ബിബിസിയുടെ ഈ വർഷത്തെ ഏറ്റവും മികച്ച വനിത ഫുട്‌ബോൾ താരം ആഴ്‌സണലിന്റെ വിവിയനെ മിയെദെമ!

Screenshot 20211129 200921

ബ്രിട്ടീഷ് മാധ്യമ ഭീമന്മാർ ആയ ബിബിസിയുടെ ഈ വർഷത്തെ ഏറ്റവും മികച്ച വനിത ഫുട്‌ബോൾ താരമായി ആഴ്‌സണലിന്റെ ഡച്ച് താരം വിവിയനെ മിയെദെമയെ തിരഞ്ഞെടുത്തു. കഴിഞ്ഞ വർഷം ഇംഗ്ലീഷ് താരം ലൂസി ബ്രോൺസിന് പിറകിൽ രണ്ടാമത് ആയ മിയെദെമ ഇത്തവണ അവാർഡ് സ്വന്തം പേരിലാക്കി. ഡച്ച് ടീമിന്റെയും വനിത സൂപ്പർ ലീഗിലെയും എക്കാലത്തെയും വലിയ ഗോൾ വേട്ടക്കാരിയായ മിയെദെമ ഈ വർഷം ഒളിമ്പിക്സിൽ ഒരു ഒളിമ്പിക്സിൽ ഏറ്റവും കൂടുതൽ ഗോൾ നേടുക എന്ന നേട്ടവും കൈവരിച്ചിരുന്നു. നാലു കളികളിൽ നിന്നു 10 ഗോളുകൾ ആണ് താരം ഒളിമ്പിക്സിൽ നേടിയത്. നിലവിൽ സീസണിൽ ആഴ്‌സണലിന് ആയി 13 ഗോളുകൾ ആണ് മിയെദെമ ഇത് വരെ നേടിയത്.

ഓസ്‌ട്രേലിയയുടെ ചെൽസി താരം സാം കെർ, ബാഴ്‌സലോണയുടെ സ്പാനിഷ് താരം അലക്സിയ പുറ്റലാസ് എന്നിവരെയാണ് 25 കാരിയായ താരം അവാർഡിൽ പിന്നിലാക്കിയത്. അപ്രതീക്ഷിതമായിരുന്നു അവാർഡ് എന്നു പറഞ്ഞ മിയെദെമ ആരാധകരുടെ അംഗീകാരം കൂടിയാണ് ഇത് എന്നതിൽ ഇരട്ടിമധുരം ആണെന്നും കൂട്ടിച്ചേർത്തു. വനിത ഫുട്‌ബോളിനു ലഭിക്കുന്ന ശ്രദ്ധയിൽ സന്തോഷം പ്രകടിപ്പിച്ച താരം നിലവിൽ വനിത താരങ്ങൾ സൂപ്പർ താര പദവി നേടിയിരിക്കുക ആണെന്നും പറഞ്ഞു. താൻ മറ്റു വനിത താരങ്ങൾക്ക് പ്രചോദനം ആവുന്നു എങ്കിൽ അത് വലിയ സന്തോഷം ആണെന്നും താരം പറഞ്ഞു. ആഴ്‌സണലിനായി 100 ൽ അധികം ഗോളുകൾ നേടിയ താരം ഡിസംബർ അഞ്ചിന് നടക്കുന്ന എഫ്.എ കപ്പ് ഫൈനലിൽ ചെൽസിയെ നേരിടാൻ ഒരുങ്ങുകയാണ് നിലവിൽ.

Previous articleകേരള യുണൈറ്റഡിന്റെ വനിതാ ടീം അവതരിപ്പിച്ചു
Next articleറെയില്‍വേഴ്സ് നാളെ ഇറങ്ങും