
ചിതംബരം അണ്ണാമലൈ യൂണിവേഴ്സിറ്റിയിൽ നടക്കുന്ന സൗത്ത് സോൺ ഇന്റർ യൂണിവേഴ്സിറ്റി ഫുട്ബോളിന്റെ പ്രീക്വാർട്ടർ മത്സരങ്ങളിൽ കോട്ടയം എം.ജി യൂണിവേഴ്സിറ്റി ഏക പക്ഷീയമായ ആറ് (6-0)ഗോളുകൾക്ക് വിരുതുനഗർ കളസലിംഗം യൂണിവേഴ്സിറ്റിയേയും, കാലിക്കറ്റ് യൂണിവേഴ്സിറ്റി ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് തമിഴ്നാട് സ്പോർട്സ് യൂണിവേഴ്സിറ്റിയേയും പരാജയപ്പെടുത്തി നാളെ നടക്കുന്ന ക്വാർട്ടർ ഫൈനൽ ബർത്ത് നേടി. കളസലിംഗം യൂണിവേഴ്സിറ്റിക്കെതിരിൽ തകർപ്പൻ കളി കാഴ്ച്ചവച്ച എം.ജി യൂണിവേഴ്സിറ്റിയ്ക്ക് വേണ്ടി തിരുവല്ല മാർത്തോമ കോളജ് താരങ്ങളായ സൗപർണ്ണിക രണ്ടും, രേഷ്മ, വൈശ്ണവി എന്നിവർ ഓരോ ഗേളുകൾ വീതവും നേടിയപ്പോൾ കോട്ടയം ബസേലിയസ് കോളജ് താരങ്ങളായ സരികയുടെയും ലീനയുടെയും വകയായിരുന്നു മറ്റു രണ്ട് ഗോളുകൾ.

കാലിക്കറ്റിനെതിരെ ശക്തമായ ചെറുത്ത് നിൽപ്പ് നടത്തിയ തമിഴ്നാട് സ്പോർട്സ് യൂണിവേഴ്സിറ്റിക്കെതിരിൽ കാലിക്കറ്റിന്റെ രണ്ട് ഗോളുകളും ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിന്റെ അതുല്യയുടേതായിരുന്നു. കാലിക്കറ്റിന്റെ പത്താം നമ്പർ താരം മാള കാർമ്മൽ കോളജിലെ നിധിയ കളിയിലുടനീളം മികച്ചു നിന്നു.
കാലത്ത് നടന്ന ഒന്നും രണ്ടും പ്രീ ക്വാർട്ടർ ഫൈനലുകളിൽ യഥാക്രമം തിരുച്ചിറപ്പള്ളി ഭാരതി ദാസൻ ഏക പക്ഷീയമായ നാല് (4-0) ഗോളുകൾക്ക് സേലം പെരിയാർ യൂണിവേഴ്സിറ്റിയെയും, കോയമ്പത്തൂർ അവിനാശിലിംഗം യൂണിവേഴ്സിറ്റി ഏക പക്ഷീയമായ രണ്ട്(2-0) ഗോളുകൾക്ക് ബൽഗാവി വിശേശ്വരയ്യ ടെക്നിക്കൽ യൂണിവേഴ്സിറ്റിയേയും കീഴ്പ്പെടുത്തി ക്വാർട്ടർ ബർത്ത് നേടി.

നാളെ കാലത്ത് ഏഴ് മണിക്ക് രണ്ട് മൈതനങ്ങളിലായി ഒരേ സമയം നടക്കുന്ന ഒന്നും രണ്ടും ക്വാർട്ടർ ഫൈനലുകളിൽ എംജി യൂണിവേഴ്സിറ്റി കഴിഞ്ഞ വർഷം സൗത്ത് സോൺ ചാമ്പ്യൻഷിപ്പും – അഖിലേന്ത്യ ചാമ്പ്യൻഷിപ്പും നേടിയ ശക്തരായ തിരുവള്ളുവർ യൂണിവേഴ്സിറ്റിയേയും, ഭാരതീ ദാസൻ ,കഴിഞ്ഞ വർഷത്തെ സൗത്ത് സോൺ റണ്ണറപ്പും അഖിലേന്ത്യാ മൂന്നാം സ്ഥാനക്കാരുമായ, മദ്രാസ് യൂണിവേഴ്സിറ്റിയേയും നേരിടും.
വൈകിട്ട് നാലു മണിക്ക് മൂന്നും നാലും ക്വാർട്ടർ ഫൈനൽ മത്സരങ്ങളിൽ, കാലിക്കറ്റ് കഴിഞ്ഞ വർഷത്തെ ദക്ഷിണമേഖലാ നാലാം സ്ഥാനക്കാരായ മധുര കാമരാജ് യൂണിവേഴ്സിറ്റിയേയും, അവിനാശിലിംഗം യൂണിവേഴ്സിറ്റി കഴിഞ്ഞ വർഷത്തെ അഖിലേന്ത്യാ റണ്ണർ അപ്പും ആതിഥേയരുമായ അണ്ണാമലൈ യൂണിവേഴ്സിറ്റിയേയും നേരിടും.

ക്വർട്ടർ വിജയികൾ മറ്റന്നാൾ സൗത്ത് സോണിലെ നാല് സ്ഥാനക്കാരെ നിർണ്ണയിക്കാനായി സെമി ലീഗ് മത്സരങ്ങളിൽ മാറ്റുരയ്ക്കു. സെമി ബർത്ത് നേടുന്ന നാല് ടീമുകളും ജനുവരിയിൽ ഗ്വാളിയോറിൽ നടയ്ക്കുന്ന അഖിലേന്ത്യാ അന്തർസർവ്വകലാശാലാ ചാമ്പ്യൻഷിപ്പിൽ ദക്ഷിണമേഖലയെ പ്രതിനിധീകരിയ്ക്കും.


കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial