വീണ്ടും വൻ വിജയം, എതിരാളികൾ ഇല്ലാതെ ഗോകുലം കേരള

ബ്രേക്കില്ലാതെ ഗോകുലം കേരള

ഇന്ത്യന്‍ വനിതാ ലീഗില്‍ ഗോകുലം കേരള വനിതാ ടീമിന് ജയം. ഇന്ന് നടന്ന മത്സരത്തില്‍ എതിരില്ലാത്ത എട്ട് ഗോളിന് മാതാ രുഗ്മിണി ഫുട്‌ബോള്‍ ക്ലബിനെയാണ് ഗോകുലം കേരള പരാജയപ്പെടുത്തിയത്. മൂന്നാം മിനുട്ടില്‍ മനീഷ കല്യാണിന്റെ ഗോളോടെയായിരുന്നു ഗോകുലം ഗോള്‍ വേട്ടക്ക് തുടക്കമിട്ടത്. മത്സരം പുരോഗമിക്കുന്നതിനിടെ മധ്യനിര താരം കഷ്മിന പരുക്കേറ്റ് പുറത്ത് പോയി. പിന്നീട് മഞ്ജുവായിരുന്നു കളത്തിലെത്തിയത്. 17ാം മിനുട്ടില്‍ ഗോകുലം കേരളയുടെ രണ്ടാം ഗോളും പിറന്നു. സൗമ്യയുടെ വകയായിരുന്നു ഗോകുലത്തിന്റെ രണ്ടാം ഗോള്‍. രണ്ട് ഗോള്‍ വന്നതോടെ എതിര്‍ ടീം ബസ് പാര്‍ക്കിങ് പ്രതിരോധം പുറത്തെടുത്തു. എന്നാല്‍ കിട്ടിയ അവസരത്തിലെല്ലാം ഗോകുലം അവസരം മുതലെടുത്തു. 19ാം മിനുട്ടില്‍ ഘാന താരം എല്‍ഷദായിലൂടെ ഗോകുലം ലീഡ് മൂന്നാക്കി ഉയര്‍ത്തി. പിന്നീട് 25, 28 മിനുട്ടുകളില്‍കൂടി ഗോള്‍ നേടിയതോടെ എല്‍ ഷദായി ഹാട്രിക് സ്വന്തമാക്കുകയും ഗോകുലത്തിന്റെ സ്‌കോര്‍ 5-0 എന്നാക്കുകയും ചെയ്തു. ആദ്യ പകുതിയുടെ അധിക സമയത്ത് സൗമ്യ രണ്ടാം ഗോളും നേടിയതോടെ ആദ്യ പകുതിയില്‍ എതിരില്ലാത്ത ആറു ഗോളിന്റെ ലീഡ് സ്വന്തമാക്കാന്‍ ഗോകുലം കേരളക്കായി. 20220501 182247

താരതെമ്യേന ഈസി മത്സരം ആയതിനാല്‍ രണ്ടാം പകുതിയില്‍ ഗോകുലം പല താരങ്ങളേയും പിന്‍വലിച്ചു. മുന്നേറ്റത്തില്‍ നിന്ന് മനീഷ, പ്രതിരോധത്തില്‍ നിന്ന് ഡാലിമ ചിബ്ബര്‍, എല്‍ ഷദായ് തുടങ്ങിയവരെ പിന്‍വലിച്ചു. എങ്കിലും ഗോകുലത്തിന്റെ ഗോള്‍ദാഹത്തിന് കുറവുണ്ടായില്ല. 66ാം മിനുട്ടില്‍ മാനസയുടെ ഗോള്‍ പിറന്നു. ഇതോടെ ഇന്ത്യന്‍ വനിതാ ലീഗില്‍ ഗോള്‍ നേടുന്ന രണ്ടാമത്തെ മലയാളി താരമാകാന്‍ മാനസക്ക് കഴിഞ്ഞു. പകരക്കാരിയായി എത്തിയ ജ്യോതികൂടി ഗോള്‍ സ്വന്തമാക്കിയതോടെ ഗോകുലത്തിന്റെ ഗോള്‍ പട്ടിക പൂര്‍ത്തിയായി. 85ാം മിനുട്ടിലായിരുന്നു ജ്യോതിയുടെ ഗോള്‍. 5ന് കലിങ്ക സ്‌റ്റേഡിയത്തില്‍ അറ എഫ്.സിക്കെതിരേയാണ് ഗോകുലത്തിന്റെ അടുത്ത മത്സരം.

ഗോകുലത്തിന്റെ അഞ്ചാം വിജയമാണിത്.5 മത്സരങ്ങളിൽ നിന്ന് 37 ഗോളുകൾ അടിച്ച ഗോകുലം ഒരു ഗോൾ മാത്രമാണ് വഴങ്ങിയത്.