primus mobile
primus mobile

ഒന്നാമതെത്താനുള്ള സുവർണ്ണാവസരം ബാഴ്സലോണ തുലച്ചു

വനിതാ ലാലിഗയിൽ ഒന്നാമതെത്താനുള്ള സുവർണ്ണാവസരം ബാഴ്സലോണ തുലച്ചു. ഇന്നലെ നടന്ന നിർണായക മത്സരത്തിൽ ദുർബലരായ സ്പോർടിംഗ് ഡെ ഹുവേല്വയോട് സമനില വഴങ്ങിയതാണ് ബാഴ്സലോണക്ക് തിരിച്ചടി ആയത്. കഴിഞ്ഞ ദിവസം ലീഗിലെ ഒന്നാം സ്ഥാനക്കാരായ അത്ലറ്റിക്കോ മാഡ്രിഡ് പോയന്റ് നഷ്ടപ്പെടുത്തിയിരുന്നു. ആ അവസരം മുതലാക്കി ഒന്നാമതെത്താനുള്ള വഴി ആണ് ബാഴ്സലോണ ഇന്നലെ നിരാശാജനകമായ പ്രകടനത്തിലൂടെ ഇല്ലാതാക്കിയത്.

ഇന്നലെ 1-1 എന്ന നിലയിലാണ് മത്സരം അവസാനിച്ചത്. മകോരെയുലൂടെ സ്പോർടിംഗ് ആയിരുന്നു കളിയിൽ ആദ്യം ലീഡ് എടുത്തത്. എന്നാൽ ബാഴ്സയുടെ ഇംഗ്ലീഷ് സ്ട്രൈക്കർ ടോണി ഡുഗ്ഗാൻ സമനില ഗോളുമായി ബാഴ്സയെ നാണക്കേടിൽ നിന്ന് രക്ഷിച്ചു. സമനിലയോടെ ബാഴ്സ രണ്ടാം സ്ഥാനത്ത് തന്നെ തുടരും. 23 മത്സരങ്ങളിൽ 55 പോയന്റാണ് ബാഴ്സയ്ക് ഉള്ളത്. 23 മത്സരങ്ങളിൽ 56 പോയന്റ് ആണ് ഒന്നാമതുള്ള അത്ലറ്റിക്കൊയുടെ സമ്പാദ്യം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial