
വനിതാ ഐലീഗിന് നിറം മങ്ങിയ തുടക്കം എന്നുതന്നെ പറയാം. വനിതാ ഫുട്ബോൾ ലോകത്തെങ്ങും മുന്നേറുമ്പോൾ അതിലേക്കുള്ള ഇന്ത്യയുടെ ചുവടായാണ് വനിതാ ഐ ലീഗിനെ കണ്ടത്. എന്നാൽ ആ വനിതാ ഐലീഗിൽ ഇന്ന് കണ്ടത് ഫുട്ബോളിന് തന്നെ അപമാനകരമായ റഫറിയിംഗ് ആയിരുന്നു. ഐ ലീഗിലേയും ഐ എസ് എല്ലിലേയും ഒരു ക്ലബു പോലും വനിതാ ഐ ലീഗിനെ തിരിഞ്ഞു നോക്കാതിരുന്നപ്പോൾ ഒരു വനിതാ ടീമുമായി വരാൻ ധൈര്യം കാണിച്ച ഗോകുലത്തെ റഫറി ഒറ്റയ്ക്ക് തോൽപ്പിച്ചു എന്ന് തന്നെ പറയാം.
കഴിഞ്ഞ തവണത്തെ ലീഗിലെ റണ്ണേഴ്സ് അപ്പായ റൈസിംഗ് സ്റ്റുഡന്റ്സ് എന്ന ശക്തർക്കെതിരെ ഇറങ്ങിയ ഗോകുലം കളി കളിയായി നടന്നിരുന്നു എങ്കിൽ വിജയിച്ചേനെ. ക്ലബ് ചരിത്രത്തിലെ ആദ്യ മത്സരമായിട്ട് വരെ മികച്ച രീതിയിൽ തുടങ്ങിയ ഗോകുലത്തെ പിടിച്ചു കെട്ടാൻ തുടക്കം മുതലെ കൈയ്യാംകളി ആയിരുന്നു റൈസിംഗിന്റെ ടാക്ടിക്സ്. ഗോകുലത്തിന്റെ ഉഗാണ്ടൻ താരങ്ങളെ തടുക്കാൻ അതല്ലാതെ അവർക്ക് മാർഗമുണ്ടായിരുന്നില്ല. എന്നാൽ മത്സരത്തിൽ ഗോകുലത്തിനെതിരെ ചെയ്ത് ഫൗളുകളൊന്നും റഫറി കണ്ടില്ല.
ഫൗളുകൾ കാണാത്ത റഫറി പക്ഷെ 16ആം മിനുട്ടിൽ ഗോകുലം നേടിയ ഗോളിൽ ആരും കാണാത്ത ഓഫ്സൈഡ് കണ്ടു. ഗോകുലത്തിന്റെ ഉഗാണ്ടൻ താരം ഫാസിലയുടെ മുന്നേറ്റത്തിനൊടുവിൽ ഒരു സെൽഫ് ഗോൾ പിറന്നപ്പോൾ റഫറി ഓഫ് സൈഡ് വിളിക്കുകയായിരുന്നു. അതോടെ തന്നെ കളിയിലെ റഫറിമാരുടെ നയം വ്യക്തമായിരുന്നു. ഗോകുലത്തിന്റെ ഓഫ് സൈഡ് വിളിച്ചവർ എതിർപോസ്റ്റിൽ വ്യക്തമായ ഓഫ്സൈഡിൽ റൈസിംഗ് വലകുലുക്കിയപ്പോൾ ഓഫ് സൈഡ് ഫ്ലാഗ് പൊക്കാതെ ഇരുന്നതോടെ ഗോകുലത്തിന്റെ പരാജയം പൂർത്തിയായി.
എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് റൈസിംഗ് ആണ് വിജയിച്ചത് എന്ന് സ്കോർബോർഡ് പറയുന്നുണ്ട് എങ്കിലും ജയിച്ചത് റഫറിമാരാണെന്ന് പറയേണ്ടി വരും. ഇന്ത്യൻ പ്രൊഫഷണൽ ഫുട്ബോളിനെ സെവൻസ് മൈതാനങ്ങളിലെ കമ്മിറ്റി റഫറിയിങ്ങിലേക്ക് വലിച്ച് താഴ്ത്തുന്നതിന് എ ഐ എഫ് എഫിനും ഒരു കയ്യടി കൊടുക്കാം.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial