ഫ്രാൻസിന്റെ വമ്പൻ ജയത്തോടെ ലോകകപ്പിന് തുടക്കം

ഫ്രാൻസിൽ നടക്കുന്ന എട്ടാമത് വനിതാ ഫുട്ബോൾ ലോകകപ്പിന് ആവേശകരമായ തുടക്കം. ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ ആതിഥേയരായ ഫ്രാൻസ് കൊറിയയെ ഏകപക്ഷീയമായി തോൽപ്പിച്ചു. ഫ്രാൻസ് നിരയുടെ അറ്റാക്കിംഗ് ഫുട്ബോൾ കണ്ട മത്സരത്തിൽ എതിരില്ലാത്ത നാലു ഗോളുകൾക്കായിരുന്നു ഫ്രാൻസിന്റെ വിജയം. ഡിഫൻഡറായ വെൻഡീ റെനാർഡിന്റെ ഇരട്ട ഗോളുകളാണ് ഫ്രാൻസിന് വലിയ ജയം നൽകിയത്.

മത്സരം ആരംഭിച്ച് ആദ്യ നിമിഷങ്ങളിൽ തന്നെ ഫ്രാൻസ് അറ്റാക്ക് തുടങ്ങിയിരുന്നു. ലോക റാങ്കിംഗിൽ മൂന്നാമതുള്ള ഫ്രാൻസിനോട് അധിക സമയം പൊരുതി നിൽക്കാൻ കൊറിയൻ ഡിഫൻസിനായില്ല. ലിയോൺ താരം ലെ സൊമറിന്റെ ബൂട്ടിൽ നിന്നായിരു‌ന്നു ആദ്യ ഗോൾ വന്നത്. പിന്നീട് ഹാഫ് ടൈമിന് മുമ്പ് രണ്ട് സെറ്റ് പീസുകൾ മുതലെടുത്ത് ഡിഫൻഡർ റെൻഡി രണ്ട് ഗോളുകൾ നേടി. രണ്ടാം പകുതിയിൽ അമാൻഡിനെ ഹെൻറി ഗോൾ പട്ടിക പൂർത്തിയാക്കുകയും ചെയ്തു.

ഇന്ന് മൂന്ന് മത്സരങ്ങൾ വനിതാ ലോകകപ്പിൽ നടക്കും. ജർമ്മനി ചൈനയേയും, സ്പെയിൻ ആഫ്രിക്കയേയും, നോർവേ നൈജീരിയയേയും നേരിടും.

Exit mobile version