കെറിനും സംഘത്തിനും നിരാശ, വനിതാ ഏഷ്യാ കപ്പ് വീണ്ടും ജപ്പാൻ ഉയർത്തി

ഏഷ്യാകപ്പിലെ ഫേവറിറ്റ്സ് ആയി എത്തിയ സാം കെർ അടങ്ങിയ ഓസ്ട്രേലിയൻ സംഘത്തിന് നിരാശ. ഇന്ന് നടന്ന ഫൈനൽ പോരാട്ടത്തിൽ ജപ്പാനെ നേരിട്ടപ്പോൾ നടന്നത് കഴിഞ്ഞ ഏഷ്യാ കപ്പ് ഫൈനലിന്റെ ആവർത്തനം തന്നെ. എതിരില്ലാത്ത ഒരു ഗോളിന്റെ പരാജയം. കപ്പ് വീണ്ടും ജപ്പാനിലേക്ക് തന്നെ. 84ആം മിനുട്ടിലെ യൊകൊയൊമയുടെ ഗോളാണ് ജപ്പാന് കിരീടം സമ്മാനിച്ചത്. 16ആം മിനുട്ടിൽ പെനാൾട്ടു നഷ്ടപ്പെടുത്തുയതാണ് ഓസ്ട്രേലിയക്ക് വിനയായത്‌.

ടൂർണമെന്റിലെ ഫേവറിറ്റ്സ് ആയിരുന്നു എങ്കിലും ഗ്രൂപ്പ് ഘട്ടത്തിലും സെമിയിലും ഒക്കെ ഓസ്ട്രേലിയ പതറുന്നതാണ് കണ്ടത്. വെസ്റ്റ്ഫീൽഡ് ലീഗിൽ മിന്നി തിളങ്ങിയ താരങ്ങളെല്ലാം ഈ ടൂർണമെന്റിൽ എത്തിയപ്പോൾ നിറംമങ്ങി. കെറിന്റെ ഒറ്റയാൾ പോരാട്ടത്തിനും ഓസ്ട്രേലിയയെ കിരീടത്തിൽ എത്തിക്കാനായില്ല‌. സെമിയിൽ കുഞ്ഞന്മാരായ തായ്ലാന്റിനോട് ഓസ്ട്രേലിയ കഷ്ടപ്പെട്ടപ്പോൾ തന്നെ കപ്പ് ഇത്തവണയും ജപ്പാനിലേക്ക് പോകുമെന്ന തോന്നൽ ഉണ്ടാക്കിയിരുന്നു.

പരാജയപ്പെട്ടെങ്കിലും ഫ്രാൻസിൽ നടക്കുന്ന ലോകകപ്പിന് യോഗ്യത നേടി ആശ്വാസത്തിൽ ഓസ്ട്രേലിയക്ക് മടങ്ങാം. ജപ്പാൻ, ഓസ്ട്രേലിയ, ചൈന, തായ്ലാന്റ്, കൊറിയ എന്നീ ടീമുകളാണ് ഏഷ്യാകപ്പിലെ ആദ്യ അഞ്ചു സ്ഥാനക്കാരെന്ന ആനുകൂല്യത്തിൽ ലോകകപ്പിന് യോഗ്യത നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleകൂറ്റന്‍ തോല്‍വിയേറ്റു വാങ്ങി രാജസ്ഥാന്‍ റോയല്‍സ്
Next articleഇനി ആര് നയിക്കും ആർസനലിനെ!