അവസരങ്ങൾ നഷ്ടപ്പെടുത്തി ഇന്ത്യ, സമനില പിടിച്ച് ഇറാൻ

എഎഫ്സി വുമൺസ് ഏഷ്യാകപ്പിൽ ഇന്ത്യക്ക് സമനിലയോടെ തുടക്കം. നവീ മുംബൈയിൽ നടന്ന മത്സരത്തിൽ സർവ്വാധിപത്യം ഉണ്ടായിട്ടും ഇറാനോട് ഗോൾ രഹിത സമനില വഴങ്ങാനായിരുന്നു ഇന്ത്യൻ ടീമിന്റെ വിധി. നിർവധി അവസരങ്ങൾ ലഭിച്ചിട്ടും ഗോളാക്കി മാറ്റാൻ ഇന്ത്യൻ വനിതകൾ പരാജയപ്പെട്ടു. വിലയേറിയ പോയന്റുകളാണ് ഇറാനെതിരെ സമനില വഴങ്ങി ഇന്ത്യ നഷ്ടമാക്കിയത്.

തുടക്കം മുതൽ തന്നെ അക്രമിച്ച് കളിച്ച ഇന്ത്യക്ക് ഇറാനെതിരെ നിരവധി അവരങ്ങളാണ് ലഭിച്ചത്. ദാങ്മെയ് ഗ്രേസിന്റെയും മനീഷയുടേയും മികച്ച പ്രകടനങ്ങൾ ഇറാന് തുടർച്ചയായി തലവേദനയായി. ഇറാനിയൻ ഗോൾകീപ്പർ കൂടെയുടേയും പ്രതിരോധതാരം തഹർഖാനിയുടേയും പ്രകടനമാണ് ഇറാന് തുണയായത്. രണ്ടാം പകുതിയിലെ ഗ്രേസിന്റെ പോയന്റ് ബ്ലാങ്ക് ഷോട്ട് സേവ് ചെയ്യാൻ ഇറാനിയൻ ഗോൾ കീപ്പർക്കായി. കളിയവസാനിക്കാനിരിക്കെയും തഹർഖാനിയുടെ മികച്ച ചാലഞ്ച് ഇന്ത്യക്ക് തിരിച്ചടിയായി.

ഇന്ത്യൻ ആരാധകർ ഗോളെന്നുറപ്പിച്ച ദാങ്ങ്മെയ് ഗ്രേസിന്റെ മുന്നേറ്റമാണ് തഹർഖാനിയുടെ സെൻസേഷണൽ ചാലഞ്ചിലൂടെ ഇറാന് അനുകൂലമായത്. ഇനി ഇന്ത്യക്ക് ചൈനീസ് തായ്പേയാണ് അടുത്ത എതിരാളികൾ. ജനുവരി 23നാണ് മത്സരം നടക്കുക. ആദ്യ മത്സരത്തിൽ ചൈനയോട് പരാജയപ്പെട്ട തായ്പേയ്ക്കും ഇന്ത്യയെ പോലെ തന്നെ നിർണായകമാണ് മത്സരം.