വീണ്ടും സാം കെർ, ചെൽസി വനിതകൾ വീണ്ടും എഫ്.എ കപ്പ് ഫൈനലിൽ

തുടർച്ചയായ മൂന്നാം വർഷവും എഫ്.എ കപ്പ് ഫൈനലിലേക്ക് മുന്നേറി ചെൽസി വനിതകൾ. നിലവിലെ ജേതാക്കൾ ആയ അവർ ആസ്റ്റൺ വില്ലയെ എതിരില്ലാത്ത ഒരു ഗോളിന് ആണ് തോൽപ്പിച്ചത്. ഗോൾ രഹിതമായ ആദ്യ പകുതിയിൽ ചെൽസി അവസരങ്ങൾ സൃഷ്ടിച്ചപ്പോൾ ഇടക്ക് വില്ലയും ചെൽസിയെ പരീക്ഷിച്ചു.

രണ്ടാം പകുതി തുടങ്ങിയ ഉടൻ തന്നെ ഒരു ചെൽസി ശ്രമം ബാറിൽ തട്ടി മടങ്ങി. 59 മത്തെ മിനിറ്റിൽ സീസണിലെ 24 മത്തെ ഗോൾ കണ്ടത്തിയ സാം കെർ ചെൽസിക്ക് ജയം സമ്മാനിക്കുക ആയിരുന്നു. ഗുറോ റെയ്റ്റന്റെ ക്രോസിൽ നിന്നായിരുന്നു കെറിന്റെ ഗോൾ. അവസാന നിമിഷങ്ങളിൽ വില്ലക്ക് സമനിലക്ക് ആയുള്ള അവസരം ലഭിച്ചെങ്കിലും അവർ അത് മുതലാക്കിയില്ല.ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വനിതകളെ ആണ് ചെൽസി വനിതകൾ നേരിടുക.

ത്രില്ലറിൽ ബ്രൈറ്റണിനെ വീഴ്ത്തി മാഞ്ചസ്റ്റർ യുണൈറ്റഡ് വനിതകൾ ചരിത്രത്തിലെ ആദ്യ എഫ്.എ കപ്പ് ഫൈനലിൽ

എഫ്.എ കപ്പ് സെമിഫൈനലിൽ ബ്രൈറ്റണിനെ വീഴ്ത്തി മാഞ്ചസ്റ്റർ യുണൈറ്റഡ് വനിതകൾ. 5 ഗോളുകൾ പിറന്ന ത്രില്ലറിൽ അവസാന മിനിറ്റിൽ പിറന്ന ഗോളിൽ ആണ് യുണൈറ്റഡ് വെമ്പ്ളിയിലേക്ക് ടിക്കറ്റ് എടുത്തത്. യുണൈറ്റഡ് ആധിപത്യം കണ്ട മത്സരത്തിൽ മേരി ഇർപ്സിന്റെ സെൽഫ്‌ ഗോളിൽ 36 മത്തെ മിനിറ്റിൽ ബ്രൈറ്റൺ ആണ് മുന്നിൽ എത്തിയത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ലിയ ഗാൽറ്റന്റെ ഗോളിൽ യുണൈറ്റഡ് സമനില പിടിച്ചു.

71 മത്തെ മിനിറ്റിൽ സൂപ്പർ താരം അലസിയോ റൂസോ കേറ്റി സലമിന്റെ പാസിൽ നിന്നു ഗോൾ നേടിയതോടെ യുണൈറ്റഡ് മത്സരത്തിൽ മുന്നിലെത്തി. എന്നാൽ നാലു മിനിറ്റിനുള്ളിൽ ഡാനിയേല കാർട്ടറിലൂടെ ബ്രൈറ്റൺ തിരിച്ചടിച്ചു. തുടർന്ന് 89 മത്തെ മിനിറ്റിൽ കേറ്റി സലമിന്റെ പാസിൽ നിന്നു ആവേശകരമായ വിജയഗോൾ റേച്ചൽ വില്യംസ് നേടുക ആയിരുന്നു. ചരിത്രത്തിൽ ഇത് ആദ്യമായാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വനിതകൾ ഒരു പ്രധാന ടൂർണമെന്റിന്റെ ഫൈനലിൽ എത്തുന്നത്. ഫൈനലിൽ ചെൽസി, ആസ്റ്റൺ വില്ല മത്സരവിജയിയെ ആവും അവർ നേരിടുക.

സെറീന വിങ്മാനു കീഴിൽ ആദ്യ പരാജയം ഏറ്റുവാങ്ങി ഇംഗ്ലണ്ട് വനിതകൾ

സെറീന വിങ്മാൻ ഇംഗ്ലണ്ട് പരിശീലക സ്ഥാനം ഏറ്റെടുത്ത ശേഷം ആദ്യ പരാജയം ഏറ്റു വാങ്ങി ഇംഗ്ലണ്ട് വനിതകൾ. 30 മത്സരങ്ങൾക്ക് ശേഷം ഇത് ആദ്യമായാണ് യൂറോ കപ്പ് ജേതാക്കൾ പരാജയം ഏറ്റുവാങ്ങുന്നത്. ഓസ്‌ട്രേലിയക്ക് എതിരെ 2-0 ന്റെ പരാജയം ആണ് ഇംഗ്ലണ്ട് ഏറ്റുവാങ്ങിയത്. കനത്ത മഴയിൽ നടന്ന മത്സരത്തിൽ ഇംഗ്ലണ്ട് പരാജയം സമ്മാനിക്കുക ആയിരുന്നു.

ആദ്യ പകുതിയിൽ ക്യാപ്റ്റൻ ലെയ വില്യംസന്റെ പിഴവ് മുതലെടുത്ത് സാം കെർ ഗോൾ നേടിയപ്പോൾ രണ്ടാം പകുതിയിൽ ചാർലറ്റ് ഗ്രാന്റിന്റെ ഷോട്ട് ഇംഗ്ലണ്ട് താരത്തിന്റെ ദേഹത്ത് ഗോൾ ആവുക ആയിരുന്നു. ഇംഗ്ലണ്ടിന് ലഭിച്ച മികച്ച രണ്ടു അവസരങ്ങളും ഗോൾ ആക്കി മാറ്റാൻ അലസിയ റൂസോക്ക് ആവാത്തതോടെ ഇംഗ്ലണ്ട് പരാജയം സമ്മതിച്ചു. ലോകകപ്പിനു ഒരുങ്ങുന്ന ഇംഗ്ലണ്ട് ടീമിന് പരാജയം മുന്നറിയിപ്പ് തന്നെയാണ്.

തിരിച്ചു വന്നു മാഞ്ചസ്റ്റർ സിറ്റിയെ തോൽപ്പിച്ചു ആഴ്‌സണൽ വനിതകൾ! കിരീട പോരാട്ടം തീ പാറും!

വനിത സൂപ്പർ ലീഗിൽ നിർണായക പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ സ്വന്തം മൈതാനത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു ആഴ്‌സണൽ. അഞ്ചാം നിമിഷം മത്സരത്തിൽ പുറകിൽ നിന്ന ശേഷമാണ് ആഴ്‌സണൽ മത്സരത്തിൽ തിരിച്ചു വന്നു ജയിച്ചത്. ജയത്തോടെ 16 മത്സരങ്ങളിൽ നിന്നു 38 പോയിന്റുകളും ആയി ആഴ്‌സണൽ ലീഗിൽ രണ്ടാമത് എത്തി. ഒരു മത്സരം അധികം കളിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് 3 പോയിന്റുകൾ മുന്നിൽ ഒന്നാമത് നിൽക്കുമ്പോൾ മാഞ്ചസ്റ്റർ സിറ്റി മൂന്നാമതും ചെൽസി നാലാമതും ആണ്. ഈ നാലു ടീമുകളും തമ്മിൽ കിരീട പോരാട്ടത്തിന് കടുത്ത പോരാട്ടം ആണ് ഇംഗ്ലണ്ടിൽ നടക്കുന്നത്.

മത്സരത്തിൽ അഞ്ചാം മിനിറ്റിൽ ചാമ്പ്യൻസ് ലീഗ് സെമിഫൈനൽ പ്രവേശനവും ആയി എത്തിയ ആഴ്‌സണലിനെ സിറ്റി ഞെട്ടിച്ചു. കെല്ലിയുടെ പാസിൽ നിന്നു ഷോ ഗോൾ നേടി. എന്നാൽ രണ്ടാം പകുതിയിൽ ആഴ്‌സണലിന്റെ ഉഗ്രൻ തിരിച്ചു വരവ് കാണാൻ ആയി. ചാമ്പ്യൻസ് ലീഗിൽ ബയേണിന് എതിരെ ലോകോത്തര ഗോൾ നേടിയ ഫ്രിദ മാനം ഇത്തവണ 62 മത്തെ മിനിറ്റിൽ കേറ്റി മകബെയുടെ പാസിൽ നിന്നു ഗോൾ നേടി. തുടർന്ന് 74 മത്തെ മിനിറ്റിൽ ഫ്രിദ മാനം അവസരം ഒരുക്കിയപ്പോൾ കേറ്റി മകബെ ആഴ്‌സണൽ ജയം പൂർത്തിയാക്കി. പ്രധാന താരങ്ങൾ വലിയ പരിക്കേറ്റു പുറത്തായിട്ടും ആഴ്‌സണൽ വനിതകൾ സീസണിൽ അവിശ്വസനീയ പ്രകടനം തന്നെയാണ് പുറത്ത് എടുക്കുന്നത്.

തുടർച്ചയായി 50 ലീഗ് വിജയങ്ങൾ; ചരിത്രം തിരുത്തി കുറിച്ച് ബാഴ്സലോണ വനിതാ ടീം

സമീപകാലത്ത് വമ്പൻ ഫോമിൽ മുന്നേറുന്ന ബാഴ്സലോണ ഫെമെനി വീണ്ടും ചരിത്രം തിരുത്തി കുറിക്കുന്നു. കഴിഞ്ഞ ദിവസം ലെവാന്റെ ലാസ് പ്ലാനാസിനെ കീഴടക്കിയ ടീം, ഫുട്ബോൾ ചരിത്രത്തിൽ ആദ്യമായി തുടർച്ചയായ അൻപത് ലീഗ് വിജയങ്ങൾ നേടുന്ന ടീമായി മാറി. മത്സരത്തിൽ ഏഴു ഗോൾ കുറിച്ച ടീമിനായി മുന്നേറ്റ താരം ഓശ്വാല ഹാട്രിക്കും കണ്ടെത്തി. നേരത്തെ ഏറ്റവും കൂടുതൽ തുടർ വിജയങ്ങൾ എന്ന റെക്കോർഡും ബാഴ്‌സലോണ തകർത്തിരുന്നു. 46 വിജയങ്ങളുമായി ലിയോൺ ആയിരുന്നു റെക്കോർഡ് കൈവശം വെച്ചിരുന്നത്. 2011നും 2014 നും ഇടയിൽ ആയിരുന്നു ഫ്രഞ്ച് ടീമിന്റെ കുതിപ്പ്. മുൻപ് ആഴ്‌സനൽ 2003-’09 കാലത്ത് 51 തുടർവിജയങ്ങൾ അടക്കം നൂറ്റിയെട്ടു മത്സരങ്ങൾ ലീഗിൽ തോൽവി അറിയാതെ മുന്നേറിയിരുന്നെങ്കിലും അന്ന് ഒരു പ്രൊഫഷണൽ രീതിയിലേക്ക് ലീഗ് മാറിയിരുന്നില്ല.

2021 ജൂണിൽ അത്ലറ്റികോ മാഡ്രിഡുമായുള്ള മത്സരത്തിലാണ് ബാഴ്‌സലോണ അവസാനമായി തോൽവി അറിഞ്ഞത്. പിന്നീട് ഇതുവരെ ടീം വിജയക്കുതിപ്പ് തുടരുകയാണ്. കഴിഞ്ഞ സീസണിൽ എല്ലാ മത്സരങ്ങളും വിജയിച്ചു ചരിത്രം കുറിച്ച ടീം ഇത്തവണയും പതിനഞ്ച് മത്സരങ്ങൾ കഴിയുമ്പോൾ അജയ്യരാണ്. ഇത്രയും മത്സരങ്ങളിൽ നിന്നും അഞ്ച് ഗോൾ ശരാശരിയിൽ 247 ഗോളുകൾ എതിർ പോസ്റ്റിൽ നിറച്ചപ്പോൾ ആകെ 19 എണ്ണം മാത്രമാണ് വഴങ്ങേണ്ടി വന്നത്. കഴിഞ്ഞ വർഷം റയലുമായുള്ള മത്സരത്തിൽ തൊണ്ണൂറായിരം കാണികളെ ക്യാമ്പ്ന്യൂവിലേക്ക് ആകർഷിച്ച ടീം, താരാരാധനയുടെ കാര്യത്തിൽ ഒട്ടും പിറകിൽ അല്ലെന്ന് തെളിയിച്ചിരുന്നു.

മിയെദെമ മാജിക്! എവർട്ടണിനെ തോൽപ്പിച്ചു ആഴ്‌സണൽ

ഇംഗ്ലീഷ് വനിത സൂപ്പർ ലീഗിൽ വിജയവഴിയിൽ തിരിച്ചെത്തി ആഴ്‌സണൽ. കഴിഞ്ഞ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനോട് ലീഗിൽ അപ്രതീക്ഷിത തോൽവി വഴങ്ങിയ ആഴ്‌സണൽ വനിതകൾ ഇന്ന് എവർട്ടണിനെ എതിരില്ലാത്ത ഒരു ഗോളിന് ആണ് മറികടന്നത്. കാറ്റലിൻ ഫോർഡിന്റെ പാസിൽ നിന്നു 24 മത്തെ മിനിറ്റിൽ ഡച്ച് സൂപ്പർ താരം വിവിയനെ മിയെദെമ ആണ് ആഴ്‌സണലിന്റെ ഗോൾ നേടിയത്.

ബോക്‌സിൽ ലഭിച്ച പന്ത് വരുതിയിൽ ആക്കിയ ശേഷം പ്രതിരോധ താരങ്ങളെ ഡ്രിബിളിങ് മികവ് കൊണ്ടു മറികടന്ന ശേഷം മിയെദെമ ഉഗ്രൻ ഷോട്ട് ഉതിർക്കുക ആയിരുന്നു. ജയത്തോടെ രണ്ടാമതുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിനു ഒപ്പം തുല്യപോയിന്റുകളും ആയി ആഴ്‌സണൽ മൂന്നാം സ്ഥാനത്ത് ആണ്. ഇന്നത്തെ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് 5-0 ആസ്റ്റൺ വില്ലയെ മറികടന്നിരുന്നു. ഇവരെക്കാൾ ഒരു മത്സരം അധികം കളിച്ച ചെൽസി ആണ് നിലവിൽ ലീഗിൽ ഒന്നാമത്.

ആഴ്‌സണലിന് കനത്ത തിരിച്ചടി, ബെത്ത് മീഡിനു പരിക്ക് മൂലം ഈ സീസൺ നഷ്ടമാവും

ആഴ്‌സണൽ വനിതകളുടെ ഇംഗ്ലീഷ് താരം ബെത്ത് മീഡിനു എ.സി.എൽ പരിക്ക് കാരണം ഈ സീസൺ മുഴുവൻ നഷ്ടമാവും. യൂറോ കപ്പിൽ ടൂർണമെന്റിലെ താരവും ടോപ്പ് സ്കോററും ആയ മീഡ് ആണ് ഇംഗ്ലണ്ടിന് കിരീടം നേടി നൽകിയത്.

സീസണിൽ ഇത് വരെ 5 ഗോളുകൾ നേടിയ മീഡ് സീസണിൽ ആഴ്‌സണലിന്റെ മാഞ്ചസ്റ്റർ യുണൈറ്റഡിനു എതിരായ ആദ്യ പരാജയത്തിൽ ആണ് പരിക്കേറ്റത്. താരത്തിന്റെ എ.സി.എൽ പരിക്ക് ആഴ്‌സണൽ ആണ് പുറത്ത് വിട്ടത്. ഇതോടെ താരം ഉടൻ ശസ്ത്രക്രിയക്ക് വിധേയമാവും. താരത്തിന് ചിലപ്പോൾ അടുത്ത വർഷത്തെ ലോകകപ്പും നഷ്ടമായേക്കും.

ത്രില്ലറിൽ ആഴ്‌സണലിന്റെ അപരാജിത കുതിപ്പിന് അന്ത്യം കുറിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് വനിതകൾ

വനിത സൂപ്പർ ലീഗിൽ ആഴ്‌സണലിന്റെ വിജയകുതിപ്പിന് അന്ത്യം കുറിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് വനിതകൾ. ഏതാണ്ട് 40,000 തിൽ അധികം കാണികൾക്ക് മുന്നിൽ എമിറേറ്റ്‌സിൽ സീസണിലെ ഏഴാം ജയം ലക്ഷ്യമിട്ട് ഇറങ്ങിയ ആഴ്‌സണലിന് 5 ഗോൾ ത്രില്ലറിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനോട് പരാജയം സമ്മതിക്കേണ്ടി വരിക ആയിരുന്നു. 14 മത്സരങ്ങളുടെ തുടർച്ചയായ ആഴ്‌സണൽ ജയത്തിനു ആണ് ഇന്ന് അന്ത്യം ഉണ്ടായത്. മാഞ്ചസ്റ്റർ യുണൈറ്റഡ് വനിതകൾക്ക് നേരിയ ആധിപത്യം ഉണ്ടായിരുന്ന മത്സരത്തിൽ ആദ്യ പകുതിയിൽ 39 മത്തെ മിനിറ്റിൽ എല്ല ടൂൺ അവർക്ക് മുൻതൂക്കം നൽകി. എന്നാൽ രണ്ടാം പകുതി തുടങ്ങിയ ഉടൻ തന്നെ ബെത്ത് മീഡിന്റെ പാസിൽ നിന്നു ഫ്രിദ മാനം ആഴ്‌സണലിന് സമനില നൽകി. ഫ്രിദയുടെ ഷോട്ട് യുണൈറ്റഡ് താരത്തിന്റെ ദേഹത്ത് തട്ടി ഗോൾ ആവുക ആയിരുന്നു.

തുടർന്ന് മത്സരത്തിൽ ആധിപത്യം നേടിയ ആഴ്‌സണൽ 73 മത്തെ കേറ്റി മകെബയുടെ പാസിൽ നിന്നു ലൗറ വിൻറോയിത്തറിന്റെ ഗോളിൽ മുന്നിലെത്തി. ക്ലബിന് ആയി താരം നേടുന്ന ആദ്യ ഗോൾ ആയിരുന്നു ഇത്. എന്നാൽ അവസാന നിമിഷങ്ങളിൽ മത്സരം ആഴ്‌സണലിൽ നിന്നു തട്ടിയെടുക്കുന്ന യുണൈറ്റഡിനെ ആണ് പിന്നീട് കണ്ടത്. കേറ്റി സലമിന്റെ ക്രോസിൽ നിന്നു ഹെഡറിലൂടെ ഗോൾ നേടിയ മില്ലി ടർണർ അവർക്ക് സമനില സമ്മാനിച്ചു. തുടർന്ന് ഇഞ്ച്വറി സമയത്ത് 91 മത്തെ മിനിറ്റിൽ കേറ്റി സലമിന്റെ തന്നെ പാസിൽ നിന്നു ഗോൾ കണ്ടത്തിയ അലസ്സിയ റൂസ്സോ മാഞ്ചസ്റ്റർ യുണൈറ്റഡിനു നാടകീയ ജയം സമ്മാനിക്കുക ആയിരുന്നു. പരാജയപ്പെട്ടു എങ്കിലും ആഴ്‌സണൽ തന്നെയാണ് ലീഗിൽ ഒന്നാം സ്ഥാനത്ത്, ഒരേ പോയിന്റുകൾ ഉള്ള യുണൈറ്റഡ് രണ്ടാം സ്ഥാനത്ത് ആണ് നിലവിൽ.

ബിബിസിയുടെ ഈ വർഷത്തെ മികച്ച വനിത ഫുട്‌ബോൾ താരമായി ആഴ്‌സണലിന്റെ ബെത്ത് മീഡ്

ബിബിസിയുടെ 2022 ലെ ഏറ്റവും മികച്ച വനിത ഫുട്‌ബോൾ താരമായി ആഴ്‌സണലിന്റെ ഇംഗ്ലീഷ് താരം ബെത്ത് മീഡ് തിരഞ്ഞെടുക്കപ്പെട്ടു. 27 കാരിയായ താരം ഇംഗ്ലണ്ട് കിരീടം നേടിയ യൂറോ കപ്പിൽ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. യൂറോ കപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയതും ബെത്ത് തന്നെയായിരുന്നു.

ഈ വർഷത്തെ ബാലൻ ഡിയോർ കുറഞ്ഞ വോട്ടുകൾക്ക് ആണ് ഇംഗ്ലീഷ് താരത്തിന് നഷ്ടമായത്. കഴിഞ്ഞ സീസണിൽ ആഴ്‌സണലിന്റെ മികവിനും ബെത്ത് തന്നെയാണ് പ്രധാന പങ്ക് വഹിച്ചത്. നേട്ടത്തിൽ സന്തോഷം പ്രകടിപ്പിച്ച ബെത്ത് തന്റെ സഹതാരങ്ങൾക്ക് നന്ദിയും രേഖപ്പെടുത്തി. ചെൽസിയുടെ സാം കെർ രണ്ടാമത് എത്തിയപ്പോൾ ബാലൻ ഡിയോർ ജേതാവ് ബാഴ്‌സലോണയുടെ അലക്സിയ പുതലസ് മൂന്നാമത് എത്തി.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയകുതിപ്പ് അവസാനിപ്പിച്ചു ചെൽസി വനിതകൾ

വനിത സൂപ്പർ ലീഗിൽ പരാജയം അറിയാതെയുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് വനിതകളുടെ വിജയകുതിപ്പ് അവസാനിപ്പിച്ചു ചെൽസി വനിതകൾ. ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ആണ് ചെൽസി തോൽപ്പിച്ചത്. രണ്ടാം പകുതിയിൽ ആണ് ഗോളുകൾ പിറന്നത്. 60 മത്തെ മിനിറ്റിൽ സോഫിയുടെ പാസിൽ നിന്നു ഉഗ്രൻ ഷോട്ടിലൂടെ സാം കെർ ആണ് ചെൽസിക്ക് മുൻതൂക്കം നൽകിയത്.

തുടർന്ന് നാലു മിനിറ്റുകൾക്ക് ശേഷം സാം കെറിന്റെ പാസിൽ നിന്നു ലൗറൻ ജെയിംസ് ചെൽസിയുടെ രണ്ടാം ഗോൾ നേടി. 71 മത്തെ മിനിറ്റിൽ എല്ല ടൂണിന്റെ പാസിൽ നിന്നു അലസിയ റൂസോ യുണൈറ്റഡിനു ആയി ഒരു ഗോൾ മടക്കി. ഇഞ്ച്വറി സമയത്ത് 92 മത്തെ മിനിറ്റിൽ എറിൻ ചെൽസി ജയം പൂർത്തിയാക്കുക ആയിരുന്നു. നിലവിൽ 7 മത്സരങ്ങളിൽ നിന്നു 18 പോയിന്റുകൾ നേടിയ ചെൽസി ലീഗിൽ രണ്ടാമത് ആണ്. ഒരു മത്സരം ചെൽസിയെക്കാൾ കുറച്ച് കളിച്ച ആഴ്‌സണൽ ആണ് ലീഗിൽ ഒന്നാമത്. മാഞ്ചസ്റ്റർ യുണൈറ്റഡ് ആവട്ടെ മൂന്നാം സ്ഥാനത്തും.

ബ്രൈറ്റണിനെയും തകർത്തു ആഴ്‌സണൽ വനിതകൾ, ലീഗിൽ ഒന്നാം സ്ഥാനത്ത്

വനിത സൂപ്പർ ലീഗിൽ അവസാന സ്ഥാനക്കാർ ആയ ബ്രൈറ്റണിനെ എതിരില്ലാത്ത നാലു ഗോളുകൾക്ക് തകർത്തു ആഴ്‌സണൽ വനിതകൾ വിജയകുതിപ്പ് തുടരുന്നു. സീസണിൽ ആറാം മത്സരത്തിലും ജയിച്ച അവർ നിലവിൽ ഒരു മത്സരം കുറവ് കളിച്ച മാഞ്ചസ്റ്റർ യുണൈറ്റഡിനെക്കാൾ മൂന്നു പോയിന്റുകൾ മുന്നിൽ ആണ്. ഇന്ന് ചെൽസിയെ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നേരിടുക.

ആഴ്‌സണൽ വലിയ ആധിപത്യം കാണിച്ച മത്സരത്തിൽ ആദ്യ പകുതിയിൽ ആഴ്‌സണൽ മൂന്നു ഗോളുകൾക്ക് മുന്നിലെത്തി. 13 മത്തെ മിനിറ്റിൽ ഫ്രിദ മാനം, 22 മത്തെ മിനിറ്റിൽ ബെത്ത് മീഡിന്റെ മനോഹര പാസിൽ നിന്നു കാറ്റിലിൻ ഫോർഡ്, 37 മത്തെ മിനിറ്റിൽ സ്റ്റെഫനി കാറ്റിലി എന്നിവർ ആണ് ആഴ്‌സണലിന്റെ ഗോളുകൾ നേടിയത്. രണ്ടാം പകുതിയിൽ വൂബൻ-മോയിയുടെ പാസിൽ നിന്നു സ്റ്റിന ബ്ലാക്സ്റ്റിനിയസ് ആഴ്‌സണൽ ജയം പൂർത്തിയാക്കുക ആയിരുന്നു.

വനിത സൂപ്പർ ലീഗ് റെക്കോർഡ് തിരുത്തി ആഴ്‌സണൽ വനിതകളുടെ കുതിപ്പ്

വനിത സൂപ്പർ ലീഗിൽ തുടർച്ചയായി 13 ജയങ്ങൾ കുറിച്ചു റെക്കോർഡ് തിരുത്തി ആഴ്‌സണൽ വനിതകളുടെ കുതിപ്പ്. വെസ്റ്റ് ഹാമിനു എതിരെ തിരിച്ചു വന്നു ജയം കാണുക ആയിരുന്നു ആഴ്‌സണൽ. ആഴ്‌സണൽ ആധിപത്യം കാണാൻ ആയ മത്സരത്തിൽ വെസ്റ്റ് ഹാം ആണ് മുന്നിലെത്തിയത്. 35 മത്തെ മിനിറ്റിൽ ഡാഗ്നി വെസ്റ്റ് ഹാമിനു ആയി ഗോൾ നേടി. ലീഗിൽ 15 മണിക്കൂറിനു ശേഷമാണ് ആഴ്‌സണൽ ഒരു ഗോൾ വഴങ്ങിയത്.

പരിക്കേറ്റു പുറത്ത് പോയ കിം ലിറ്റിലിന് പകരക്കാരിയായി എത്തിയ ജോർദൻ നോബ്‌സ് 42 മത്തെ മിനിറ്റിൽ ആഴ്‌സണലിന് സമനില നൽകി. താരത്തിന്റെ ലീഗിലെ 51 മത്തെ ഗോൾ ആയിരുന്നു ഇത്. രണ്ടാം പകുതിയിൽ ആധിപത്യം ഗോളുകളാക്കി മാറ്റി ആഴ്‌സണൽ. സ്റ്റെഫനി കാറ്റ്ലിയുടെ പാസിൽ നിന്നു സ്റ്റിന ബ്ലാക്ക്സ്റ്റെനിയസ് 53 മത്തെ മിനിറ്റിലും കാറ്റി മകബെയുടെ പാസിൽ നിന്നു ഫ്രിദ മാനം 70 മത്തെ മിനിറ്റിലും ആഴ്‌സണലിന് വിജയഗോളുകൾ സമ്മാനിച്ചു. ജയത്തോടെ 5 കളികളിൽ നിന്നു 15 പോയിന്റുകൾ നേടി ആഴ്‌സണൽ 1 ഗോൾ വ്യത്യാസത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വനിതകൾക്ക് പിറകിൽ രണ്ടാമത് ആണ്, അതേസമയം ഏഴാം സ്ഥാനത്ത് ആണ് വെസ്റ്റ് ഹാം.

Exit mobile version