അന്തർ സർവ്വകലാശാലാ ഫുട്ബോൾ കാലിക്കറ്റും എം.ജിയും പ്രീ ക്വാർട്ടറിൽ

അണ്ണാമലൈ യൂണിവേഴ്സിറ്റി: തമിഴ്നാട് ചിതംബരം അണ്ണാമലൈ സർവ്വകലാശാലയിൽ ഇന്നലെ ആരംഭിച്ച ദക്ഷിണേന്ത്യൻ അന്തർ സർവ്വകലാശാലാ വനിതാ ഫുട്ബോളിൽ ആദ്യമത്സരം ആന്ധ്രാ സർവ്വകലാശാലയ്ക്കെതിരെ വാക്കോവർ ലഭിച്ച കാലിക്കറ്റ് സർവ്വകലാശാല, രണ്ടാം മത്സരത്തിൽ ഒന്നിനെതിരെ നാല് (4-1) ഗോളുകൾക്ക് കോയമ്പത്തൂർ ഭാരതിയാർ സർവ്വകലാശാലയെ പരാജയപ്പെടുത്തി. ഇതോടെ നാളെ നടക്കുന്ന പ്രീ ക്വാർട്ടർ ഫൈനലിന് യോഗ്യത നേടി. കാലിക്കറ്റിന് വേണ്ടി തൃശൂർ ഇരിങ്ങാലക്കുട സെന്റ്. ജോസഫ്സ് കോളജിന്റെ നിധിയ രണ്ടു ഗോളുകളും തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിന്റെ  അനഘയും ചാലക്കുടി കാർമ്മൽ കോളജിന്റെ അതുല്യയും ഓരോ ഗോളുകൾ വീതവും നേടി.

ഇന്നലെ കാലത്ത് 7 മണിക്ക് നടന്ന ടൂർണ്ണമെന്റിലെ ആദ്യ മത്സരത്തിൽ തിരുച്ചിറപ്പള്ളി ഭാരതി ദാസൻ യൂണിവേഴ്സിറ്റി ബാഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയെ 2-1 ന് പരാജയപ്പെടുത്തി. മറ്റു മത്സരങ്ങളിൽ കോട്ടയം എം.ജി യൂണിവേഴ്സിറ്റി 2-1 ന് തിരുന്നൽവേലി മനോൻമണിയൻ എം.എസ് യൂണിവേഴ്സിറ്റിയേയും, കോയമ്പത്തൂർ അവിനാശിലിംഗം യൂണിവേഴ്സിറ്റി 3 -1 ന് ചെന്നൈ സവിത യൂണിവേഴ്സിറ്റിയേയും, ബൽഗാം വിശേശ്വരയ്യ ടെക്നിക്കൽ യൂണിവേഴ്സിറ്റി 1-0 ന് കോയമ്പത്തൂർ കാരുണ്യ യൂണിവേഴ്സിറ്റിയേയും,  വിരുതുനഗർ കലസലിംഗം യൂണിവേഴ്സിറ്റി 1 – 0 ന് ബാഗ്ലൂർ യൂണിവേഴ്സിറ്റിയേയും പരാജയപ്പെടുത്തി പ്രീ ക്വാർട്ടറിൽ പ്രവേശിച്ചു.

ഇന്നലെ വൈകിട്ട് നടന്ന അവസാന മത്സരത്തിൽ ഭാരതി ദാസൻ 2-0 ന് ചെന്നൈ അണ്ണാ യൂണിവേഴ്സിറ്റിയെ പരാജയപ്പെടുത്തി രണ്ട് വിജയവുമായി പ്രീക്വാർട്ടറിൽ പ്രവേശിച്ചു.

ഫിക്സ്ച്ചർ പ്രകാരം കേളത്തിൽ നിന്നും പങ്കെടുക്കേണ്ടിയിരുന്ന കേരളാ, കണ്ണൂർ, കാലടി ശ്രീ ശങ്കരാചാര്യ എന്നീ യൂണിവേഴ്സിറ്റികളും മാഗ്ലൂർ, പോണ്ടിച്ചേരി, ബീജാപൂർ അക്കാ മഹാദേവീ കർണ്ണാടക വിമൺസ് യൂണിവേഴ്സിറ്റി എന്നിവയും ടൂർണ്ണമെന്റിന് എത്തിച്ചേരാത്തതിനാൽ തമിഴ്നാട് സ്പോർട്സ് യൂണിവേഴ്സിറ്റിയും സേലം പെരിയാർ യൂണിവേഴ്സിറ്റിയും വാക്കോവറിലൂടെ പ്രീക്വാർട്ടറിൽ പ്രവേശിച്ചു.

     പ്രീ ക്വാർട്ടറിൽ ഇന്ന് കാലത്ത് 7 മണിക്ക് രണ്ട് മൈതാനങ്ങളിലായി , യഥാക്രമം, തിരുച്ചിറപ്പള്ളി ഭാരതി ദാസൻ സേലം പെരിയാറിനോടും അവിനാശിലിംഗം യൂണിവേഴ്സിറ്റി ബൽഗാം വിശേശ്വരയ്യ ടെക്നിക്കൽ യൂണിവേഴ്സിറ്റിയോടും മത്സരിക്കും.  9 മണി മുതൽ രണ്ട് മൈതാനങ്ങളിലായി, യഥാക്രമം, കാലിക്കറ്റ് യൂണിവേഴ്സിറ്റി തമിഴ്നാട് സ്പോർട്സ് യൂണിവേഴ്സിറ്റിയോടും കോട്ടയം എം.ജി യൂണിവേഴ്സിറ്റി വിരുതുനഗർ കലസലിംഗം യൂണിവേഴ്സിറ്റിയോടും മത്സരിക്കും.

പ്രീ ക്വാർട്ടർ വിജയികൾ നാളെ നടക്കുന്ന നാല് ക്വാർട്ടർ ഫൈനൽ മത്സരങ്ങളിൽ കഴിഞ്ഞ വർഷത്തെ ഒന്നും രണ്ടും മൂന്നും നാലും സ്ഥാനക്കാരായി സ്വീഡ് ചെയ്യപെട്ടു വരുന്ന തിരുവള്ളുവർ, മദ്രാസ് അണ്ണാമലൈ, മധുര കാമരാജ് എന്നീ സർവ്വകലാശാലകളുമായി മത്സരിക്കും. നവംബർ ഒന്ന് , രണ്ട് തിയ്യതികളിലായി സെമി ഫൈനൽ ലീഗ് മത്സങ്ങൾ നടക്കും. നാല് സെമി ഫൈനലിസ്റ്റുകളും ജനുവരിയിൽ ഗ്വാളിയോറിൽ നടക്കുന്ന അഖിലേന്ത്യാ  അന്തർ സർവ്വകലാശാലാ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും.

അണ്ണാമലൈ യൂണിവേഴ്സിറ്റി സിൻഡിക്കറ്റ് മെംബർ ഡോക്ടർ ഉമാമഹേശ്വരൻ ടൂർണ്ണമെന്റ് ഉൽഘാടനം ചെയ്തു, അണ്ണാമലൈ യൂണിവേഴ്സിറ്റി ഇന്ത്യൻ ഭാഷാ വിഭാഗം ഡീൻ ഡോക്ടർ. വി തിരുവള്ളുവർ മുഖ്യാതിഥിയായിരുന്നു. കായിക വിഭാഗം തലവൻ ഡോ. സുധൻ പോൾ രാജ്, ഡോക്ടർ.എം. രാജശേഖരൻ, ഡോക്ടർ.ആർ. ഗോപി എന്നിവർ ടൂർണ്ണമെന്റിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleലെപ്സിഗിന് വീണ്ടും തോൽവി, ബയേൺ ഒന്നാമത്
Next articleകളിക്കിടെ മൂത്രശങ്ക; സാൽഫോർഡ് സിറ്റി താരത്തിന് നാണക്കേടിന്റെ ചുവപ്പു കാർഡ്