റെക്കോർഡ് കാണികൾക്ക് മുന്നിൽ 119 മത്തെ മിനിറ്റിൽ ആഴ്‌സണൽ കണ്ണീർ! വോൾവ്സ്ബർഗ് ചാമ്പ്യൻസ് ലീഗ് ഫൈനലിൽ

Wasim Akram

Picsart 23 05 02 01 27 41 853
Download the Fanport app now!
Appstore Badge
Google Play Badge 1

വനിത ചാമ്പ്യൻസ് ലീഗിലെ തന്നെ ഏറ്റവും മികച്ച മത്സരങ്ങളിൽ ഒന്നു സെമിഫൈനൽ രണ്ടാം പാദത്തിൽ കാഴ്ച വച്ചു ആഴ്‌സണൽ, വോൾവ്സ്ബർഗ് വനിതകൾ. ആദ്യ പാദത്തിൽ ഇരു ടീമുകളും 2 ഗോൾ വീതം സമനില പാലിച്ച മത്സരത്തിൽ രണ്ടാം പാദത്തിൽ അത്യന്തം ആവേശകരമായ മത്സരം ആണ് കാണാൻ ആയത്. നിറഞ്ഞ എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ വനിത ഫുട്‌ബോളിൽ ചാമ്പ്യൻസ് ലീഗിൽ ബ്രിട്ടീഷ് റെക്കോർഡ് ആയ 60,000 കാണികൾക്ക് മുന്നിൽ നടന്ന മത്സരത്തിൽ എക്സ്ട്രാ സമയത്ത് 3-2 നു ആണ് ആഴ്‌സണൽ കീഴടങ്ങിയത്. അവിശ്വസനീയം ആയ വിധം 4 പ്രമുഖ താരങ്ങളെ പരിക്ക് കാരണം നഷ്ടമായ ആഴ്‌സണൽ പക്ഷെ കളത്തിൽ ജർമ്മൻ ടീമിന് ഒപ്പം പിടിച്ചു നിന്നു. കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ വോൾവ്സ്ബർഗ് തന്നെയാണ് ആഴ്‌സണലിന് വിലങ്ങു തടിയായത്.

ആഴ്‌സണൽ

ജർമ്മൻ ക്യാപ്റ്റൻ അലക്സാന്ദ്ര പോപ് പരിക്ക് മാറി ടീമിൽ എത്തിയത് വോൾവ്സ്ബർഗിന് വലിയ കരുത്ത് ആയി. ആദ്യം തന്നെ വോൾവ്സ്ബർഗിന് അനുകൂലമായി പെനാൽട്ടി ആവശ്യം ഉണ്ടായെങ്കിലും വാർ അത് അനുവദിച്ചില്ല. 11 മത്തെ മിനിറ്റിൽ സ്റ്റിന ബ്ലാക്സ്റ്റിനസിലൂടെ ആഴ്‌സണൽ ആണ് ആദ്യം മുന്നിൽ എത്തിയത്. തുടർന്ന് ഇരു ടീമുകളും നന്നായി പൊരുതി തന്നെയാണ് കളിച്ചത്. 41 മത്തെ മിനിറ്റിൽ പോപ്പിന്റെ ഹെഡർ പാസിൽ നിന്നു ഗോൾ നേടിയ ജിൽ റൂർഡ് വോൾവ്സ്ബർഗിനെ മത്സരത്തിൽ ഒപ്പം എത്തിച്ചു. രണ്ടാം പകുതിയിൽ 58 മത്തെ മിനിറ്റിൽ ഫെലിസിറ്റാസ് റൗച്ചിന്റെ ക്രോസിൽ നിന്നു ഹെഡറിലൂടെ ഗോൾ നേടിയ അലക്സാന്ദ്ര പോപ് ഒരിക്കൽ കൂടി തന്റെ ക്ലാസ് കാണിച്ചപ്പോൾ ആഴ്‌സണൽ മത്സരത്തിൽ പിന്നിലായി. എന്നാൽ 75 മത്തെ മിനിറ്റിൽ ലോട്ടെ വുബൻ-മോയിയുടെ ക്രോസിൽ നിന്നു ഹെഡറിലൂടെ ഗോൾ കണ്ടത്തിയ മറ്റൊരു പ്രതിരോധനിര താരം ജെൻ ബിയാറ്റി ഒരിക്കൽ കൂടി ആഴ്‌സണലിന് സമനില സമ്മാനിച്ചു.

ആഴ്‌സണൽ

തുടർന്ന് പകരക്കാരിയായി ഇറങ്ങിയ ലൗറ പരിക്കേറ്റു സ്ട്രക്ച്ചറിൽ മടങ്ങിയത് ആഴ്‌സണലിന് മറ്റൊരു സങ്കട കാഴ്ചയായി. പ്രമുഖ താരങ്ങൾക്ക് പരിക്കേറ്റ ആഴ്‌സണലിനെ തേടി എത്തിയ മറ്റൊരു പരിക്ക് ആയി ഇത്. തുടർന്ന് 90 മിനിറ്റിൽ സമനില പാലിച്ചതോടെ മത്സരം എക്സ്ട്രാ സമയത്തേക്ക് നീണ്ടു. തളർന്ന ആഴ്‌സണലിന് മേൽ ഇത്തിരി ആധിപത്യം ജർമ്മൻ ടീമിന് ആയിരുന്നു. തുടർന്ന് പെനാൽട്ടിയിലേക്ക് പോകും എന്ന് കരുതിയ മത്സരത്തിൽ ആണ് 119 മത്തെ മിനിറ്റിൽ വിജയഗോൾ പിറന്നത്. പകരക്കാരിയായി ഇറങ്ങിയ ജൂൾ ബ്രാൻഡിന്റെ പാസിൽ നിന്നു മറ്റൊരു പകരക്കാരിയായ പൗളീൻ ബ്രമർ ജർമ്മൻ ടീമിന് ആയി വിജയഗോൾ സമ്മാനിക്കുക ആയിരുന്നു. ഫൈനലിൽ ബാഴ്‌സലോണയെ ആണ് വോൾവ്സ്ബർഗ് നേരിടുക. തോറ്റെങ്കിലും നിരവധി പ്രതിസന്ധികൾക്ക് ഇടയിൽ റെക്കോർഡ് കാണികൾക്ക് മുന്നിൽ തല ഉയർത്തിയാണ് ആഴ്‌സണൽ വനിതകൾ കളം വിട്ടത്.