
ഒടുവിൽ സമനില കുരുക്കിൽ നിന്ന് യുണൈറ്റഡിന് മോചനം. അവസാന സ്ഥാനക്കാരായ സണ്ടർലന്റിനെ അവരുടെ മൈതാനത്ത് നേരിട്ട യുണൈറ്റഡ് എതിരില്ലാത്ത 3 ഗോളുകൾക്കാണ് ഡേവിഡ് മോയസിന്റെ ടീമിനെ തകർത്തത്.
സസ്പെൻഷൻ കഴിഞ്ഞ് ഇബ്രാഹിമോവിച്ചും , പരിക്കിന്റെ പൊടിയിൽ നിന്ന് രക്ഷപ്പെട്ട പോഗ്ബയും ഹെരേരയും തിരിച്ചെത്തിയതോടെ സുശക്തമായ യൂണൈറ്റഡ് ആക്രമണ നിരക്കെതിരെ ചെറുത്തു നിൽക്കാൻ മാത്രമുള്ള ശേഷി സണ്ടർലൻഡ് പ്രതിരോധത്തിനുണ്ടായിരുന്നില്ല.
30 ആം മിനുട്ടിൽ സ്ലാട്ടൻ ഇബ്രാഹിമോവിച്ചാണ് യുനൈറ്റഡ് ഗോൾ വേട്ടയ്ക്ക് തുടക്കം കുറിച്ചത്, ഹെരേരയുടെ പാസ്സ് മികച്ച ഫിനിഷിലൂടെ സ്ലാട്ടൻ വലയിലെത്തിച്ചു. ആദ്യ പകുതിയുടെ പവസാന മിനുട്ടിൽ സണ്ടർലൻഡ് താരം സെബാസ്റ്റ്യൻ ലാർസൻ ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ രണ്ടാം പകുതിയിൽ യുണൈറ്റഡിന് കാര്യങ്ങൾ എളുപ്പമായി.
46 ആം മിനുട്ടിൽ ലുക് ഷോയുടെ പാസ്സ് സ്വീകരിച്ച മികിതാര്യൻ സണ്ടർലൻഡ് ഡിഫണ്ടർമാർക്കിടയിലൂടെ പന്ത് വലയിലെത്തിച്ചു. മറുവശത്ത് രണ്ടാം ഗോൾ വഴങ്ങിയ ശേഷവും യുനൈറ്റഡ് പ്രതിരോധത്തിന് വെല്ലുവിളി ആയേക്കാവുന്ന ഒരു മുന്നേറ്റം നടത്താൻ പോലും സണ്ടർലാന്റിനായില്ല.
89 ആം മിനുട്ടിൽ രാഷ്ഫോഡ് തന്റെ 20 മത്സരങ്ങൾ നീണ്ട ഗോൾ വരൾച്ചക്ക് അന്ത്യം കുറിച്ചു , ഇബ്രയുടെ പാസിൽ കൃത്യമായ ഫിനിഷിങ്. മികച്ച കളികളിക്കുമ്പോഴും ഗോൾ കണ്ടെത്താനാവാതെ വിഷമിച്ചിരുന്ന യുനൈറ്റഡ് ആക്രമണ നിര ഗോൾ കണ്ടെത്തി തുടങ്ങിയത് മൗറീഞ്ഞോക്ക് ആശ്വാസം പകരും.
30 കളികളിൽ നിന്ന് 57 പോയിന്റുള്ള യുനൈറ്റഡ് 5 ആം സ്ഥാനത്താണ്. 31 കളികളിൽ നിന്ന് 20 പോയിന്റ് മാത്രമുള്ള സണ്ടർലാൻഡ് അവസാന സ്ഥാനത്തും.
പ്രീമിയർ ലീഗ് ടോപ്പ് സ്കോറർ റൊമേലു ലുകാകു നിറഞ്ഞാടിയ മത്സരത്തിൽ ലെസ്റ്ററിനെതിരെ എവർട്ടന് 4-2 ന്റെ ജയം. ഇരു ടീമുകളും മികച്ച ആക്രമണം പുറത്തെടുത്ത മത്സരത്തിൽ ആദ്യ മിനുട്ടിൽ തന്നെ ടോം ഡേവിസിലൂടെ എവർട്ടൻ ലീഡ് നേടി , എന്നാൽ പകച്ചു നിൽക്കാതെ ആക്രമിച്ച ലെസ്റ്റർ 4 ആം മിനുട്ടിൽ ഇസ്ലാം സിൽമാനിയിലൂടെ സമനില നേടി , പിന്നീട് 10 ആം മിനുട്ടിൽ ആൽബ്രൈറ്റന്റെ ഗോളിൽ ലെസ്റ്റർ ലീഡ് നേടുകയും ചെയ്തു. 23 ആം മിനുട്ടിൽ റോസ് ബാർക്ലിയുടെ പാസ്സ് വലയിലെത്തിച്ച ലുകാകു ഏവർട്ടന്റെ സമനില ഗോൾ നേടുകയും ചെയ്തു, 41 ആം മിനുട്ടിൽ ജാഗിയേൽക തുടർച്ചയായ രണ്ടാം മത്സരത്തിലും ഗോൾ നേടിയതോടെ എവർട്ടൻ ലീഡ് നേടി.
ലീഡ് നേടിയതോടെ കളമുറപ്പിച്ച എവർട്ടൻ പ്രതിരോധം ലെസ്റ്റർ ആക്രമണ നിരയെ വരിഞ്ഞു മുറുക്കി. 57 ആം മിനുട്ടിൽ ലുകാകു വീണ്ടും വല കുലുക്കിയതോടെ 6 മത്സരങ്ങൾ നീണ്ട ലെസ്റ്റർ വിജയകുതിപ്പിന് ഗോഡിസൻ പാർക്കിൽ അന്ത്യം കുറിക്കപ്പെട്ടു.
32 കളികളിൽ നിന്ന് 54 പോയിന്റുള്ള എവർട്ടൻ 7 ആം സ്ഥാനത്തും 31 കളികളിൽ നിന്ന് 36 പോയിന്റുള്ള ലെസ്റ്റർ 11 ആം സ്ഥാനത്തുമാണ്.