ഒളിമ്പിക്സ് യോഗ്യത, പൊരുതി നിന്ന ഇന്ത്യയെ തടഞ്ഞ് ഗോൾ ഡിഫറൻസ്

- Advertisement -

2020 ഒളിമ്പിക്സ് ഫുട്ബോളിനായുള്ള രണ്ടാം ഘട്ട യോഗ്യതാ റൗണ്ടിലെ അവസാന പോരാട്ടത്തിൽ മ്യാന്മാറിനെതിരെ ഉജ്ജ്വല പ്രകടനം കാഴ്ചവെച്ചിട്ടും ഇന്ത്യ മൂന്നാം റൗണ്ടിലേക്ക് കടന്നില്ല. ഇന്ന് മ്യാന്മാറിനെ 3-3 എന്ന സ്കോറിന് സമനിലയിൽ പിടിച്ച ഇന്ത്യ ഗോൾ ഡിഫറൻസ് കുറവായതിനാൽ രണ്ടാം സ്ഥാനത്തേക്ക് ആവുകയായിരുന്നു. ഗ്രൂപ്പിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യക്കും മ്യാന്മാറിനും 7 പോയന്റ് വീതമായിരുന്നു ഉള്ളത്. +8 ഗോൾ ഡിഫറൻസ് ആയി ഉള്ളത് മ്യാന്മാറിനെ തുണച്ചു. ഗ്രൂപ്പിൽ ആദ്യം എത്തുന്ന ടീം മാത്രമെ യോഗ്യത നേടുകയുള്ളൂ.

ഇന്നു രണ്ട് തവണ ലീഡ് എടുത്തു എങ്കിലും ഇന്ത്യ അവസാനം സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വരുകയായുരുന്നു‌. കളിയുടെ 10ആം മിനുട്ടിൽ സന്ധ്യയിലൂടെ ഇന്ത്യയാണ് ആദ്യം ഗോൾ നേടിയത്. ഏഴ് മിനുട്ട് കൊണ്ട് ആ ഗോൾ മടക്കാൻ മ്യാന്മാറിനായി. 22ആം മിനുട്ടിലേക്ക് 2-1ന് മുന്നിൽ എത്താനും മ്യാന്മാറിനു കഴിഞ്ഞു. പിന്നീട് നിരന്തരം ആക്രമിച്ച ഇന്ത്യ 32ആം മിനുട്ടിൽ സഞ്ജുവിലൂടെ സ്കോർ 2-2 എന്നാക്കി. 64ആം മിനുട്ടിൽ രത്ന ബാലയുടെ ഒരു റോക്കറ്റ് ഫിനിഷിൽ ഇന്ത്യ വീണ്ടും ലീഡിൽ എത്തി. പക്ഷെ ആ ലീഡും നീണ്ടു നിന്നില്ല. 72ആം മിനുടട്ടിൽ വീണ്ടും സ്കോർ ചെയ്ത് മ്യാന്മാർ കളി 3-3 എന്നാക്കി.

ചരിത്രത്തിൽ ഇതുവരെ ഇന്ത്യൻ ഒളിമ്പിക് യോഗ്യതാ റൗണ്ടിന്റെ മൂന്നാം റൗണ്ടിൽ കടന്നിട്ടില്ല. മ്യാന്മാറിനെതിരെ അവസാന മൂന്ന് തവണ മത്സരിച്ചപ്പോഴും ഇന്ത്യ പരാജയപ്പെട്ടിരുന്നു. മ്യാന്മാറിൽ വെച്ചാണ് മത്സരം എന്നതും അവർക്ക് ഇന്ന് മുൻതൂക്കം നൽകി.

Advertisement