ആഴ്സണലിന്റെ മിയദെമ മിന്നി, പ്രീക്വാർട്ടർ ഉറപ്പിച്ച് ഹോളണ്ട്

ഫ്രാൻസിൽ നടക്കുന്ന വനിതാ ലോകകപ്പിൽ ഹോളണ്ട് പ്രീക്വാർട്ടറിൽ കടന്നു. ഇന്ന് ശക്തമായ പോരാട്ടത്തിൽ കാമറൂണിനെ ആണ് ഹോളണ്ട് പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ഹോളണ്ടിന്റെ വിജയം. ആദ്യ പകുതിയിൽ ശക്തമായി പൊരുതി നിന്ന കാമറൂണെ രണ്ടാം പകുതിയിലാണ് ഹോളണ്ടിന് മറികടക്കാൻ ആയത്.

കളിയുടെ 41ആം മിനുട്ടിൽ ആഴ്സണലിന്റെ യുവ സ്ട്രൈക്കർ മിയദമയിലൂടെ ഹോളണ്ട് മുന്നിക് എത്തിയതായിരുന്നു. എന്നാൽ പെട്ടെന്ന് തന്നെ തിരിച്ചടിച്ചു കൊണ്ട് കാമറൂൺ സമനില പിടിച്ചു. 43ആം മിനുട്ടിൽ ഒനുഗ്യൂൻ ആണ് കാമറൂണിനായി സ്കോർ ചെയ്തത്. രണ്ടാം പകുതിയിൽ പക്ഷെ ഹോളണ്ട് ലീഡ് തിരികെ പിടിച്ചു. 48ആം മിനുട്ടിൽ ബ്ലഡ്വർത്ത് ആണ് ഹോളണ്ടിനെ വീണ്ടും മുന്നിൽ എത്തിച്ചത്. പിന്നാലെ മിയദമെയുടെ രണ്ടാം ഗോളിലൂടെ ഹോളണ്ട് വിജയം ഉറപ്പിക്കുകയും ചെയ്തു. മിയദമെ ആണ് കളിയിലെ മികച്ച താരമായത്.