ഇതിഹാസതാരം മേഗൻ റപീനോ വിരമിക്കൽ പ്രഖ്യാപിച്ചു

ഫുട്‌ബോളിൽ നിന്നു വിരമിക്കൽ പ്രഖ്യാപിച്ചു അമേരിക്കൻ ഇതിഹാസതാരം മേഗൻ റപീനോ. ഈ വരുന്ന ലോകകപ്പ് തന്റെ അവസാന ലോകകപ്പ് ആണ് എന്ന് പ്രഖ്യാപിച്ച 38 കാരിയായ താരം ഈ യു.എസ് ലീഗ് സീസണിനു ശേഷം താൻ വിരമിക്കും എന്നും കൂട്ടിച്ചേർത്തു. ഒക്ടോബർ 6 നു നടക്കുന്ന ഒ.എൽ റെയിന് ആയുള്ള അവസാന ലീഗ് മത്സരം അപ്പോൾ താരത്തിന്റെ അവസാന മത്സരം ആവും.

ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാൾ ആയാണ് റപീനോ പരിഗണിക്കപ്പെടുന്നത്. 199 തവണ അമേരിക്കക്ക് ആയി കളിച്ച താരം ഒരു തവണ ഒളിമ്പിക് സ്വർണവും 2 ലോകകപ്പുകളും നേടിയിട്ടുണ്ട്. 2019 ലോകകപ്പിൽ ടൂർണമെന്റിലെ മികച്ച താരവും ടോപ്പ് സ്കോററും ആയി അമേരിക്കക്ക് ലോകകപ്പ് സമ്മാനിച്ചത് റപീനോ ആയിരുന്നു. ആ വർഷത്തെ ബാലൻ ഡിയോറും റപീനോ ആണ് നേടിയത്. തന്റെ ശക്തമായ മനുഷ്യാവകാശ രാഷ്ട്രീയ നിലപാടുകൾ കൊണ്ടും റപീനോ പ്രശസ്തയാണ്.

അലസിയ റൂസോ ഇനി ആഴ്‌സണൽ താരം, ഇംഗ്ലീഷ് സൂപ്പർ താരം ഇനി നോർത്ത് ലണ്ടനിൽ

ഇംഗ്ലീഷ് സൂപ്പർ താരം അലസിയ റൂസോ ഇനി ആഴ്സണൽ താരം. മാഞ്ചസ്റ്റർ യുണൈറ്റഡും ആയി ഈ സീസണിൽ കരാർ കഴിഞ്ഞ താരത്തെ ഫ്രീ ആയിട്ട് ആണ് ആഴ്‌സണൽ സ്വന്തമാക്കിയത്. ജനുവരിയിൽ ആഴ്‌സണൽ രണ്ടു തവണ താരത്തിന് ആയി ലോക റെക്കോർഡ് തുക ഓഫർ ചെയ്തിരുന്നു.

എന്നാൽ രണ്ടു തവണയും യുണൈറ്റഡ് ഇത് നിരസിച്ചു. എന്നാൽ തുടർന്ന് താരത്തിന്റെ കരാർ പുതുക്കാൻ യുണൈറ്റഡ് മെല്ലെപ്പോക്ക് നയം ആണ് കാണിച്ചത്. 23 കാരിയായ റൂസോ ലോകത്തിലെ ഏറ്റവും മികച്ച മുന്നേറ്റനിര താരങ്ങളിൽ ഒരാൾ ആണ്. ഉഗ്രൻ വീഡിയോയിലൂടെ ആണ് ആഴ്സണൽ താരത്തിന്റെ വരവ് പ്രഖ്യാപിച്ചത്.

രണ്ടു താരങ്ങളെ ടീമിൽ എത്തിച്ചു ആഴ്‌സണൽ വനിതകൾ

രണ്ടു മികച്ച താരങ്ങളെ ടീമിൽ എത്തിച്ചു ആഴ്‌സണൽ വനിതകൾ. കഴിഞ്ഞ സീസണുകളിൽ ചെൽസി പിറകിൽ രണ്ടാമത് ആയ ആഴ്‌സണൽ ഈ സീസണിൽ അവരെ മറികടക്കാൻ ആണ് ശ്രമിക്കുക. മുന്നേറ്റത്തിൽ പരിക്കുകൾ വില്ലൻ ആയ ആഴ്‌സണൽ കനേഡിയൻ മുന്നേറ്റനിര താരം ക്ലൊയെ ലകാസെ ബെൻഫിക്കയിൽ നിന്നു ഫ്രീ ഏജന്റ് ആയിട്ട് ആണ് സ്വന്തമാക്കിയത്. ചാമ്പ്യൻസ് ലീഗിൽ 5 ഗോളുകൾ കഴിഞ്ഞ സീസണിൽ നേടിയ കനേഡിയൻ താരം കളിച്ച 22 കളികളിൽ നിന്നു 22 ഗോളുകൾ ആണ് നേടിയത്.

ഇതിനു പുറമെ പി.എസ്.ജിയുടെ സ്വീഡിഷ് പ്രതിരോധ താരം അമാന്ത ഇലസ്റ്റഡിനെയും ആഴ്‌സണൽ ടീമിൽ എത്തിച്ചു. സെന്റർ ബാക്ക്, റൈറ്റ് ബാക്ക് എന്നിവിടങ്ങളിൽ കളിക്കാൻ സാധിക്കുന്ന അമാന്ത സ്വീഡിഷ് ടീമിന്റെ അവിഭാജ്യ ഘടകം ആണ്. പരിക്കുകൾ വലക്കുന്ന ആഴ്‌സണലിന് ഈ താരങ്ങളുടെ വരവ് വലിയ കരുത്ത് പകരും. അതേസമയം മാഞ്ചസ്റ്റർ യുണൈറ്റഡിൽ കരാർ തീർന്ന ഇംഗ്ലീഷ് മുന്നേറ്റനിര സൂപ്പർ താരം അലസിയ റൂസോയും ഉടൻ ആഴ്‌സണൽ താരം ആവും.

ജനുവരിയിൽ ലോക റെക്കോർഡ് തുക നിരസിച്ചു ഇപ്പോൾ സൂപ്പർ താരം ഫ്രീ ആയി ആഴ്‌സണലിലേക്ക്

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇംഗ്ലീഷ് സൂപ്പർ താരം അലസിയ റൂസോ ഫ്രീ ആയിട്ട് ക്ലബ് വിടും. ഈ സീസണിൽ തന്റെ കരാർ കഴിയുമ്പോൾ താരം ക്ലബ് വിടും എന്നു സ്ഥിരീകരിച്ചു. 2020 തിൽ ക്ലബ്ബിൽ എത്തിയ റൂസോ 2022 ൽ ഇംഗ്ലണ്ടിന് യൂറോ കപ്പ് നേടി കൊടുത്തതിൽ പ്രധാന പങ്ക് വഹിച്ച താരം ആണ്. 24 കാരിയായ താരത്തിന് അര മില്യൺ യൂറോയുടെ ലോക റെക്കോർഡ് ഓഫർ ആണ് കഴിഞ്ഞ ജനുവരിയിൽ ആഴ്‌സണൽ മുന്നോട്ട് വച്ചത്.

എന്നാൽ ആഴ്‌സണലിന്റെ 2 റെക്കോർഡ് ഓഫറുകളും യുണൈറ്റഡ് നിരസിക്കുക ആയിരുന്നു. നിലവിൽ താരം ആഴ്‌സണലും ആയി ഫ്രീ ആയി കരാറിൽ ഒപ്പിടും എന്നാണ് സൂചന. കഴിഞ്ഞ സീസണിൽ വനിത സൂപ്പർ ലീഗിൽ 10 ഗോളുകളും 1 അസിസ്റ്റും ആണ് റൂസോ നേടിയത്. റൂസോയുടെ മികവിൽ ലീഗിൽ രണ്ടാമത് എത്തിയ യുണൈറ്റഡ് എഫ്.എ കപ്പ് ഫൈനലിലും എത്തി. അതേസമയം യുണൈറ്റഡിന്റെ സ്പാനിഷ് ഫുൾ ബാക്ക് ഒന ബാറ്റിലും ഫ്രീ ആയി ക്ലബ് വിടും. കഴിഞ്ഞ സീസണിൽ 9 അസിസ്റ്റുകളും 1 ഗോളും നേടിയ ഒന ചാമ്പ്യൻസ് ലീഗ് ജേതാക്കൾ ആയ ബാഴ്‌സലോണയിലേക്ക് ആണ് പോകുന്നത്.

നീണ്ട രണ്ടു വർഷങ്ങൾക്ക് ശേഷം ബാഴ്‌സലോണ വനിതകൾ ലീഗിൽ പരാജയപ്പെട്ടു

നീണ്ട രണ്ടു വർഷങ്ങൾക്ക് ശേഷം വനിത ലാ ലീഗയിൽ പരാജയം നേരിട്ടു ബാഴ്‌സലോണ വനിതകൾ. 719 ദിനങ്ങൾക്കും 64 മത്സരങ്ങൾക്കും ശേഷം ആണ് ബാഴ്‌സ വനിതകൾ ഒരു മത്സരം തോൽക്കുന്നത്. മാഡ്രിഡ് സി.എഫ്.എഫ് ആണ് ബാഴ്‌സയെ ഒന്നിന് എതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചത്. കഴിഞ്ഞ 64 ലീഗ് മത്സരങ്ങളിൽ 63 എണ്ണവും ജയിച്ചു ഒരു സമനില വഴങ്ങിയ ബാഴ്‌സയുടെ അവിശ്വസനീയ കുതിപ്പിന് ആണ് ഇതോടെ അന്ത്യം ആയത്.

2021 ജൂണിൽ അത്ലറ്റികോ മാഡ്രിഡിനോട് തോറ്റ ശേഷമുള്ള ബാഴ്‌സയുടെ ആദ്യ പരാജയം ആണ് ഇത്. ലീഗിലെ അവസാന മത്സരത്തിൽ ചാമ്പ്യന്മാർ ആയ ബാഴ്‌സക്ക് എതിരെ മാഡ്രിഡ് സി.എഫ്.എഫിന് ആയി സാമ്പിയ താരം റാചേൽ കുണ്ടനാഞ്ചി നേടിയ ഇരട്ടഗോളുകൾ ആണ് അവർക്ക് ജയം സമ്മാനിച്ചത്. അതേസമയം ബാഴ്‌സലോണക്ക് ആയി നീണ്ട കാലത്തെ പരിക്കിൽ നിന്നു മോചിതയായി കളിക്കാൻ ഇറങ്ങിയ പകരക്കാരി അലക്സിയ പുറ്റലസ് ഒരു ഗോൾ മടക്കി. പരിക്കിൽ നിന്നു മടങ്ങി വന്ന ശേഷം അലക്സിയ നേടുന്ന ആദ്യ ഗോൾ ആയിരുന്നു ഇത്. അടുത്ത മാസത്തെ വോൾവ്സ്ബർഗിന് എതിരായ ചാമ്പ്യൻസ് ലീഗ് ഫൈനലിന് ആവും ഇനി ബാഴ്‌സലോണയുടെ ശ്രദ്ധ.

റെക്കോർഡ് കാണികൾക്ക് മുന്നിൽ 119 മത്തെ മിനിറ്റിൽ ആഴ്‌സണൽ കണ്ണീർ! വോൾവ്സ്ബർഗ് ചാമ്പ്യൻസ് ലീഗ് ഫൈനലിൽ

വനിത ചാമ്പ്യൻസ് ലീഗിലെ തന്നെ ഏറ്റവും മികച്ച മത്സരങ്ങളിൽ ഒന്നു സെമിഫൈനൽ രണ്ടാം പാദത്തിൽ കാഴ്ച വച്ചു ആഴ്‌സണൽ, വോൾവ്സ്ബർഗ് വനിതകൾ. ആദ്യ പാദത്തിൽ ഇരു ടീമുകളും 2 ഗോൾ വീതം സമനില പാലിച്ച മത്സരത്തിൽ രണ്ടാം പാദത്തിൽ അത്യന്തം ആവേശകരമായ മത്സരം ആണ് കാണാൻ ആയത്. നിറഞ്ഞ എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ വനിത ഫുട്‌ബോളിൽ ചാമ്പ്യൻസ് ലീഗിൽ ബ്രിട്ടീഷ് റെക്കോർഡ് ആയ 60,000 കാണികൾക്ക് മുന്നിൽ നടന്ന മത്സരത്തിൽ എക്സ്ട്രാ സമയത്ത് 3-2 നു ആണ് ആഴ്‌സണൽ കീഴടങ്ങിയത്. അവിശ്വസനീയം ആയ വിധം 4 പ്രമുഖ താരങ്ങളെ പരിക്ക് കാരണം നഷ്ടമായ ആഴ്‌സണൽ പക്ഷെ കളത്തിൽ ജർമ്മൻ ടീമിന് ഒപ്പം പിടിച്ചു നിന്നു. കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ വോൾവ്സ്ബർഗ് തന്നെയാണ് ആഴ്‌സണലിന് വിലങ്ങു തടിയായത്.

ജർമ്മൻ ക്യാപ്റ്റൻ അലക്സാന്ദ്ര പോപ് പരിക്ക് മാറി ടീമിൽ എത്തിയത് വോൾവ്സ്ബർഗിന് വലിയ കരുത്ത് ആയി. ആദ്യം തന്നെ വോൾവ്സ്ബർഗിന് അനുകൂലമായി പെനാൽട്ടി ആവശ്യം ഉണ്ടായെങ്കിലും വാർ അത് അനുവദിച്ചില്ല. 11 മത്തെ മിനിറ്റിൽ സ്റ്റിന ബ്ലാക്സ്റ്റിനസിലൂടെ ആഴ്‌സണൽ ആണ് ആദ്യം മുന്നിൽ എത്തിയത്. തുടർന്ന് ഇരു ടീമുകളും നന്നായി പൊരുതി തന്നെയാണ് കളിച്ചത്. 41 മത്തെ മിനിറ്റിൽ പോപ്പിന്റെ ഹെഡർ പാസിൽ നിന്നു ഗോൾ നേടിയ ജിൽ റൂർഡ് വോൾവ്സ്ബർഗിനെ മത്സരത്തിൽ ഒപ്പം എത്തിച്ചു. രണ്ടാം പകുതിയിൽ 58 മത്തെ മിനിറ്റിൽ ഫെലിസിറ്റാസ് റൗച്ചിന്റെ ക്രോസിൽ നിന്നു ഹെഡറിലൂടെ ഗോൾ നേടിയ അലക്സാന്ദ്ര പോപ് ഒരിക്കൽ കൂടി തന്റെ ക്ലാസ് കാണിച്ചപ്പോൾ ആഴ്‌സണൽ മത്സരത്തിൽ പിന്നിലായി. എന്നാൽ 75 മത്തെ മിനിറ്റിൽ ലോട്ടെ വുബൻ-മോയിയുടെ ക്രോസിൽ നിന്നു ഹെഡറിലൂടെ ഗോൾ കണ്ടത്തിയ മറ്റൊരു പ്രതിരോധനിര താരം ജെൻ ബിയാറ്റി ഒരിക്കൽ കൂടി ആഴ്‌സണലിന് സമനില സമ്മാനിച്ചു.

തുടർന്ന് പകരക്കാരിയായി ഇറങ്ങിയ ലൗറ പരിക്കേറ്റു സ്ട്രക്ച്ചറിൽ മടങ്ങിയത് ആഴ്‌സണലിന് മറ്റൊരു സങ്കട കാഴ്ചയായി. പ്രമുഖ താരങ്ങൾക്ക് പരിക്കേറ്റ ആഴ്‌സണലിനെ തേടി എത്തിയ മറ്റൊരു പരിക്ക് ആയി ഇത്. തുടർന്ന് 90 മിനിറ്റിൽ സമനില പാലിച്ചതോടെ മത്സരം എക്സ്ട്രാ സമയത്തേക്ക് നീണ്ടു. തളർന്ന ആഴ്‌സണലിന് മേൽ ഇത്തിരി ആധിപത്യം ജർമ്മൻ ടീമിന് ആയിരുന്നു. തുടർന്ന് പെനാൽട്ടിയിലേക്ക് പോകും എന്ന് കരുതിയ മത്സരത്തിൽ ആണ് 119 മത്തെ മിനിറ്റിൽ വിജയഗോൾ പിറന്നത്. പകരക്കാരിയായി ഇറങ്ങിയ ജൂൾ ബ്രാൻഡിന്റെ പാസിൽ നിന്നു മറ്റൊരു പകരക്കാരിയായ പൗളീൻ ബ്രമർ ജർമ്മൻ ടീമിന് ആയി വിജയഗോൾ സമ്മാനിക്കുക ആയിരുന്നു. ഫൈനലിൽ ബാഴ്‌സലോണയെ ആണ് വോൾവ്സ്ബർഗ് നേരിടുക. തോറ്റെങ്കിലും നിരവധി പ്രതിസന്ധികൾക്ക് ഇടയിൽ റെക്കോർഡ് കാണികൾക്ക് മുന്നിൽ തല ഉയർത്തിയാണ് ആഴ്‌സണൽ വനിതകൾ കളം വിട്ടത്.

ചെൽസിയെ വീഴ്ത്തി തുടർച്ചയായ മൂന്നാം ചാമ്പ്യൻസ് ലീഗ് ഫൈനലിലേക്ക് മുന്നേറി ബാഴ്‌സലോണ വനിതകൾ

വനിത ചാമ്പ്യൻസ് ലീഗിൽ തുടർച്ചയായ മൂന്നാം തവണയും ഫൈനലിലേക്ക് മുന്നേറി ബാഴ്‌സലോണ വനിതകൾ. ആദ്യ പാദ സെമിഫൈനലിൽ ചെൽസിയെ 1-0 നു തോൽപ്പിച്ച അവർ ഇന്ന് ക്യാമ്പ് ന്യൂവിൽ രണ്ടാം പാദത്തിൽ 1-1 ന്റെ സമനില വഴങ്ങി ആണ് ഫൈനലിലേക്ക് മുന്നേറിയത്. ബാഴ്‌സലോണ ആധിപത്യം കണ്ട മത്സരത്തിൽ എന്നാൽ ഇടക്ക് അവസരങ്ങൾ സൃഷ്ടിക്കാൻ ചെൽസിക്ക് ആയി.

ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം 63 മത്തെ മിനിറ്റിൽ കരോളിൻ ഹാൻസനിലൂടെ ബാഴ്‌സ ആണ് മത്സരത്തിൽ മുന്നിൽ എത്തിയത്. ആദ്യ പാദത്തിലും ഗോൾ നേടിയ ഹാൻസൻ ബോൺമാറ്റിയുടെ പാസിൽ നിന്നാണ് ഗോൾ നേടിയത്. എന്നാൽ നാലു മിനിറ്റിനുള്ളിൽ ഗുരോ റെയ്റ്റനിലൂടെ ചെൽസി ഗോൾ മടക്കി. എന്നാൽ തുടർന്ന് സമനില ഗോളിന് ആയുള്ള ചെൽസി ശ്രമങ്ങൾ ഫലം കണ്ടില്ല. ഫൈനലിൽ ആഴ്‌സണൽ, വോൾവ്സ്ബർഗ് മത്സര വിജയികളെ ആവും ബാഴ്‌സലോണ നേരിടുക.

ജർമ്മനിയിൽ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ ആഴ്‌സണൽ വനിതകളുടെ വമ്പൻ തിരിച്ചു വരവ്

വനിത ചാമ്പ്യൻസ് ലീഗ് ആദ്യ പാദ സെമിഫൈനലിൽ ആഴ്‌സണൽ വനിതകളുടെ അവിസ്മരണീയ തിരിച്ചു വരവ്. പ്രമുഖ താരങ്ങൾ പരിക്കേറ്റു പുറത്ത് പോയതിനാൽ ദുർബലമായ ടീമും ആയി വോൾവ്സബർഗും ആയി കളിക്കാൻ ഇറങ്ങിയ ആഴ്‌സണൽ 2 ഗോളുകൾക്ക് പിറകിൽ നിന്ന ശേഷം സമനില പിടിക്കുക ആയിരുന്നു. ഇരു ടീമുകളും തുല്യ നിലയിൽ നിന്ന മത്സരത്തിൽ 19 മത്തെ മിനിറ്റിൽ വോൾവ്സബർഗ് മത്സരത്തിൽ മുന്നിലെത്തി. ജോൺസ്ഡോറ്റിറിന്റെ ത്രൂ ബോളിൽ നിന്നു ഇവ പഹോർ ആണ് ജർമ്മൻ ടീമിന്റെ ഗോൾ നേടിയത്. 5 മിനിറ്റിനുള്ളിൽ തന്റെ ഗോൾ കണ്ടത്തിയ ജോൺസ്ഡോറ്റിർ ആതിഥേയരുടെ മുൻതൂക്കം ഇരട്ടിയാക്കി.

2 ഗോൾ വഴങ്ങിയ ശേഷം വമ്പൻ തിരിച്ചു വരവ് ആണ് ആഴ്‌സണൽ നടത്തിയത്. ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടു മുമ്പ് 45 മത്തെ മിനിറ്റിൽ സ്റ്റെഫ്‌ കാറ്റ്ലിയുടെ കോർണറിൽ നിന്നു ഹെഡറിലൂടെ ബ്രസീലിയൻ താരം റാഫയേല ആഴ്‌സണലിന് ആയി ഒരു ഗോൾ മടക്കി. രണ്ടാം പകുതിയിൽ സമനിലക്ക് ആയി ഉണർന്നു കളിക്കുന്ന ആഴ്‌സണലിനെ ആണ് കാണാൻ ആയത്. മത്സരത്തിൽ 69 മത്തെ മിനിറ്റിൽ വിക്ടോറിയ പെലോവയുടെ പാസിൽ നിന്നു സ്വീഡിഷ് താരം സ്റ്റിന ബ്ലാക്ക്സ്റ്റിനിയസ് ഗോൾ നേടി ആഴ്‌സണലിന് നിർണായക സമനില സമ്മാനിക്കുക ആയിരുന്നു. അവസാന നിമിഷങ്ങളിൽ പരുക്കൻ ആയ കളിയിൽ പക്ഷെ ജയം കാണാൻ ഇരു ടീമുകൾക്കും ആയില്ല. മെയ് ഒന്നിന് എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ ബ്രിട്ടനിലെ വനിത ചാമ്പ്യൻസ് ലീഗ് മത്സരത്തിലെ റെക്കോർഡ് കാണികൾക്ക് മുന്നിൽ ആവും രണ്ടാം പാദ സെമിഫൈനൽ മത്സരം നടക്കുക.

ചാമ്പ്യൻസ് ലീഗ് സെമിഫൈനൽ ആദ്യ പാദത്തിൽ ബാഴ്‌സലോണ വനിതകൾ ചെൽസിയെ തോൽപ്പിച്ചു

വനിത ചാമ്പ്യൻസ് ലീഗ് ആദ്യ പാദ സെമിഫൈനലിൽ ചെൽസിയെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്നു ബാഴ്‌സലോണ വനിതകൾ. ചെൽസിയുടെ സ്റ്റാഫോർഡ് ബ്രിഡ്ജിൽ നടന്ന മത്സരത്തിൽ ബാഴ്‌സലോണയുടെ വലിയ ആധിപത്യം ആണ് കാണാൻ ആയത്. മത്സരത്തിന്റെ നാലാം മിനിറ്റിൽ തന്നെ ഗെയ്സെ ഫെരേയ്രയുടെ പാസിൽ നിന്നു കരോളിൻ ഹാൻസൻ ആണ് ബാഴ്‌സലോണയുടെ ഗോൾ നേടിയത്.

ബോക്സിനു പുറത്ത് നിന്ന് അതുഗ്രൻ ഇടത് കാലൻ അടിയിലൂടെ ആണ് ഹാൻസൻ തന്റെ ഗോൾ നേടിയത്. തുടർന്ന് സമനിലക്ക് ആയുള്ള ശ്രമത്തിൽ ആദ്യ പകുതിയിൽ ചെൽസി ഒരിക്കൽ വല കുലുക്കിയെങ്കിലും ഗോൾ ഓഫ് സൈഡ് കാരണം നിഷേധിക്കപ്പെട്ടു. തുടർന്നും അവസരങ്ങൾ ഉണ്ടാക്കിയെങ്കിലും ബാഴ്‌സക്ക് അത് മുതലാക്കാൻ ആയില്ല. ഏപ്രിൽ 27 നു നടക്കുന്ന രണ്ടാം പാദത്തിലും ജയിച്ചു മറ്റൊരു ചാമ്പ്യൻസ് ലീഗ് ഫൈനൽ ആവും ബാഴ്‌സലോണ വനിതകൾ ലക്ഷ്യം വക്കുക, അതേസമയം തിരിച്ചു വരാൻ ആവും ചെൽസി ശ്രമം.

ലീ വില്യംസൺ ലോകകപ്പിന് ഉണ്ടാവില്ല, ഇംഗ്ലണ്ടിന് കനത്ത തിരിച്ചടി, ആഴ്‌സണലിന് കണ്ണീർ

യൂറോ കപ്പ് ജേതാക്കൾ ആയ ഇംഗ്ലണ്ടിന് കനത്ത തിരിച്ചടിയായി ആഴ്‌സണൽ പ്രതിരോധതാരവും ഇംഗ്ലണ്ട് ക്യാപ്റ്റനും ആയ ലീ വില്യംസണിന്റെ പരിക്ക്. മാഞ്ചസ്റ്റർ യുണൈറ്റഡിന് എതിരായ മത്സരത്തിൽ പത്ത് മിനിറ്റിനുള്ളിൽ പരിക്കേറ്റു പുറത്ത് പോയ താരത്തിന് ക്ലബ് എ.സി.എൽ ഇഞ്ച്വറി ആണെന്ന് സ്ഥിരീകരണം നൽകി. താരത്തിന് സീസണിൽ ഇനി കളിക്കാൻ ആവില്ല.

ഇതോടെ ലീ വില്യംസൺ മൂന്നു മാസത്തിനുള്ളിൽ നടക്കേണ്ട വനിത ലോകകപ്പിൽ കളിക്കില്ലെന്നു ഉറപ്പായി. ചാമ്പ്യൻസ് ലീഗ് സെമിഫൈനൽ കളിക്കാൻ ഒരുങ്ങുന്ന ആഴ്‌സണലിനും ഇത് കനത്ത തിരിച്ചടിയാണ്. ഇത് മൂന്നാമത്തെ പ്രമുഖ താരത്തെയാണ് ആഴ്‌സണലിന് എ.സി.എൽ ഇഞ്ച്വറി കാരണം ഈ സീസണിൽ നഷ്ടമാവുന്നത്. നേരത്തെ ബെത്ത് മീഡ്, വിവിയനെ മിയെദെമ എന്നിവരെയും ആഴ്‌സണലിന് എ.സി.എൽ ഇഞ്ച്വറി കാരണം നഷ്ടമായിരുന്നു.

പരിക്കേറ്റു പുറത്ത് പോയി ലീ വില്യംസൺ! ആഴ്‌സണലിനും ഇംഗ്ലണ്ടിനും തിരിച്ചടി

ആഴ്‌സണലിനും ഇംഗ്ലണ്ടിനും വലിയ തിരിച്ചടിയായി പ്രതിരോധതാരം ലീ വില്യംസണിന്റെ പരിക്ക്. ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിന് എതിരായ മത്സരത്തിൽ 10 മത്തെ മിനിറ്റിൽ ലീ വില്യംസൺ പരിക്കേറ്റു പുറത്ത് പോവുക ആയിരുന്നു. കാലു മുട്ടിനു ഗുരുതര പരിക്ക് ആണെന്ന് ആണ് ആദ്യ സൂചന. ആദ്യം സ്ട്രക്ച്ചർ ആവശ്യമായെങ്കിലും പിന്നീട് ആഴ്‌സണൽ മെഡിക്കൽ ടീമിന്റെ സഹായത്തോടെ താരം കളം വിടുക ആയിരുന്നു. ഇതിനകം മിയെദേമ, ബെത്ത് മീഡ്, കിം ലിറ്റിൽ തുടങ്ങിയ താരങ്ങളെ നഷ്ടമായ ആഴ്‌സണലിന് വലിയ നഷ്ടമായി ഇത്.

ഒരു പതിറ്റാണ്ടിനു ശേഷം ചാമ്പ്യൻസ് സെമിഫൈനൽ മത്സരങ്ങൾ കളിക്കാൻ ഇരിക്കുന്ന ആഴ്‌സണലിന് ഇത് വലിയ നഷ്ടമാണ്. വോൾവ്സ്ബർഗ് വനിതകളെ ആണ് ആഴ്‌സണൽ വനിതകൾ ചാമ്പ്യൻസ് ലീഗ് സെമിഫൈനലിൽ നേരിടുക. അതേസമയം വനിത ലോകകപ്പിന് മൂന്നു മാസം ബാക്കിയുള്ളപ്പോൾ ഇംഗ്ലണ്ട് ടീമിന് പ്രതിരോധത്തിലെ നടും തൂണായ വില്യംസണിനെ നഷ്ടമായാൽ അത് വലിയ തിരിച്ചടി ആവും. ഇതിനകം തന്നെ യൂറോ കപ്പിലെ മികച്ച താരവും ടോപ് സ്കോററും ആയ ആഴ്‌സണലിന്റെ ബെത്ത് മീഡിനെ നഷ്ടമായ ഇംഗ്ലണ്ടിന് വില്യംസണിന്റെ നഷ്ടം കടുത്ത തിരിച്ചടിയാവും.

ആഴ്‌സണൽ വനിതകൾക്ക് കിരീടം മറക്കാം, മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഗിൽ ഒന്നാമത്

ഇംഗ്ലീഷ് വനിത സൂപ്പർ ലീഗിൽ കിരീട പോരാട്ടത്തിൽ നിർണായകമായ മത്സരത്തിൽ ആഴ്‌സണൽ വനിതകളെ മറികടന്നു മാഞ്ചസ്റ്റർ യുണൈറ്റഡ്. മറുപടിയില്ലാത്ത ഒരു ഗോളിന് ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വനിതകൾ ആഴ്‌സണലിനെ ഇന്ന് തോൽപ്പിച്ചത്. പ്രമുഖ താരങ്ങളുടെ പരിക്കുകൾ വലക്കുന്ന ആഴ്‌സണലിന് മത്സരത്തിന്റെ 15 മത്തെ മിനിറ്റിൽ തന്നെ ക്യാപ്റ്റൻ ലീ വില്യംസണിനെ പരിക്ക് കാരണം നഷ്ടമായി.

തുടർന്ന് ഒന്നാം പകുതിയുടെ ഇഞ്ച്വറി സമയത്ത് 51 മത്തെ മിനിറ്റിൽ നികിത പാരീസിന്റെ പാസിൽ നിന്നു അലസിയ റൂസോ യുണൈറ്റഡിന് ആയി ഗോൾ നേടുക ആയിരുന്നു. തുടർന്ന് സമനിലക്ക് ആയുള്ള ആഴ്‌സണൽ ശ്രമങ്ങൾ ഒന്നും ജയം കണ്ടില്ല. ജയത്തോടെ രണ്ടാമതുള്ള ചെൽസി വാണിതകളെക്കാൾ 2 മത്സരങ്ങൾ അധികം കളിച്ച യുണൈറ്റഡ് വനിതകൾ ലീഗിൽ നാലു പോയിന്റുകൾ മുന്നിലെത്തി. അതേസമയം നിലവിൽ യുണൈറ്റഡിനെക്കാൾ 1 മത്സരം കുറവ് കളിച്ചു അവരെക്കാൾ 6 പോയിന്റുകൾ പിന്നിലുള്ള ആഴ്‌സലിന്റെ കിരീട പ്രതീക്ഷകൾ ഏതാണ്ട് അവസാനിച്ചു.

Exit mobile version