അപരാജിതരായി പ്രീമിയർ ലീഗ് കിരീടത്തിൽ മുത്തമിട്ട് ചെൽസി

- Advertisement -

വനിതാ പ്രീമിയർ ലീഗ് കിരീടം ചെൽസി സ്വന്തമാക്കി. ഇന്നലെ ബ്രിസ്റ്റൽ സിറ്റിയെ നേരിടാൻ ഇറങ്ങിയ ചെൽസിക്ക് ഒരു സമനില മതിയായിരുന്നു കിരീടത്തിൽ മുത്തമിടാൻ പക്ഷെ സമനിലയ്ക്ക് ഒന്നും നിൽക്കാതെ ജയത്തോടെ തന്നെ ചെൽസി കിരീടം ഉയർത്തി. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ചെൽസിയുടെ ജയം. ചെൽസിക്ക് വേണ്ടി സ്പെൻസും ആൻഡേർസണുമാണ് ഗോളുകൾ നേടിയത്.

ജയത്തോടെ ചെൽസിക്ക് 41 പോയന്റായി. രണ്ടാം സ്ഥാനത്തുള്ള അവസാന വർഷത്തെ ചാമ്പ്യന്മാരായ സിറ്റിക്ക് 32 പോയന്റാണ് ഇപ്പോൾ ഉള്ളത്. ഇനി എല്ലാ മത്സരങ്ങളും വിജയിച്ചാലും സിറ്റിക്ക് ചെൽസിയുടെ ഒപ്പം എത്താൻ കഴിയില്ല. അവസാന രണ്ട് റൗണ്ടുകളിൽ ഏറ്റ രണ്ട് പരാജയങ്ങളാണ് കിരീടം നിലനിർത്തുന്നതിൽ നിന്ന് സിറ്റിയെ തടഞ്ഞത്. ഒറ്റ മത്സരം പരാജയപ്പെടാതെ ആണ് ചെൽസിയുടെ കിരീട നേട്ടം.

ചെൽസിയുടെ രണ്ടാം ലീഗ് കിരീടമാണിത്. 2015ലും ചെൽസി കിരീടം നേടിയിരുന്നു. 2015ലെ പോലെ തന്നെ ഇത്തവണയും ഡബിൾ കിരീടങ്ങളാണ് ചെൽസി സ്വന്തമാക്കിയത്. നേരത്തെ എഫ് എ കപ്പും ചെൽസി ഉയർത്തിയിരുന്നു. ചെൽസിയുടെ അഞ്ചാം മേജർ കിരീടമാണിത്. അഞ്ചു കിരീടങ്ങളും എമ്മ ഹെയ്സിന്റെ കീഴിൽ തന്നെയായിരുന്നു. കിരീടത്തോടെ ഇതിഹാസ താരം ചാപ്മാനെ യാത്രയയക്കാം എന്നതും കിരീടത്തിന് മധുരം കൂട്ടുന്നു. ഫ്രാൻ കിർബിയുടെ ഉജ്ജല ഫോമാണ് ചെൽസി കിരീട നേട്ടത്തിലെ പ്രധാന ശക്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement