വനിതാ ചാമ്പ്യൻസ് ലീഗ്, യുവന്റസിനെ പുറത്താക്കി ബാഴ്സ പ്രീക്വാർട്ടറിൽ

യുവേഫ വനിതാ ചാമ്പ്യൻസ് ലീഗിൽ ബാഴ്സലോണ പ്രീക്വാർട്ടറിൽ. റൗണ്ട് ഓഫ് 32ൽ നടന്ന രണ്ടാം പാദ മത്സരത്തിലും യുവന്റസിനെ പരാജയപ്പെടുത്തി ആണ് ബാഴ്സലോണ പ്രീക്വാർട്ടറിലേക്ക് കടന്നത്. ബാഴ്സലോണയുടെ ഹോമിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ബാഴ്സലോണയുടെ വിജയം. ആദ്യ പാദത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കും ബാഴ്സലോണ വിജയിച്ചിരുന്നു. ഇതോടെ 4-1ന്റെ അഗ്രിഗേറ്റ് വിജയം ബാഴ്സലോണ സ്വന്തമാക്കി.

32ആം മിനുട്ടിൽ അലക്സിയയും 38ആം വാൻഡെർ ഗ്രാറ്റുമാണ് ബാഴ്സലോണക്ക് വേണ്ടി ഗോളുകൾ നേടിയത്. ആദ്യ പാദത്തിലും അലക്സിയ ഗോൾ നേടിയിരുന്നു. യുവന്റസിനു വേണ്ടി സ്റ്റാസ്കോവയാണ് ഗോൾ നേടിയത്.
കഴിഞ്ഞ വർഷത്തെ ചാമ്പ്യൻസ് ലീഗ് റണ്ണേഴ്സ് അപ്പാണ് ബാഴ്സലോണ. ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ലിയോൺ രയാസാൻ ക്ലബിനെ എതിരില്ലാത്ത ഏഴു ഗോളുകൾക്ക് പരാജയപ്പെടുത്തി. ആദ്യ പാദത്തിൽ എതിരില്ലാത്ത ഒമ്പതു ഗോളുകൾക്കും വിജയിച്ചിരുന്ന ലിയോണും പ്രീക്വാർട്ടറിലേക്ക് എത്തി.

Previous articleഅവസാന നിമിഷങ്ങളിൽ ഷോക്കേറ്റ് നാപോളി
Next article“ആരാധകർക്ക് അഭിമാനിക്കാനുള്ള വക എന്നും ഗോകുലം നൽകും”