വിശ്വസിക്കുക, ഇനി ആശാനില്ലാത്ത ആർസനൽ!

- Advertisement -

ആഴ്സനെ വെങ്ങർ എന്ന മനുഷ്യൻ പരിശീലകനായതിനാലാണ് ആർസനലിന് ആ പേര് കിട്ടിയെതെന്ന് വിശ്വസിച്ച ബാല്യത്തിന് ഉടമകളായിരിക്കും നാമെല്ലാം! അതെ അത്രത്തോളം ആ മനുഷ്യനോളം അടയാളപ്പെടുത്തുന്നുണ്ട് ആർസനൽ ഫുട്‌ബോൾ ക്ലബിനെ. ഏറ്റവും മോശം സീസണാണ് ഇത് ആശാന്, കഴിഞ്ഞ കുറെ വർഷങ്ങളായുള്ള പതിവാണത്. നമ്മെ ത്രസിപ്പിച്ച വെങ്ങറും ഫെർഗിയും നേർക്കുനേർ പൊരുതിയ ആ കാലഘട്ടമൊക്കെ എന്നേ പോയി. എങ്കിലും ഭൂതകാലത്തെ ആ ഓർമ്മകൾക്ക് തങ്കത്തിന്റെ വിലയുണ്ട്. കഴിഞ്ഞ കുറെ വർഷത്തെ ബുദ്ധിമുട്ടലുകളല്ല, ആ ഓർമ്മകൾ തന്നെ വെങ്ങർ ഫുട്ബോളിൽ അവശേഷിപ്പിക്കട്ടെ.

1996 ലാണ് വെങ്ങർ ആർസനലിലേക്ക്, ഇംഗ്ലീഷ് ഫുട്ബോളിലേക്കെത്തുന്നത്. മൊണോക്കയിൽ നിന്ന് ജപ്പാൻ വഴി. അന്ന് ആഴ്സനെ ഹൂ എന്ന ചോദ്യവുമായാണ് ഫുട്ബോൾ ലോകം അയാളെ വരവേറ്റത്. മൊണോക്കയിൽ വംശീയത കത്തി നിന്ന സമയത്ത് ഒരാഫ്രിക്കക്കാരനെ ജോർജജ് വിയ്യയിലൂടെ ലോക ഫുട്ബോൾ താരമായി വളർത്തിയ വെങ്ങറെന്ന മനുഷ്യനെ പരിശീലകനെ ആർക്കുമത്ര പരിചയമില്ലായിരുന്നു. പ്രത്യേകിച്ച് യൊഹാൻ ക്രൈഫിനെ പ്രതീക്ഷിച്ച് നിന്ന ആർസനൽ ഫാൻസിനത് അത്ര ഉൾക്കൊള്ളാൻ പറ്റുന്നതായിരുന്നില്ല. അലക്സ് ഫെർഗൂസണും യുണൈറ്റഡിന്റെ സ്വപ്ന സംഘവും കത്തി നിന്ന സമയം. യുണൈറ്റഡിനെ തോൽപ്പിച്ച് കപ്പടിക്കൽ സാധ്യമെന്ന് പറഞ്ഞ് വെങ്ങർ തന്നെ ആദ്യ വെടി പൊട്ടിച്ചു, രൂക്ഷ പരിഹാസമായിരുന്നു ഫെർഗിയുടെ മറുപടി. അതൊരു തുടക്കമായിരുന്നു പ്രീമിയർ ലീഗ് കണ്ട ഏറ്റവും വലിയ യുദ്ധത്തിന്റെ തുടക്കം. പിന്നീട് മൊറീന്യോ, ബിഗ് സാം തുടങ്ങി പലരിലൂടെയും വളർന്ന പോരാട്ടം.

രണ്ടാം വർഷം യുണൈറ്റഡുമായി 13 പോയിന്റ് വ്യത്യാസത്തിൽ ലീഗ് അടിച്ച് വെങ്ങർ വാക്ക് പാലിച്ചു. എഫ്.എ കപ്പ് ഫൈനലിൽ ന്യൂകാസ്റ്റിലിനെ വീഴ്ത്തി ഡബിളും. ടോണി ആദംസിന്റെ നേതൃത്വത്തിൽ അനൽക്ക, ബെർക്യാമ്പ്, ഡിക്സൺ, സീമാൻ തുടങ്ങിയവരിലൂടെ ഡബിൾ നേടുന്ന ആദ്യ വിദേശപരിശീലകനുമായി (ബ്രിട്ടീഷ് കാരനല്ലാത്ത) വെങ്ങർ. എന്നാൽ അടുത്ത വർഷം അനൽക്ക റയൽ മാഡ്രിഡിലേക്ക് ചേക്കേറിയപ്പോൾ തിയറി ഹെൻറി എന്ന യുവന്റെസ് പരാജയത്തെ ടീമിലെത്തിച്ച വെങ്ങർ പിന്നീട് നടത്തിയത് പ്രീമിയർ ലീഗിലെ തന്നെ ഏറ്റവും മഹത്തായ മനോഹര ഫുട്ബോൾ കളിക്കുന്ന ടീമിന്റെ താണ്ഡവമായിരുന്നു. 2007 ൽ ബാഴ്സയിലേക്ക് ചേക്കേറും വരെയായി 174 ഗോളുകൾ അടിച്ച ഹെൻറി ഒരു പ്രീമിയർ ലീഗ് താരം ഒരു പരിശീലകനു കീഴിൽ നേടുന്ന ഏറ്റവും കൂടുതൽ ഗോളുകൾക്കും ഉടമായാണ്. 2012 ൽ ലോണിൽ തിരിച്ച് വന്ന ഹെൻറി ആർസനൽ ആരാധകരെ പഴയ കാലത്തെ ഒന്നോർമിപ്പിക്കുകയും ചെയ്തു.

പിന്നീട് 3 വർഷം ആർസനലിന് കിരീടങ്ങളില്ലായിരുന്നു. ഇതിനിടയിൽ ലോക ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വിവാദപരമായ നീക്കത്തിലൂടെ ശത്രുക്കളായ ടോട്ടനത്തിൽ നിന്ന് സോൾ ക്യാമ്പലിനെ ടീമിലെത്തിച്ച വെങ്ങർ വിയേര, പിറസ്, കൊല ടോറെ, ല്യൂമ്പർഗ്, വെല്ലിസൺ സിൽവ, പാർലർ, ലേമാൻ എന്നിവരിലൂടെ ടീമിനെ ശക്തവുമാക്കി. വലിയ ട്രാൻസ്ഫറുകളായിരുന്നില്ല ഇവ ഒന്നും. ടീം ശക്തമായതിന്റെ ഫലം 2001/2002 സീസണിൽ കണ്ടു. ഫെർഗൂസന്റെ സ്വന്തം ഓൾഡ് ട്രാഫോർഡിൽ വിൽടോറിന്റെ ഗോളോടെ ആർസനലിന്റെ രണ്ടാം ലീഗ് കിരീടം. ഒപ്പം എഫ്.എ കപ്പ് ഫൈനലിൽ ചെൽസിയെ മറികടന്ന് രണ്ടാം ഡബിളും.

അതിനിടയിലാണ് ഒരൊറ്റ പരാജയവുമില്ലാ ലീഗ് കിരീടം സാധ്യമാണെന്ന് വെങ്ങർ പറയുന്നത്. പലരും ഇതിനെ പരിഹസിച്ച് തള്ളി. എന്നാൽ 2003/2004 വർഷം വെങ്ങറാശാൻ വാക്ക് പാലിച്ചു. പ്രീമിയർ ലീഗ് ചരിത്രം തിരുത്തി ഇൻവിസിബിൾസ് സീസൺ. സുവർണ്ണ കിരീടം ആർസനലിന് സ്വന്തം. ഹെൻറി, പിറസ്, വിയേര, ബെർക്യാമ്പ്, കോൾ, ല്യൂമ്പർ ഗ് തുടങ്ങിയവർ നിറഞ്ഞാടി. സാക്ഷാൽ ടോട്ടനത്തിന്റെ വൈറ്റ് ഹാർട്ട് ലൈനിൽ ആർസനലിന്റെ കിരീടധാരണം. 2005 ൽ വീണ്ടും എഫ്.എ കപ്പ് ജയം. 2006 ൽ വെങ്ങറിന്റെ സ്വപ്നമായ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ 10 പേരായി ചുരുങ്ങിയ ആർസനലിന് പരാജയം. 2006 ൽ ഹൈബറിയിൽ നിന്ന് എമിറേറ്റ്സിലേക്കുള്ള മാറ്റം വൻ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് ക്ലബിനെ എത്തിച്ചത്. സൂപ്പർ താരങ്ങളൊന്നായി വേതന പ്രശ്നമുയർത്തി കളം വിട്ടു, കോൾ ശത്രുക്കളായ ചെൽസി കൂടാരത്തിലേക്കെത്തി. പണമെറിഞ്ഞ് ശക്തരായ ചെൽസി, സിറ്റി എന്നിവർ യുണൈറ്റഡിനൊപ്പം പുതിയ ശത്രുക്കളായി ഉയർന്നു.

ഈ അവസ്ഥയിൽ പിടിച്ച് നിൽക്കാൻ വെങ്ങർ പെടാപ്പാട് പ്പെട്ടു. നാണക്കേടായി വമ്പൻ പരാജയങ്ങളും കൂട്ടുണ്ടായി. എങ്കിലും ഫാബ്രിഗാസ്, വാൻ പെർസി, സമീർ നസ്റി, റോസിക്കി തുടങ്ങി യുവതാരങ്ങളുമായി വെങ്ങർ ചാമ്പ്യൻസ് ലീഗ് യോഗ്യത നേടിപ്പോന്നു. കഴിഞ്ഞതിന് മുമ്പത്തെ വർഷം വരെ ഇത്തരമൊരു ടീമിനെ വച്ച് ചാമ്പ്യൻസ് ലീഗ് യോഗ്യത എന്നത് വലിയ നേട്ടമായിരുന്നു. എങ്കിലും ഈ യുവതാരങ്ങളൊന്നായി ശത്രുക്കളിലേക്കടക്കം കളം വിട്ടപ്പോൾ വെങ്ങറിന്റെ സ്വപ്നം തകർന്നു. ഇതിനിടയിലും കിരീടമെന്നത് ആർസനലിന് അന്യമായിരുന്നു. എന്നാൽ ഓസിൽ, സാഞ്ചസ് എന്നിവരെ ടീമിലെത്തിച്ച വെങ്ങർ 2014 നാലിൽ 9 വർഷത്തെ കാത്തിരിപ്പിനപ്പുറം എഫ്.എ കപ്പ് കിരീടത്തിലൂടെ കപ്പിൽ മുത്തമിട്ടു. അടുത്ത സീസണിലും ഈ നേട്ടം ആവർത്തിച്ച വെങ്ങർ കഴിഞ്ഞ വർഷവും എഫ്.എ കപ്പ് ഉയർത്തി. എങ്കിലും ടീമിന്റെ മോശം പ്രകടനങ്ങളാണ് ലീഗിലും, ചാമ്പ്യൻസ് ലീഗിലും ഈ വർഷങ്ങളിൽ കണ്ടത്. കരിയറിലെ ഏറ്റവും മോശം വർഷമാണ് വെങ്ങർക്കിത് അതിനാൽ തന്നെ അനിവാര്യമായ പടിയിറങ്ങലിലേക്കു ക്ലബുമായി ഒരു വർഷത്തെ കരാർ ബാക്കിയിരിക്കുമ്പോഴും വെങ്ങർ നിർബന്ധിതനാവുകയാണ്, അനിവാര്യം തന്നെയാണ് ഈ മടക്കം.

എങ്കിലും കണക്കുകൾക്കപ്പുറം മനോഹര ഫുട്ബോളിന്റെ ആശാനായി, ഫുട്ബോളിനെ പ്രത്യേഗിച്ച് ഇംഗ്ലീഷ് ഫുട്ബോളിനെ എന്നന്നത്തേക്കുമായി മാറ്റിയ പ്രഫസറായി വെങ്ങർ നിലനിൽക്കും. എന്നും ഫുട്ബോളിലെ മാന്യതയുടെ പ്രതീകമായിരുന്നു വെങ്ങർ, പത്രക്കാർക്ക് ഫുട്ബോളിനപ്പുറം ഫിലോസഫി, രാഷ്ട്രീയം എന്നു തൊട്ട് എന്തിലും അഭിപ്രായം തേടാവുന്ന അറിവിന്റെ രാജാവ്. എന്തിനെ കുറിച്ചും അസാമാന്യ അറിവായിരുന്നു വെങ്ങറിന്, പ്രത്യേഗിച്ച് സാമൂഹിക വിഷയങ്ങളെ പറ്റി ഉറച്ച ബോധ്യവും. വിയ്യയുടെ വാക്കുകളിൽ അച്ഛന്റെ സ്ഥാനത്ത് നിന്ന് വംശീയത കത്തിനിന്നപ്പോൾ കറുത്തവനും വെളുത്തവനും ഒന്നിച്ച് വാഴാമെന്ന് കാണിച്ചു കൊടുത്തതും വെങ്ങറായിരുന്നു. കുട്ടികളായ ഹെൻറി, ഫാബ്രിഗാസ്, പെർസി എന്നിവരെ യുവാക്കളായി വളർത്തിയതും അയാളായിരുന്നു. എങ്ങനെ മറക്കാനാണ് അയാളുടെ ഫുട്ബോളിനെ, അയാളുടെ പ്രസിദ്ധമായ വെങ്ങർ ബോളുകളെ. ഓർമ്മയില്ലേ നോർവിച്ചിനെതിരായ വിൽഷയറിന്റെ ആ സ്വപ്നസമാനമായ ഗോൾ. അങ്ങനെയെത്ര ഗോളുകൾ, മുഹൂർത്തങ്ങൾ. വെങ്ങറിന്റെ ആർസനോളം ഭംഗിക്ക് ഫുട്ബോൾ കളിച്ചിട്ടുണ്ടോ മറ്റാരേലും? ഉണ്ടാവും പക്ഷെ എന്നും ആ ആർസനൽ മുകളിൽ തന്നെ കാണും.

3 പ്രീമിയർ ലീഗിനും 7 എഫ്.എ കപ്പിനും അപ്പുറം തന്നെയാണ് ഫുട്ബോൾ ചരിത്രത്തിൽ, ആർസനൽ ചരിത്രത്തിൽ വെങ്ങറിന്റെ സ്ഥാനം. ആ ഫുട്ബോളിനെ, അയാളുടെ വാക്കുകളെ നാമെന്നും ഓർക്കും. വെങ്ങറാശാനു സമം വെങ്ങറാശാൻ തന്നെ. എത്ര തന്നെ അയാൾ പോവണമെന്ന് പറഞ്ഞാലും അയാളെ വെറുക്കാൻ നമുക്കാവില്ല. ആശാൻ ഡഗ് ഔട്ടിൽ ഇല്ലാത്ത ആർസനലിനെ പറ്റി ചിന്തിക്കാനാവുമോ? ആശാനില്ലാത്ത ആർസനലിനെ പറ്റി. എങ്കിലും ആർസനലിൽ നിന്ന് മാത്രമാണോ ഫുട്ബോളിൽ നിന്ന് തന്നെയാണോ ആശാൻ വിട പറയുന്നതെന്നറിയില്ല. പുതിയൊരു ക്ലബിൽ, രാജ്യത്തിൽ ആശാനെ കാണുക എന്നതും അത്ര എളുപ്പമല്ല. വിട ആശാൻ! നന്ദി ആശാൻ!

ഒരിക്കലും മറക്കാത്ത ഒരായിരം നിമിഷങ്ങൾക്ക് മുഹൂർത്തങ്ങൾക്ക്! ആർസനലിൽ സ്വന്തമാക്കാൻ സാധിക്കാത്ത യൂറോപ്യൻ കിരീടനേട്ടമെന്നത് യൂറോപ്പ ലീഗിലൂടെ ആശാൻ സ്വന്തമാക്കണം എന്നാണ് ആശ, അങ്ങനെ നല്ലൊരു യാത്രയയപ്പ് ആശാന് ആർസനൽ നൽകും എന്നാണ് ആരാധക പ്രതീക്ഷ. നന്ദി മികച്ച പരിശീലകനായതിനാൽ നന്ദി അതിലും നല്ല മനുഷ്യനായതിനാൽ! നന്ദി. മെർസി ആഴ്സനെ!

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement