എ എഫ് സി ചാമ്പ്യൻഷിപ്പ് കളിക്കാൻ ഗോകുലത്തിന് ഇന്ത്യൻ താരങ്ങളെ വിട്ടു കൊടുക്കാതെ എ ഐ എഫ് എഫ്

ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിൽ തന്നെ നിർണായകമായേക്കാവുന്ന എ എഫ് സി വനിതാ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഗോകുലം കേരളയുടെ വനിതാ ഫുട്ബോൾ ടീം ഇറങ്ങുമ്പോൾ ഒപ്പം ടീമിന്റെ കരുത്തായ ഇന്ത്യൻ ദേശീയ താരങ്ങൾ ഉണ്ടാകില്ല. ഇന്ത്യൻ താരങ്ങളെ എ എഫ് സി ചാമ്പ്യൻഷിപ്പിന് വിട്ടു നൽകില്ല എന്നാണ് ഇപ്പോൾ എ ഐ എഫ് എഫിന്റെ തീരുമാനം. ഏഷ്യൻ കപ്പിനായി ഇന്ത്യക്ക് ഒരുങ്ങേണ്ടതുണ്ട് എന്നും അതുകൊണ്ട് താരങ്ങളെ വിട്ടു നൽകാൻ ആവില്ല എന്നുമാണ് എ ഐ എഫ് എഫ് നിലപാട്. ഇന്ത്യൻ ദേശീയ ടീമിന്റെ ഭാഗമായ പത്തിലധികം താരങ്ങൾ ഗോകുലം ടീമിന്റെ ഭാഗമായുണ്ട്. അടുത്തിടെ ചില വലിയ ദേശീയ താരങ്ങളെ ഗോകുലം സ്വന്തമാക്കുകയും ചെയ്തിരുന്നു.

ഒരു ഏഷ്യൻ ടൂർണമെന്റിൽ പങ്കെടുക്കുന്ന ആദ്യ ഇന്ത്യൻ വനിതാ ക്ലബാകാനുള്ള അവസരം ഗോകുലത്തിന് ലഭിച്ചപ്പോഴാണ് ഈ ദുർഗതി. ഐ എസ് എൽ ക്ലബ് ആയിരുന്നു എങ്കിലും എ ഐ എഫ് എഫ് ഇങ്ങനെ ഒരു നിലപാട് എടുക്കുമോ എന്നാണ് ഫുട്ബോൾ ആരാധകർ ചോദിക്കുന്നത്. നവംബർ ആദ്യമാണ് എ എഫ് സി ചാമ്പ്യൻഷിപ്പ് നടക്കുന്നത്. ജനുവരിയിൽ ആണ് ഏഷ്യൻ കപ്പ് നടക്കുന്നത്. എ എഫ് സി ചാമ്പ്യൻഷിപ്പിൽ കളിക്കുന്നത് കളിക്കാർക്ക് ഗുണം ചെയ്യുകയെ ഉള്ളൂ എന്നുണ്ടായിട്ടും എ ഐ എഫ് എഫ് ഇങ്ങനെ നിലപാട് എടുക്കുന്നത് ഗോകുലം ക്ലബിന് ആശങ്ക നൽകുന്നു.