വിവാദങ്ങളെ തോൽപ്പിച്ച് മാർതയും ബ്രസീലും ചൈനയിൽ കിരീടമുയർത്തി!!

- Advertisement -

ബ്രസീൽ വനിതാ ടീം വിവാദങ്ങൾക്ക് ഇടയിലൂടെ നീന്തി കിരീടവുമായി മടങ്ങിയിരിക്കുന്നു. ചൈനയിൽ നടന്നുവരികയായിരുന്ന യോങ്ചുവാൻ ചതുരാഷ്ട്ര ടൂർണമെന്റിലാണ് മാർത നയിച്ച ബ്രസീൽ കിരീടം ഉയർത്തിയത്. വനിതാ ഫുട്ബോൾ ടീം കോച്ചിനെ ബ്രസീൽ പുറത്താക്കിയതുമായി സംബന്ധിച്ച വിവാദം കാരണം അഞ്ചോളം ബ്രസീൽ സീനിയർ താരങ്ങൾ രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിച്ചിരുന്നു.

ബ്രസീലിനെ കൂടാതെ, മെക്സിക്കോ, ചൈന, ഉത്തര കൊറിയ എന്നീ ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുത്തിരുന്നത്. മൂന്നു മത്സരങ്ങളിൽ രണ്ട് ജയവും ഒരു സമനിലയുമായി 7 പോയന്റുമായി ഒന്നാമത് വന്നാണ് ബ്രസീൽ കിരീടം ഉറപ്പിച്ചത്. ഇന്ന് നടന്ന ടൂർണമെന്റിലെ അവസാന മത്സരത്തിൽ ചൈന ബ്രസീലിനെ 2-2 എന്ന സ്കോറിന് സമനിലയിൽ തളച്ചു എങ്കിലും കിരീടം ബ്രസീൽ കൊണ്ടുപോയി.

മൂന്നു മത്സരങ്ങളിൽ നിന്നായി നാലു ഗോളടിച്ച് മാർത തന്നെയാണ് ബ്രസീലിനെ മുന്നിൽ നിന്ന് നയിച്ചത്. മറ്റു സീനിയർ താരങ്ങൾ വിരമിച്ചു പ്രതിഷേധിച്ചപ്പോഴും വിരമിക്കില്ല എന്നായിരുന്നു മാർതയുടെ തീരുമാനം. ആദ്യ മത്സരത്തിൽ മെക്സിക്കോയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കും രണ്ടാം മത്സരത്തിൽ നോർത്ത് കൊറിയയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കും ബ്രസീൽ പരാജയപ്പെടുത്തിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement