മാഞ്ചസ്റ്റർ യുണൈറ്റഡിനോട് വനിതാ ടീം ഇറക്കാൻ ആവശ്യപ്പെട്ടു മുൻ യുണൈറ്റഡ് താരം

- Advertisement -

ലോകത്ത് വനിതാ ഫുട്ബോൾ ജനകീയമായി തുടങ്ങുമ്പോഴും മാഞ്ചസ്റ്റർ യുണൈറ്റഡ് പുറം തിരിഞ്ഞു നിൽക്കുന്നതിനെതിരെ മുൻ യുണൈറ്റഡ് താരം രംഗത്ത്. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ഗോർഡൻ ഹിൽ ആണ് യുണൈറ്റഡിന്റെ മാനേജ്മെന്റിനോട് വനിതാ ടീം എത്രയും പെട്ടെന്ന് ഇറക്കാൻ ആവശ്യപ്പെട്ട് രംഗത്തെത്തിയത്.

ഇപ്പോൾ പ്രീമിയർ ലീഗിൽ സ്വന്തമായി വനിതാ ടീം ഇല്ലാത്ത ഒരേയൊരു ക്ലബാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. ലോക ഫുട്ബോളിൽ ഇത്രയും പ്രശസ്തിയുള്ള ക്ലബ് വനിതാ ഫുട്ബോളിനെ പരിഗണിക്കാത്തത് ശരിയല്ല എന്ന് ഹിൽ പറഞ്ഞു. ടീം എത്രയും പെട്ടെന്ന് ഒരുക്കണമെന്ന് പറഞ്ഞ ഹിൽ, ടീം ഇറക്കുകയാണെങ്കിൽ മാനേജറാകാൻ താൻ തയ്യാറാണെന്നും പറഞ്ഞു. വനിതാ ടീമുകളെ പരിശീലിപ്പിച്ച് മികച്ച റെക്കോർഡുള്ള താരമാണ് ഹിൽ.

2000 മുതൽ 2005 വരെ‌ മാഞ്ചസ്റ്റർ യുണൈറ്റഡിന് വനിതാ ടീം ഉണ്ടായിരുന്നു. എന്നാൽ ഗ്ലേസേഴ്സ് യുണൈറ്റഡ് ഏറ്റടുത്തതോടെ വനിതാ ടീം പിരിച്ചുവിടുക ആയിരുന്നു. തൊട്ടടുത്തുള്ള മാഞ്ചസ്റ്റർ സിറ്റി ലോകത്തെ തന്നെ മികച്ച വനിതാ ക്ലബുകളിൽ ഒന്നായി മുന്നേറുമ്പോയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഈ സമീപനം. 2021ൽ ഇംഗ്ലണ്ടിൽ നടക്കുന്ന വനിതാ യൂറോ കപ്പിനു മുന്നോടിയായി വനിതാ ടീമിനെ ഇറക്കാൻ ശ്രമിക്കണം എന്ന് ഇംഗ്ലണ്ട് എഫ് എയും മാഞ്ചസ്റ്റർ യുണൈറ്റഡിനോട് ആവശ്യപ്പെട്ടിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement