ഒഡീഷ സ്പോർട്സിന് വലിയ വിജയം

ഇന്ത്യൻ വനിതാ ലീഗിൽ ഒഡീഷ സ്പോർട്സ് ക്ലബ് വലിയ വിജയം നേടി. ഇന്ന് സർവദം ക്ലബിനെ നേരിട്ട സ്പോർട്സ് ഒഡീഷ ഒമ്പത് ഗോളുകൾ ആണ് അടിച്ചത്. 9-1ന്റെ വിജയം സ്വന്തമാക്കുകയും ചെയ്തു. പ്യാരി ഒഡീഷക്ക് വേണ്ടി ഹാട്രിക്ക് നേടി. 28, 58, 94 മിനുട്ടുകളിൽ ആയിരുന്നു താരത്തിന്റെ ഗോളുകൾ. ജസോദ മുണ്ട, സത്യബദി എന്നിവർ രണ്ട് ഗോൾ വീതവും കണ്ടെത്തി. നാലു മത്സരങ്ങളിൽ നിന്ന് 9 പോയിന്റുമായി നാലാം സ്ഥാനത്താണ് സ്പോർട്സ് ഒഡീഷ ഉള്ളത്.

ഇന്ത്യൻ വനിതാ ലീഗ്, ആരോസിന് രണ്ടാം വിജയം

ഇന്ത്യൻ വനിതാ ലീഗിൽ ഇന്ത്യൻ ആരോസിന് രണ്ടാം വിജയം. ഇന്ന് ഒഡീഷ പോലീസിനെ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് ആരോസ് പരാജയപ്പെടുത്തിയത്. ആദ്യ 36 മിനുട്ടിൽ തന്നെ ആരോസ് ഇന്ന് മൂന്ന് ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു. അപൂർണ നർസാരിയുടെ ഹാട്രിക്ക് ഗോളുകൾ ആരോസിന് കരുത്തായി. 13ആം മിനുട്ടിലും 19ആം മിനുട്ടിലുമായിരുന്നു അപൂർണയുടെ ആദ്യ ഗോളുകൾ.20220427 174216

36ആം മിനുട്ടിൽ സുനിതയിലൂടെ മൂന്നാം ഗോളും ആരോസ് നേടി. രണ്ടാം പകുതിയിൽ 76ആം മിനുട്ടിലായിരുന്നു അപൂർണ്ണ ഹാട്രിക്ക് തികച്ചത്‌. 4 മത്സരങ്ങളിൽ നിന്ന് ഏഴ് പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ആരോസ് ഉള്ളത്.

ഇന്ത്യൻ വനിതാ ലീഗ്, സേതു എഫ് സിക്ക് മൂന്നാം വിജയം

ഇന്ത്യൻ വനിതാ ലീഗിൽ സേതു എഫ് സിക്ക് മൂന്നാം വിജയം. ഇന്ന് ഇന്ത്യൻ ആരോസിനെ നേരിട്ട സേതു എഫ് സി എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് വിജയിച്ചത്. സേതുവിനായി ക്യാപ്റ്റൻ സന്ധ്യ ഇരട്ട ഗോളുകൾ നേടി‌. ആരിഫയുടെ ക്രോസിൽ നിന്നാണ് സന്ധ്യ ആദ്യ ഗോൾ നേടിയത്‌. 16ആം മിനുട്ടിലായിരുന്നു ഈ ഗോൾ. രണ്ടാം പകുതിയുടെ തുടക്കത്തിൽ സന്ധ്യ തന്നെ ടീമിന്റെ രണ്ടാം ഗോളും നേടി. ഒരു പെനാൾട്ടിയിൽ നിന്ന് കാർത്തിക ആണ് മൂന്നാം ഗോൾ നേടിയത്‌.

ഈ വിജയത്തോടെ സേതു എഫ് സിക്ക് 3 മത്സരങ്ങളിൽ നിന്ന് 9 പോയിന്റായി. സേതു എഫ് സി, കിക്ക് സ്റ്റാർട്ട്, ഗോകുലം കേരള എന്നിവരാണ് ഇപ്പോൾ 9 പോയിന്റിൽ ഉള്ളത്.

ഇന്ത്യൻ വനിതാ ലീഗ്; അവസാന നിമിഷ ഗോൾ കിക്ക് സ്റ്റാർടിന് വിജയം

ഇന്ത്യൻ വനിതാ ലീഗിൽ കിക്ക് സ്റ്റാർടിന് തുടർച്ചയായ മൂന്നാം വിജയം. ഇന്ന് സ്പോർട്സ് ഒഡീഷയെ നേരിട്ട കിക്ക് സ്റ്റാർട് എതിരില്ലാത്ത ഒരു ഗോളിനാണ് വിജയിച്ചത്. മത്സരത്തിന്റെ അവസാന നിമിഷത്തിൽ ആണ് ഇന്ന് കിക്ക് സ്റ്റാർട് വിജയ ഗോൾ നേടിയത്. റോജ ദേവിയാണ് വിജയ ഗോൾ നേടിയത്. ഈ വിജയത്തോടെ കിക്ക് സ്റ്റാർടിന് 3 മത്സരങ്ങളിൽ നിന്ന് 9 പോയിന്റ് ഉണ്ട്. ഗോകുലം കേരളക്ക് പിറകിൽ രണ്ടാം സ്ഥാനത്താണ് കിക്ക് സ്റ്റാർട്ട് ഉള്ളത്.

ഗോളടിച്ചടിച്ച് ഗോകുലം കേരള

ഗോകുലം ടീമിന് വനിതാ ലീഗിൽ വലിയ വിജയം. ഇന്ന് ഹാൻസ് വിമനെ നേരിട്ട ഗോകുലം കേരള എതിരില്ലാത്ത ഒമ്പത് ഗോളുകളുടെ വിജയമാണ് ഗോകുലം കേരള സ്വന്തമാക്കിയത്. ഇന്ന് ആദ്യ 25 മിനുട്ടിൽ തന്നെ ഗോകുലം കേരള എതിരില്ലാത്ത 4 ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു. ആദ്യ മിനുട്ടിൽ ഗ്രേസിന്റെ സ്ട്രൈക്കിലൂടെയാണ് ഗോകുലം ഗോളടി തുടങ്ങിയത്. 18ആം മിനുട്ടിൽ ആശാലത ലീഡ് ഇരട്ടിയാക്കി.

21ആം മിനുട്ടിലും 25ആം മിനുട്ടിലും മനീഷ ഗോൾ നേടിയതോടെ ടീം ബഹുദൂരം മുന്നിൽ എത്തി. ആദ്യ പകുതിയുടെ അവസാനം എൽഷദായിയും ഗോകുലത്തിനായി ഗോൾ നേടി.

രണ്ടാം പകുതി രണ്ട് തുടരെ തുടരെയുള്ള ഗോളുകളുമായാണ് ഗോകുലം തുടങ്ങിയത്. 46ആം മിനുട്ടിൽ സമിക്ഷയും 48ആം മിനുട്ടിൽ എൽ ഷദായിയും ആണ് ഗോൾ നേടിയത്‌. 66ആം മിനുട്ടിൽ വിനും അവസാനം ജ്യോതിയും കൂടെ ഗോൾ നേടിയതോടെ ഗോകുലം ജയം പൂർത്തിയായി.
ഗോകുലത്തിന്റെ മൂന്നാം വിജയമാണിത്. 3 മത്സരങ്ങളിൽ നിന്ന് 23 ഗോളുകൾ അടിച്ച ഗോകുലം ഒറ്റ ഗോൾ വഴങ്ങിയിട്ടില്ല.

വനിതാ ലീഗിൽ ഗോകുലം കേരള മൂന്നാം അങ്കത്തിനിറങ്ങും

ഇന്ത്യന്‍ വനിതാ ലീഗ് കിരീടം നിലനിര്‍ത്താന്‍ ഗോകുലം കേരളയുടെ വനിതാ സംഘം ഇന്ന് ലീഗിലെ മൂന്നാം മത്സരത്തിനിറങ്ങും. ഡൽഹി ക്ലബായ ഹാൻസ് ഫുട്ബോൾ ടീമിന് എതിരെയാണ് ഗോകുലം ഇറങ്ങുക.ഭൂവനേശ്വറിലെ ക്യാപിറ്റല്‍ ഗ്രൗണ്ടിലാണ് മത്സരം നടക്കുന്നത്. ആദ്യ രണ്ട് മത്സരത്തിലും അനായാസ ജയം സ്വന്തമാക്കിയ ഗോകുലം കേരളയുടെ പോരാളികള്‍ മൂന്നാം മത്സരത്തിലും ജയം തേടിയാണ് ഇറങ്ങുന്നത്. ആദ്യ മത്സരത്തില്‍ എതിരില്ലാത്ത 12 ഗോളിന് ഒഡിഷ പോലിസിനെ പരാജയപ്പെടുത്തിയ രണ്ടാം മത്സരത്തില്‍ എസ്.എസ്.ബി വനിതാ ഫുട്‌ബോള്‍ ക്ലബുമായി രണ്ട് ഗോളിനായിരുന്നു വിജയം നേടിയത്. ഈ മത്സരത്തില്‍ ഗോള്‍ നേടാന്‍ കൂടുതല്‍ അവസരം ലഭിച്ചെങ്കിലും ഭാഗ്യം തുണച്ചില്ല.

ഇന്ന് വൈകിട്ട് നാലിനാണ് മത്സരം. മുന്നേറ്റത്തില്‍ എല്‍ ഷദായ്, ടിന്‍,മനീഷ കല്യാണ്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ ഫോമിലാണെന്നതാണ് ഗോകുലത്തിന്റെ കരുത്ത്. പ്രതിരോധത്തില്‍ ഡാലിമ ചിമ്പറും മധ്യനിരയില്‍ കഷ്മീനയുമാണ് ഗോകുലത്തിന്റെ കരുത്താണ്. രണ്ട് മത്സരത്തില്‍ 14 ഗോളുകള്‍ എതിര്‍ പോസ്റ്റില്‍ നിക്ഷേപിച്ചപ്പോഴും ഒരു ഗോള്‍ പോലും ഇതുവരെ മലബാറിയന്‍സ് വഴങ്ങിയിട്ടില്ല.

മികച്ച രീതിയിലുള്ള പ്രതിരോധവും ഇന്ത്യന്‍ ദേശീയ താരം അതിഥി ചൗഹാന്റെ ചോരാത്ത കൈകളുമാണ് ഗോകുലം ഗോള്‍ വഴങ്ങാത്തതിന്റെ പ്രധാന കാരണം. എതിര്‍ ടീമുകളുടെ എല്ലാ മുന്നേറ്റങ്ങളേയും മധ്യനിരയില്‍ തന്നെ ചെറുത്ത് തോല്‍പിക്കാന്‍ ഗോകുലം കേരളയുടെ ഡിഫന്‍സീവ് മിഡിന് കഴിയുന്നുണ്ട്.

ഇന്ത്യൻ വനിതാ ലീഗ്, സേതു എഫ് സി അഹമ്മദാബാദ് റാക്കറ്റിനെ വീഴ്ത്തി

ഇന്ത്യൻ വനിതാ ലീഗിൽ സേതു എഫ് സിക്ക് മികച്ച വിജയം. അവർ ഇന്ന് അഹമ്മദബാദ് റാക്കറ്റിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് സേതു പരാജയപ്പെടുത്തിയത്. രണ്ടാം പകുതിയിൽ ആണ് മൂന്ന് ഗോളുകളും പിറന്നത്. 50ആം മിനുട്ടിൽ സന്ധ്യ ആണ് ലീഡ് നൽകിയത്.

59ആം മിനുട്ടിൽ കാർത്തികയുടെ ക്രോസിൽ നിന്ന് രേണു ലീഡ് ഇരട്ടിയാക്കി. 64ആം മിനുട്ടിൽ പൂനം വിജയം ഉറപ്പിച്ച മൂന്നാം ഗോളും നേടി. സേതു എഫ് സിയുടെ തുടർച്ചയായ രണ്ടാം ജയമാണിത്.

ഇന്ത്യൻ വനിതാ ലീഗ്; കിക്ക്സ്റ്റാർട് എഫ് സിക്കും ഒഡീഷ പോലീസിനും വിജയം

ഇന്ത്യൻ വനിതാ ലീഗിൽ കിക്ക് സ്റ്റാർട് എഫ് സിക്കും ഒഡീഷ പോലീസിനും വിജയം. ഇന്ന് സിർവിദം സ്പോർട്സ് ക്ലബിനെ എതിരില്ലാത്ത ഏഴ് ഗോളുകൾക്കാണ് കിക്ക്സ്റ്റാർട് പരാജയപ്പെടുത്തിയത്. കിക്ക് സ്റ്റാർടിന്റെ രണ്ടാം വിജയമാണിത്. കിക്ക് സ്റ്റാർടിനായി റോജ രണ്ട് ഗോളുകൾ നേടി. ഇന്ന് ആദ്യ പകുതിയിൽ തന്നെ കിക്ക്സ്റ്റാർട് 6 ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു.

ആറാം മിനുട്ടിൽ കാവ്യയിലൂടെ അവർ ലീഡ് എടുത്തു. പിന്നാലെ ഒരു സെൽഫ് ഗോൾ കിക്ക്സ്റ്റാർടിന്റെ ലീഡ് ഇരട്ടിയാക്കി. 12ആം മിനുട്ടിൽ കിരൺബാല കൂടെ ഗോൾ നേടിയതോടെ കിക്ക്സ്റ്റാർടിന്റെ ലീഡ് 3 ആയി. 17ആം മിനുട്ടിലും 43ആം മിനുട്ടിലും ആയിരുന്നു റോജയുടെ ഗോളുകൾ. പരമേശ്വരിയും ആദ്യ പകുതിയിൽ കിക്ക് സ്റ്റാർടിനായി ഗോൾ അടിച്ചു.

രണ്ടാം പകുതിയിൽ ലോംചിങും കൂടെ ഗോൾ അടിച്ചതോടെ കിക്ക് സ്റ്റാർടിന്റെ വിജയം പൂർത്തിയായി.

ഒഡീഷ പോലീസ് ഇന്ന് മാതാ രുക്മണി ക്ലബിനെ ആണ് പരാജയപ്പെടുത്തിയത്. ജസ്മണി സമദ് നേടിയ ഏക ഗോളിനായിരുന്നു വിജയം.

വിജയം തുടർന്ന് ഗോകുലം കേരള വനിതകളും

ഏപ്രിൽ 19
ഒഡിഷ : എസ് എസ് ബി വിമൻസ് ഫുട്ബോൾ ക്ലബ്ബിനെതിരെ ഇന്ത്യൻ വിമൻസ് ലീഗിൽ ഗോകുലത്തിന് വിജയം .സ്കോർ 2 -0. ഗോകുലത്തിന് വേണ്ടി 57 ആം മിനിറ്റിൽ എൽഷെഡായും 92 ആം മിനിറ്റിൽ രത്തൻ ബാലയും ഗോളുകൾ നേടി.

മുഴുനീളെ ആക്രമണങ്ങൾ നടത്തിയിട്ടും എസ് എസ് ബിയുടെ ഓഫ് സൈഡ് ട്രാപ്പിൽ പെട്ട് 12 അവസരങ്ങളാണ് ഗോകുലത്തിന് നഷ്ടമായത്. വിങ്ങുകളിലൂടെ ഗോകുലത്തിന്റെ പ്ലയെർസ് നടത്തിയ പലശ്രമങ്ങളെയും എസ് എസ് ബി ചെറുത്തുനിന്നു.

പലപ്പോളും ഗോളെന്നുറപ്പിച്ച ഷോട്ടുകൾ എസ് എസ് ബി ഗോളി തടുത്തിട്ടതിനാലാണ് വിജയം വലിയ മാര്ജിനിലേക്ക് എത്താതെ പോയത്.ലീഗിലെ ഗോകുലത്തിന്റെ തുടർച്ചയായ രണ്ടാമത്തെ വിജയമാണിത്.

23 ന്ന് ഹാൻസ് ഫുട്ബോൾ ക്ലബ്ബിനെതിരെയാണ് ലീഗിലെ ഗോകുലത്തിന്റെ അടുത്ത കളി.

ഇന്ത്യൻ വനിതാ ലീഗ്, സേതു എഫ് സിക്കും വലിയ വിജയം

ഇന്ത്യൻ വനിതാ ലീഗിൽ സേതു എഫ് സിയും വലിയ വിജയത്തോടെ സീസൺ ആരംഭിച്ചു. ഇന്ന് മാതാ രുകമണി എഫ് സിയെ നേരിട്ട സേതു എഫ് സി ഒന്നിനെതിരെ ആറ് ഗോളുകളുടെ വിജയമാണ് നേടിയത്. ഇന്ന് ആദ്യ ഏഴു മിനുട്ടിൽ തന്നെ സേതു എഫ് സി രണ്ട് ഗോളുകൾക്ക് മുന്നിലെത്തി. അഞ്ജു തമാംഗും എലിസബത്തും ആണ് തുടക്കത്തിൽ തന്നെ ഗോളുകൾ നേടിയത്. 15ആം മിനുട്ടിൽ മരിയമ്മാളിലൂടെ മൂന്നാം ഗോൾ വന്നു.

24ആം മിനുട്ടിൽ സഞ്ജുവിലൂടെ ആയിരുന്നു നാലാം ഗോൾ. പിന്നാലെ ഗ്രേസിലൂടെ അഞ്ചാം ഗോളും വന്നു. ആദ്യ പകുതി 5-0ന് അവസാനിച്ചു. രണ്ടാം പകുതിയിൽ രേണുവിലൂടെ അവർ ആറാം ഗോളും നേടി.

ആറാട്ടല്ല!! അതുക്കും മേലെ… ഗോകുലം കേരളക്ക് വമ്പൻ വിജയം

ഇന്ത്യൻ വനിതാ ലീഗിലെ നിലവിലെ ചാമ്പ്യന്മാരായ ഗോകുലം കേരളക്ക് തകർപ്പൻ വിജയം. ഇന്ന് ഒഡീഷ പോലീസിന് എതിരെ ഇറങ്ങിയ ഗോകുലം എതിരില്ലാത്ത 10 ഗോളുകൾക്കാണ് വിജയിച്ചത്. ഇന്ത്യൻ താരം മനീഷ കല്യാൺ മാത്രം അഞ്ചു ഗോളുകൾ ഇന്ന് ഗോകുകത്തിനായി നേടി. ഇന്ന് ആദ്യ 33 മിനുട്ടുകളിൽ തന്നെ മനീഷ ഹാട്രിക്ക് തികച്ചിരുന്നു.

17ആം മിനുട്ടിൽ ഗോളടി തുടങ്ങിയ മനീഷ 26, 33, 45 മിനുട്ടുകളിൽ ഗോളടിച്ചു. 25ആം മിനുട്ടിലെ വിനിന്റെ ഗോളും 37ആം മിനുട്ടിലെ ഗ്രേസിന്റെ ഗോളും കൂടെ ആയതോടെ ഗോകുലം ആദ്യ പകുതിയിൽ 6 ഗോളുകൾക്ക് മുന്നിൽ. രണ്ടാം പകുതിയുടെ തുടക്കത്തിൽ മദുസ്മിതയിലൂടെ ഗോകുലത്തിന്റെ ഏഴാം ഗോൾ വന്നു. സബ്ബായി എത്തിയ അൽ ഷദായിയിലൂടെ 61ആം മിനുട്ടിൽ എട്ടാം ഗോൾ.

73ആം മിനുട്ടിൽ രഞ്ജന ചാനുവും പിന്നാലെ മനീഷ തന്റെ അഞ്ചാം ഗോളും നേടിയതോടെ ഗോളെണ്ണം 10 കടന്നു. പിന്നെ 77ആം മിനുട്ടിൽ കരിശ്മയിലൂടെ 11ആം ഗോളും പിന്നാലെ എൽ ഷദായിയുയ്യെ വക 12ആം ഗോളും. ഒരു ഡസ്ൻ ഗോളുകൾ.

ഇനി ഏപ്രിൽ 19ന് എസ് എസ് ബി വിമനെതിരെയാണ് ഗോകുലത്തിന്റെ മത്സരം.

ഇന്ത്യൻ വനിതാ ലീഗ്, ആരോസിന് വലിയ വിജയം

ഇന്ത്യൻ വനിതാ ലീഗിൽ ഇന്ത്യൻ ആരോസിന് വിജയ തുടക്കം. ലീഗിൽ ആദ്യമായി അരങ്ങേറുന്ന ആരോസ് സിർവോദം സ്പോർട്സ് ക്ലബിനെ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. ആദ്യ 25 മിനുട്ടിൽ തന്നെ ആരോസ് ഇന്ന് മൂന്ന് ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു. നവോറം പ്രിയങ്കദേവി മൂന്നാം മിനുട്ടിൽ ആരോസിന് ലീഡ് നൽകി.

23ആം മിനുട്ടിൽ അപുർണ നർസാറിയിലൂടെ രണ്ടാം ഗോളും 25ആം മിനുട്ടിലും അമിഷ ബാലയിലൂടെ ആരോസ് മൂന്നാം ഗോളും നേടി. രണ്ടാം പകുതിയുടെ അവസാനം പ്രിയങ്കാദേവി തന്റെ രണ്ടാം ഗോളും കൂടെ നേടിയതോടെ ആരോസ് വിജയം ഉറപ്പിച്ചു.

Exit mobile version