൾ മടക്കി. ആദ്യ പകുതിക്ക് തൊട്ടു മുമ്പ് ഉഗ്രൻ ഫ്രീകിക്കിലൂടെ ബെത്ത് മീഡ് ആഴ്‌സണലിന് മൂന്നാം ഗോളും സമ്മാനിച്ചു. രണ്ടാം പകുതിയിൽ 67 മത്തെ മിനിറ്റിൽ കോർണറിൽ നിന്നു ലഭിച്ച അവസരത്തിൽ നിന്നു കാറ്റലിൻ ഫോർഡ് ആഴ്‌സണലിന് നാലാം ഗോളും സമ്മാനിച്ചു. 2 മിനിറ്റിനു ശേഷം ഫ്രിദ മാനത്തിന്റെ പാസിൽ നിന്നു ബെത്ത് മീഡ് ആഴ്‌സണലിന്റെ വമ്പൻ ജയം പൂർത്തിയാക്കുക ആയിരുന്നു. ആഴ്‌സണലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ജയങ്ങളിൽ ഒന്നും ചരിത്ര നിമിഷവും ആയി ഇത്. അതേസമയം ഗ്രൂപ്പ് ഡിയിൽ ബെൻഫിക്ക വനിതകളെ ബാഴ്‌സലോണ വനിതകൾ എതിരില്ലാത്ത 9 ഗോളുകൾക്ക് തകർത്തു.

വനിത സൂപ്പർ ലീഗിൽ തുടർച്ചയായ മൂന്നാം മത്സരത്തിലും ജയിച്ചു ആഴ്‌സണൽ

വനിത സൂപ്പർ ലീഗിൽ വിജയകുതിപ്പ് തുടർന്ന് ആഴ്‌സണൽ വനിതകൾ. റെഡിങ് വനിതകളെ എതിരില്ലാത്ത ഒരു ഗോളിന് ആണ് ആഴ്‌സണൽ തോൽപ്പിച്ചത്. ആഴ്‌സണലിന്റെ വലിയ ആധിപത്യം കണ്ട മത്സരത്തിൽ മുപ്പതാം മിനിറ്റിൽ ആണ് ഗോൾ പിറന്നത്.

മികച്ച ടീം നീക്കത്തിന് ഒടുവിൽ കിം ലിറ്റിലിന്റെ പാസിൽ നിന്നു ബോക്സിന് പുറത്ത് നിന്ന് സ്റ്റിന ബ്ലാക്സ്റ്റെയിൻസ് ആണ് ആഴ്‌സണലിന് ആയി ഗോൾ നേടിയത്. രണ്ടാം പകുതിയിൽ 61 മത്തെ മിനിറ്റിൽ ലഭിച്ച പെനാൽട്ടി കിം ലിറ്റിൽ പാഴാക്കിയെങ്കിലും ആഴ്‌സണൽ വിജയിക്കുക ആയിരുന്നു. നിലവിൽ ലീഗിൽ മൂന്നു മത്സരങ്ങളിൽ നിന്നു 9 ഗോളുകൾ നേടിയ ആഴ്‌സണൽ മൂന്നു ജയവുമായി ലീഗിൽ രണ്ടാം സ്ഥാനത്ത് ആണ്.

അയാക്‌സിനെ വീഴ്ത്തി ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത നേടി ആഴ്‌സണൽ

തുടർച്ചയായ പതിനാലാം സീസണിലും ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത നേടി ആഴ്‌സണൽ വനിതകൾ. ഡച്ച് വമ്പന്മാരായ അയാക്‌സിനെ ഇരു പാദങ്ങളിലും ആയി 3-2 നു ആണ് ആഴ്‌സണൽ വീഴ്ത്തിയത്. ആദ്യ പാദത്തിൽ സ്വന്തം മൈതാനത്ത് 2-2 നു സമനില പാലിച്ച ആഴ്‌സണൽ ഹോളണ്ടിൽ ഇന്ന് എതിരില്ലാത്ത ഒരു ഗോളിന് ജയിക്കുക ആയിരുന്നു.

ഡച്ച് സൂപ്പർ താരം വിവിയനെ മിയെദെമ ബോക്സിന് പുറത്ത് നിന്ന് നേടിയ ഉഗ്രൻ ഗോൾ ആണ് ആഴ്‌സണലിന് ഗ്രൂപ്പ് ഘട്ടത്തിലേക്കുള്ള വഴി തുറന്നത്. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം 51 മത്തെ മിനിറ്റിൽ ആണ് മിയെദെമയുടെ ഗോൾ പിറന്നത്. എന്നാൽ പിന്നീട് പരിക്കേറ്റു ബെത്ത് മെഡ് പുറത്ത് പോയത് തിരിച്ചടിയായി എങ്കിലും ആഴ്‌സണൽ ജയം കൈവിട്ടില്ല. അതേസമയം പി.എസ്.ജി, റയൽ മാഡ്രിഡ്, യുവന്റസ് വനിതകളും ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത നേടി.

റെക്കോർഡ് കാണികൾക്ക് മുന്നിൽ ടോട്ടൻഹാമിനെ ഡാർബിയിൽ തകർത്തെറിഞ്ഞു ആഴ്‌സണൽ വനിതകൾ

നോർത്ത് ലണ്ടൻ ചുവന്നു തുടുത്തു തന്നെയാണ് ഇരിക്കുന്നത് എന്നു ഒരിക്കൽ കൂടി തെളിയിച്ചു ആഴ്‌സണൽ വനിതകൾ. ഇംഗ്ലീഷ് വനിത സൂപ്പർ ലീഗ് ചരിത്രത്തിൽ ഏറ്റവും അധികം കാണികൾ എത്തിയ മത്സരത്തിൽ എതിരില്ലാത്ത നാലു ഗോളുകൾക്ക് ആണ് ടോട്ടൻഹാമിനെ ആഴ്‌സണൽ തകർത്തത്. നോർത്ത് ലണ്ടൻ ഡാർബിയിൽ പന്ത് കൈവശം വക്കുന്നതിൽ പൂർണ ആധിപത്യം പുലർത്തിയ ആഴ്‌സണൽ ലക്ഷ്യത്തിലേക്ക് ഉതിർത്ത നാലു ഷോട്ടുകളും ഗോൾ ആക്കി മാറ്റി. എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ എത്തിയ വനിത സൂപ്പർ ലീഗ് മത്സരത്തിന് 47,367 എന്ന റെക്കോർഡ് കാണികൾ ആണ് മത്സരം കാണാൻ എത്തിയത്.

മത്സരത്തിൽ അഞ്ചാം മിനിറ്റിൽ തന്നെ ബെത്ത് മെഡ് ആഴ്‌സണലിന് മുൻതൂക്കം സമ്മാനിച്ചു. തുടർന്ന് ടോട്ടൻഹാം ആഴ്‌സണൽ മുന്നേറ്റത്തിനു മുമ്പിൽ പിടിച്ചു നിന്നു. എന്നാൽ ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടു മുമ്പ് കാറ്റലിൻ ഫോർഡിന്റെ പാസിൽ നിന്നു ഗോൾ നേടിയ വിവിയനെ മിയെദെമ ആഴ്‌സണലിന് രണ്ടാം ഗോൾ സമ്മാനിച്ചു. രണ്ടാം പകുതി തുടങ്ങി 54 മത്തെ മിനിറ്റിൽ മെഡിന്റെ പാസിൽ നിന്നു റാഫയെല സോസ ഗോൾ നേടിയതോടെ ആഴ്‌സണൽ വലിയ ജയം ഉറപ്പിച്ചു. 69 മത്തെ മിനിറ്റിൽ സ്റ്റെഫനി കാറ്റ്ലിയുടെ പാസിൽ നിന്നു തന്റെ രണ്ടാം ഗോളും കണ്ടത്തിയ സൂപ്പർ താരം മിയെദെമ ആഴ്‌സണലിന്റെ വലിയ ജയം പൂർത്തിയാക്കുക ആയിരുന്നു. ലീഗ് കിരീടം ലക്ഷ്യം വക്കുന്ന ആഴ്‌സണലിന് ഈ ജയം വലിയ ആത്മവിശ്വാസം പകരും.

വനിത സൂപ്പർ ലീഗ് നോർത്ത് ലണ്ടൻ ഡാർബിയിൽ റെക്കോർഡ് ടിക്കറ്റ് വിൽപ്പന

ഇംഗ്ലീഷ് വനിത സൂപ്പർ ലീഗ് ചരിത്രത്തിലെ റെക്കോർഡ് കാണികൾ നോർത്ത് ലണ്ടൻ ഡാർബി കാണാൻ ഇന്ന് എത്തും. ഇതിനകം തന്നെ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിന്റെ 51,000 ടിക്കറ്റുകൾ വിറ്റത് ആയി ആഴ്‌സണൽ അറിയിച്ചിട്ടുണ്ട്. 2019 ലെ ടോട്ടൻഹാം സ്റ്റേഡിയത്തിൽ നടന്ന നോർത്ത് ലണ്ടൻ ഡാർബിയിൽ എത്തിയ 38,000 കാണികളുടെ റെക്കോർഡ് ഇന്ന് ഏതായാലും പഴയ കഥ ആവും എന്നുറപ്പാണ്. മുമ്പ് പലപ്പോഴും വനിത ഫുട്‌ബോളിന്റെ വളർച്ചക്ക് ആയി ടിക്കറ്റുകൾ വെറുതെ നൽകിയും വില കുറച്ച് നൽകിയും ആയിരുന്നു ക്ലബുകൾ കാണികളെ സ്റ്റേഡിയത്തിൽ എത്തിച്ചിരുന്നത്.

എന്നാൽ ഇത്തവണ ടിക്കറ്റുകൾ യഥാർത്ഥ വിലക്ക് തന്നെ വിൽക്കുക ആയിരുന്നു. ഇത് തന്നെ വനിത ഫുട്‌ബോളിന്റെ വലിയ സ്വീകാര്യതക്ക് സൂചന ആണെന്ന് ആഴ്‌സണൽ പരിശീലകൻ പ്രതികരിച്ചു. ആഴ്‌സണൽ വനിതകൾ മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി സൂപ്പർ ലീഗ് മത്സരവും എമിറേറ്റ്സിൽ ആണ് കളിക്കുക എന്നതിനാൽ ഈ വർഷം തന്നെ ഈ റെക്കോർഡ് തകർന്നേക്കാനും സാധ്യതയുണ്ട്. യോഗ്യതയിൽ അയാക്‌സിനെ മറികടന്നാൽ ആഴ്‌സണൽ വനിതകൾ തങ്ങളുടെ ചാമ്പ്യൻസ് ലീഗ് മത്സരങ്ങളും എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ ആവും കളിക്കുക.

നിലവിലെ ജേതാക്കളായ ചെൽസിയെ അട്ടിമറിച്ചു വനിത സൂപ്പർ ലീഗിലേക്കുള്ള മടങ്ങിവരവ് ആഘോഷിച്ചു ലിവർപൂൾ

ഇംഗ്ലീഷ് വനിത സൂപ്പർ ലീഗിലേക്ക് പ്രമോഷൻ ലഭിച്ചു വന്നുള്ള തിരിച്ചു വരവിൽ നിലവിലെ ജേതാക്കൾ ആയ ചെൽസിയെ അട്ടിമറിച്ചു ലിവർപൂൾ വനിതകൾ. മൂന്നു പെനാൽട്ടി ഗോളുകൾ കണ്ട മത്സരത്തിൽ 2-1 നു ആണ് ലിവർപൂൾ ചെൽസിയെ അട്ടിമറിച്ചത്. റെക്കോർഡ് കാണികൾക്ക് മുന്നിൽ തുടക്കത്തിൽ ലിവർപൂളിന് പിഴച്ചു. ഒരു മിനിറ്റ് ആവും മുമ്പ് അവർ പെനാൽട്ടി വഴങ്ങി. അനായാസം പെനാൽട്ടി ലക്ഷ്യം കണ്ട ഫ്രാൻ കിർബി ചെൽസിക്ക് മുൻതൂക്കം സമ്മാനിച്ചു. തുടർന്നു അവസരങ്ങൾ മുതലാക്കാൻ ആവാത്തത് ചെൽസിക്ക് തിരിച്ചടിയായി.

രണ്ടാം പകുതിയിൽ മില്ലി ബ്രൈറ്റിന്റെ ഹാന്റ് ബോളിന് ലഭിച്ച പെനാൽട്ടി 67 മത്തെ മിനിറ്റിൽ തന്റെ സൂപ്പർ ലീഗ് അരങ്ങേറ്റത്തിൽ അമേരിക്കൻ താരം കേറ്റി സ്റ്റെൻഗൽ ഗോൾ ആക്കി മാറ്റി. വിജയഗോളിന് ആയി ആക്രമിച്ചു കളിച്ച ലിവർപൂൾ ഒരു പെനാൽട്ടി കൂടി നേടിയപ്പോൾ 87 മത്തെ മിനിറ്റിൽ കേറ്റി ലിവപൂളിന് ജയം സമ്മാനിച്ചു. അടുത്ത ആഴ്ച നടക്കുന്ന എവർട്ടണിനു എതിരായ ഡാർബിക്ക് മുമ്പ് ജയം ലിവർപൂളിന് വലിയ ആത്മവിശ്വാസം പകരും. ഇന്ന് നടന്ന മറ്റ് മത്സരങ്ങളിൽ ആസ്റ്റൺ വില്ല ആവേശപോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ 4-3 വീഴ്ത്തി. അതേസമയം ടോട്ടൻഹാം ലെസ്റ്റർ സിറ്റിയെ 2-1 നു തോൽപ്പിച്ചപ്പോൾ വെസ്റ്റ് ഹാം എവർട്ടണിനെ ഒരു ഗോളിന് മറികടന്നു.

വനിത സൂപ്പർ ലീഗിൽ വമ്പൻ ജയത്തോടെ ആഴ്‌സണൽ തുടങ്ങി

ഇംഗ്ലീഷ് വനിത സൂപ്പർ ലീഗിൽ വമ്പൻ ജയത്തോടെ ആഴ്‌സണൽ സീസൺ ആരംഭിച്ചു. കഴിഞ്ഞ ആഴ്ച മത്സരം മാറ്റി വച്ചതിനെ തുടർന്ന് ഇന്ന് ആയിരുന്നു മത്സരങ്ങൾ തുടങ്ങിയത്. ബ്രൈറ്റൺ വനിതകളെ എതിരില്ലാത്ത നാലു ഗോളുകൾക്ക് ആണ് ആതിഥേയർ തകർത്തത്. മത്സരം തുടങ്ങി ഏഴാം മിനിറ്റിൽ തന്നെ എമ്മ കൽബർഗ് ചുവപ്പ് കാർഡ് കണ്ടത് ആണ് ബ്രൈറ്റണിനു തിരിച്ചടിയായത്. തുടർന്ന് വലിയ ആധിപത്യം പുലർത്തിയ ആഴ്‌സണലിന് ആയി 28 മത്തെ മിനിറ്റിൽ കാറ്റലിൻ ഫോർഡിന്റെ പാസിൽ നിന്നു കിം ലിറ്റിൽ ഗോൾ നേടി.

രണ്ടാം പകുതിയിൽ 50 മത്തെ മിനിറ്റിൽ ബെത്ത് മെഡിന്റെ പാസിൽ നിന്നു സ്റ്റിന ബ്ലാക്ക്സ്റ്റെനിയസ് രണ്ടാം ഗോൾ കണ്ടത്തിയപ്പോൾ തുടർന്നുള്ള രണ്ടു ഗോളുകളും യൂറോ കപ്പിലെ മികച്ച താരമായ ബെത്ത് മെഡിന്റെ വക ആയിരുന്നു. 63 മത്തെ മിനിറ്റിൽ വിവിയനെ മിയെദെമയുടെ പാസിൽ നിന്നു ഗോൾ കണ്ടത്തിയ ബെത്ത് 83 മത്തെ മിനിറ്റിൽ ഗോൾ വേട്ട പൂർത്തിയാക്കുക ആയിരുന്നു. കഴിഞ്ഞ തവണ ഒരു പോയിന്റിന് നഷ്ടമായ കിരീടം തിരിച്ചു പിടിക്കാൻ ആണ് ആഴ്‌സണൽ വനിതകൾ ഇത്തവണ ശ്രമിക്കുന്നത്.

കേരള വനിതാ ലീഗ്; അവസാന മിനുട്ടിലെ ഗോളിൽ ബാസ്കോ എഫ് സിക്ക് ജയം

കേരള വനിതാ ലീഗ്; ബാസ്കോ എഫ് സിക്ക് വിജയം. ഇന്ന് കേരള യുണൈറ്റഡിനെ നേരിട്ട ബാസ്കോ ഒതുക്കുങ്ങൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. ഇന്ന് ആദ്യ പകുതിയിൽ പതിനേഴാം മിനുട്ടിൽ ക്യാപ്റ്റൻ കൃഷ്ണപ്രിയയുടെ ഗോളിൽ ബാസ്കോ ലീഡ് എടുത്തു. ഇതിന് മറുപടി ഗോൾ വന്നത് ഏറെ വൈകി ആയിരുന്നു.

79ആം മിനുട്ടിൽ ആണ് കേരള യുണൈറ്റഡ് സമനില കണ്ടെത്തിയത്‌. ബേബി ലാൽചന്ദമി ആയിരുന്നു കേരള യുണൈറ്റഡിനായി ഗോൾ നേടിയത്‌. കളി സമനിലയിലേക്ക് പോവുകയാണ് എന്ന് തോന്നിയ സമയത്ത് ഇഞ്ച്വറി ടൈമിന്റെ രണ്ടാം മിനുട്ടിൽ ദിവ്യ കൃഷ്ണയിലൂടെ ബാസ്കോ ഒതുക്കുങ്ങൽ വിജയ ഗോൾ നേടി. ബാസ്കോയ്ക്ക് 12 പോയിന്റും കേരള യുണൈറ്റഡിന് 9 പോയിന്റുമാണ് ലീഗിൽ ഉള്ളത്‌

സാഫ് കപ്പിൽ ബംഗ്ലാദേശിന് എതിരെ ഇന്ത്യക്ക് ഞെട്ടിക്കുന്ന തോൽവി

സാഫ് കപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഇന്ത്യക്ക് ഞെട്ടിക്കുന്ന പരാജയം. ബംഗ്ലാദേശിനെ നേരിട്ട ഇന്ത്യ എതിരില്ലാത്ത മൂന്ന് ഗോളുകളുടെ പരാജയമാണ് ഏറ്റുവാങ്ങിയത്. ഇത്തരം ഒരു പരാജയം ഇന്ത്യൻ ടീം പ്രതീക്ഷിച്ചിരുന്നില്ല. ആദ്യ പകുതിയിൽ തന്നെ ഇന്ത്യൻ രണ്ട് ഗോളുകൾക്ക് പിറകിൽ പോയി. 12ആം മിനുട്ടിൽ ജഹാൻ ഷോപ്ന ആണ് ബംഗ്ലകൾക്ക് ലീഡ് നൽകിയത്.

22ആം മിനുട്ടിൽ സ്രിമൊതി സർക്കാർ ലീഡ് ഇരട്ടിയാക്കി. രണ്ടാം പകുതിയിൽ വീണ്ടും ഷോപ്ന ഗോൾ നേടിയതോടെ പരാജയം പൂർത്തിയായി. പരാജയപ്പെട്ടു എങ്കിലും ഇന്ത്യ സെമി ഫൈനൽ നേരത്തെ ഉറപ്പിച്ചിരുന്നു. സെമി ഫൈനലിൽ നേപ്പാൾ ആകും ഇന്ത്യയുടെ എതിരാളികൾ. ബംഗ്ലാദേ് ഭൂട്ടാനെയും നേരിടും

മാൽഡീവ്സിന്റെ വലനിറച്ച് ഇന്ത്യ, 9 ഗോളുകളുടെ വിജയം

സാഫ് കപ്പിന്റെ രണ്ടാം മത്സരത്തിലും ഇന്ത്യക്ക് വിജയം. ആദ്യ മത്സരത്തിൽ പാകിസ്താനെ പരാജയപ്പെടുത്തിയ ഇന്ത്യ ഇന്ന് മാൾഡീവ്സിന്റെ വലയിലേക്ക് 9 ഗോളുകൾ ആണ് അടിച്ചു കൂട്ടിയത്‌‌. അഞ്ജു തമാംഗ് നാലു ഗോളുകളുമായി താരമായി മാറി.

മത്സരത്തിന്റെ അഞ്ചാം മിനുട്ടിൽ അഞ്ജു തമാംഗിന്റെ ഒരു ഗംഭീര സ്ട്രൈക്കിൽ നിന്നായിരുന്നു ഇന്ത്യ ഗോളടി തുടങ്ങിയത്‌. 42ആം മിനുട്ടിൽ കേരള ബ്ലാസ്റ്റേഴ്സ് താരം പ്രിയങ്കയുടെ ഒരു ലോങ് റേഞ്ചർ രണ്ടാം ഗോളായി മാറി. ആദ്യ പകുതിയുടെ അവസാനം അഞ്ജു ഒരു ഗോൾ കൂടെ നേടിയതോടെ ആദ്യ പകുതിയുടെ അവസാനത്തിൽ 3-0ന് ഇന്ത്യ ലീഡിൽ നിന്നു.

രണ്ടാം പകുതിയിൽ ഗോളടിയുടെ വേഗത കൂടി. 53ആം മിനുട്ടിൽ ഗ്രേസ്, 55ആം മിനുട്ടിൽ സൗമ്യയും ഹോൾ നേടി. ഇന്ത്യ 5-0ന് മുന്നിൽ. പിന്നീട് 84ആം മിനുട്ടിൽ കാഷ്മിനയുടെ ഗോൾ. സ്കോർ ആറിലേക്ക് എത്തിച്ചു. പിന്നാലെ അഞ്ജു തമാംഗിന്റെ ഹാട്രിക്ക് ഗോൾ വന്നു.

അതിനു ശേഷം ഗ്രേസും അഞ്ജുവും വീണ്ടും ഗോൾ നേടിയതോടെ ഇന്ത്യയുടെ ജയം പൂർത്തിയായി.

സ്പാനിഷ് വനിതാ ലീഗ് സംപ്രേഷണം ഏറ്റെടുത്ത് DAZN ഗ്രൂപ്പ്

സ്പാനിഷ് വനിതാ ഫുട്ബോളിലെ വലിയ ചുവട് വെപ്പുകളിൽ ഒന്നായി വനിതാ ലീഗിലെ ആദ്യ ഡിവിഷനിലെ സംപ്രേഷണാവകാശം ഡിഎസെഡ്എൻ(DAZN) ഏറ്റെടുത്തു. മുപ്പത്തിയഞ്ചു മില്യൺ യൂറോക്കാണ് അടുത്ത അഞ്ച് വർഷത്തെ സംപ്രേക്ഷണാവകാശം ഇവർ നേടിയെടുത്തത്. ഇതോടെ ഈ സീസൺ മുതൽ 2026/27 വരെയുള്ള എല്ലാ മത്സരങ്ങളും കാണികൾക്ക് മുന്നിൽ എത്തിക്കാൻ DAZNനാവും. മാച്ച് അനാലിസിസ്, കൂടുതൽ ക്യാമറകൾ അടക്കം എല്ലാം ഉൾപ്പെടുത്തി മൊത്തത്തിൽ ലീഗിന്റെ മുഖച്ഛായ തന്നെ മാറ്റാൻ ആണ് ലീഗിന്റെ നടത്തിപ്പുകാർ ആയ എൽപിഎഫ്എഫ്ന്റെയും ഡിഎസെഡ്എന്നിന്റെയും തീരുമാനം.

നേരത്തെ ഇംഗ്ലീഷ് വിമെൻസ് സൂപ്പർ ലീഗ് നിലവിൽ സ്കൈ സ്പോർട്സ് അടക്കമുള്ള പല ഗ്രൂപ്പുകളും കാണികൾക്ക് മുന്നിൽ എത്തിക്കുന്നുണ്ട്. കൂടാതെ വിമൻസ് ചാമ്പ്യൻസ് ലീഗ് ഡിഎസെഡ്എൻ ഗ്രൂപ്പ് തന്നെ യൂട്യൂബിലൂടെ തികച്ചും സൗജന്യമായി കാണികൾക്ക് മുന്നിൽ എത്തിച്ചിരുന്നു. ലീഗിന്റെ സംപ്രേഷണം കൂടി ഇവർ ഏറ്റെടുക്കതോടെ ലോകം മുഴുവൻ ഉള്ള ആരാധകർക്ക് തങ്ങളുടെ ടീമിന്റെ മത്സരം കാണാൻ ആവും. എന്നാൽ ചാമ്പ്യൻസ് ലീഗ് പോലെ സൗജന്യമായി കാണാൻ കഴിഞ്ഞേക്കില്ല.

Exit mobile version