ഒളിമ്പിക്സ് ഫുട്ബോൾ യോഗ്യതാ, രണ്ടാം മത്സരവും ജയിച്ച് ഇന്ത്യൻ വനിതകൾ

- Advertisement -

2020 ഒളിമ്പിക്സ് ഫുട്ബോളിനായുള്ള രണ്ടാം ഘട്ട യോഗ്യതാ റൗണ്ടിൽ വിജയം തുടർന്ന് ഇന്ത്യ. മ്യാന്മാറിൽ നടക്കുന്ന യോഗ്യതാ റൗണ്ടിന്റെ രണ്ടാം മത്സരത്തിൽ ഇന്ത്യൻ ടീം ഇന്ന് നേപ്പാളിനെ ആണ് പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ആയിരുന്നു ഇന്ത്യയുടെ വിജയം. ശക്തമായ പോരാട്ടമായിരുന്നു ഇന്ന് നടന്നത്. കളിയുടെ ആറാം മിനുട്ടിൽ തന്നെ ഇന്ത്യ ഒരു സെൽഫ് ഗോളിലൂടെ മുന്നിൽ എത്തി. പക്ഷെ അടുത്ത നിമിഷം തന്നെ തിരിച്ചടിക്കാൻ നേപ്പാളിനായി. സ്കോർ ഏഴാം മിനുട്ടിൽ തന്നെ 1-1 എന്നായി.

പിന്നീട് ആക്രമണങ്ങൾക്ക് മൂർച്ച കൂട്ടിയ ഇന്ത്യ കളിയുടെ 60ആം മിനുട്ടിൽ വീണ്ടു ലീഡ് നേടി. ഗോകുലം കേരള എഫ് സി താരം ദലിമ ചിബറിന്റെ ക്രോസിൽ നിന്ന് സന്ധ്യ ആയിരുന്നു ആ ഗോൾ നേടിയത്‌. 78ആം മിനുട്ടിൽ ആശാലതയിലൂടെ ഇന്ത്യ മൂന്നാം ഗോളും നേടി. തുടർച്ചയായ രണ്ടാം തവണയാണ് ഇന്ത്യ നേപ്പാളിനെ തോൽപ്പിക്കുന്നത്‌‌‌. കഴിഞ്ഞ സാഫ് കപ്പ് ഫൈനലിലും ഇന്ത്യ നേപ്പാളിനെ വീഴ്ത്തിയിരുന്നു. ഇനി കരുത്തരായ മ്യാന്മാർ ആണ് ഇന്ത്യയുടെ എതിരാളികൾ.

Advertisement