ഇന്ത്യയിൽ നടക്കുന്ന ഏഷ്യൻ കപ്പിന്റെ ലോഗോ പ്രകാശനം ചെയ്തു

Picsart 07 20 02.53.09

2022ലെ വനിതാ ഏഷ്യൻ കപ്പിനായുള്ള ലോഗോ എ എഫ് സി ഇന്ന് പുറത്തു വിട്ടു. ഇന്ത്യ ആണ് ടൂർണമെന്റിന് ആതിഥ്യം വഹിക്കുന്നത്. രാജ്യങ്ങളുടെ പതാകകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കൊണ്ടാണ് ലോഗോ ഡിസൈൻ ചെയ്തിരിക്കുന്നത്. ആതിഥ്യം വഹിക്കുന്ന ഇന്ത്യയുടെ പ്രാദേശിക ഘടകങ്ങൾ ലോഗോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

ഒരു ആദിവാസി കലകൾക്ക് പ്രാധാന്യം കൊടുത്ത് ആണ് ലോഗോയിലെ മറൂൺ നിറം. അതുപോലെ, ലോഗോയിലെ വെള്ളി നിറം ഇന്ത്യൻ വീടുകളിൽ വെള്ളി ആഭരണങ്ങളുടെ പ്രാധാന്യത്തിനും വിലയേറിയ ലോഹത്തിന്റെ സൗന്ദര്യത്തിന്റെയും പ്രതീകമാണ്.

മഹാരാഷ്ട്രയിൽ ആണ് ടൂർണമെന്റ് നടക്കുന്നത്. മുംബൈയും പൂനെയും ആകും ടൂർണമെന്റിന് ആതിഥ്യം വഹിക്കുക. മുംബൈയിലെ ഡി വൈ പാട്ടിൽ സ്റ്റേഡിയം, മുംബൈ ഫുട്ബോൾ അറേന, പൂനെയിലെ ശിവ ചത്രപതി സ്പോർട്സ് കോമ്പ്ലക്സ് എന്നിവയാകും ടൂർണമെന്റിന് വേദിയാവുക.

കൊറോണ സാഹചര്യം കണക്കിൽ എടുത്താണ് മത്സരങ്ങൾ മഹാരാഷ്ട്രയിൽ മാത്രമായി നടത്തുന്നത്. അടുത്ത വർഷം ജനുവരി 20 മുതൽ ആണ് ടൂർണമെന്റ് നടക്കുക. ഇത്തവണ 12 ടീമുകൾ വനിതാ ഏഷ്യൻ കപ്പിൽ പങ്കെടുക്കും. ഇതുവരെ എട്ടു ടീമുകൾ ആയിരുന്നു പങ്കെടുത്ത് കൊണ്ടിരുന്നത്. ജനുവരി 20ന് ആരംഭിക്കുന്ന ടൂർണമെന്റ് ഫെബ്രുവരി 6വരെ നീണ്ടു നിൽക്കും.

12 ടീമുകൾ മൂന്ന് ഗ്രൂപ്പുകളിൽ ആയാകും പരസ്പരം ഏറ്റുമുട്ടുക. ഗ്രൂപ്പ് ഘട്ടത്തിൽ ആദ്യ രണ്ടു സ്ഥാനങ്ങൾ ഫിനിഷ് ചെയ്യുന്ന ടീമുകളും ഒപ്പം രണ്ട് രണ്ടാം സ്ഥാനക്കാരും ക്വാർട്ടറിലേക്ക് കടക്കും. 25 മത്സരങ്ങൾ ടൂർണമെന്റിൽ ആകെ നടക്കും. സെമിയിൽ എത്തുന്ന നാലു ടീമുകൾ അടുത്ത വനിതാ ലോകകപ്പിന് യോഗ്യത നേടും.