റഷ്യ പിടിക്കാൻ പോർച്ചുഗലും ഫ്രാൻസും നെതർലെൻ്റ്സും കളത്തിലിറങ്ങുന്നു

യൂറോകപ്പ് ഫൈനലിൽ ഏറ്റ പരാജയം മറക്കാൻ ഇറങ്ങുന്ന ഫ്രാൻസും യൂറോകപ്പിലേക്ക് യോഗ്യത നേടാൻ സാധിക്കാത്ത നാണക്കേട് മാറ്റാൻ ഇറങ്ങുന്ന നെതർലെൻ്റ്സും അടങ്ങുന്ന ഗ്രൂപ്പ് എ യോഗ്യതാ ഗ്രൂപ്പുകളിലെ മരണഗ്രൂപ്പുകളിൽ ഒന്നാണ്. അതിനാൽ തന്നെ ആദ്യമത്സരത്തിൽ സ്വീഡനോട് സമനില വഴങ്ങിയ നെതർലെൻ്റ്സും,ബലാറെസിനോട് സമനില വഴങ്ങിയ ഫ്രാൻസും വിജയം മാത്രമാവും ലക്ഷ്യം വക്കുക. പരിക്കിൻ്റെ പിടിയിലായ ആര്യൻ റോബൻ്റെ അഭാവത്തിൽ വിജയം മാത്രം ലക്ഷ്യം വച്ചിറങ്ങുന്ന ഡയ്ലി ബ്ലിൻ്റിൻ്റെ നെതർലെൻ്റ്സ് നാട്ടിൽ ബലാറെസിനെ നേരിടും. ശക്തമായ ടീമുമായെത്തുന്ന ഫ്രാൻസ് നാട്ടിൽ വലിയ വിജയമാവും ബൾഗേറിയക്കെതിരെ ലക്ഷ്യം വക്കുക. ഗ്രൂപ്പിലെ മറ്റ് മത്സരത്തിൽ സ്വീഡൻ ലക്സൻബർഗിനേയും നേരിടും.

ഗ്രൂപ്പ് ബിയിലെ ആദ്യമത്സരത്തിൽ സ്വിസ്സർലെൻ്റിനോട് തോൽവി വഴങ്ങേണ്ടി വന്ന യൂറോകപ്പ് ജേതാക്കളായ പോർച്ചുഗലിനു ദുർബലരായ അണ്ടോറയാണ് എതിരാളികൾ. പരിക്കിൽ നിന്ന് മടങ്ങിയെത്തുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് കീഴിൽ ഇറങ്ങുന്ന ടീം വലിയ ജയം തന്നെയാവും നാട്ടിൽ ലക്ഷ്യം വക്കുക. ആദ്യമത്സരത്തിൽ പോർച്ചുഗലിനെ തോൽപ്പിച്ച ആത്മവിശ്വാസത്തോടെ ഇറങ്ങുന്ന സ്വിസ്സ് ടീമിൻ്റെ എതിരാളികൾ ഹംഗറിയാണ്. സസ്പെൻഷനിലായ ആർസനൽ താരം ഷാക്കയുടെ അഭാവം സ്വിസ്സ് ടീമിൽ പ്രശ്നങ്ങളുണ്ടാക്കിയേക്കും.

ഗ്രൂപ്പ് എച്ചിൽ ചാമ്പ്യന്മാരായി റഷ്യ പിടിക്കാൻ ഉറച്ചാണ് ബെൽജിയം ഇന്ന് ശക്തരായ ബോസ്നിയ ആൻ്റ് ഹെർസഗോവിനയെ നേരിടാൻ ഇറങ്ങുക. ആദ്യകളിയിൽ എതിരാളികളെ തകർത്ത് വിട്ട ഇരു ടീമുകൾക്കും നല്ല തുടക്കമാണ് ലഭിച്ചത്. റോബർട്ടോ മാർട്ടിനസിൻ്റെ ടീമിനു കെവിൻ ഡ്യുബ്രോയോൻ്റെ പരിക്ക് തലവേദന സൃഷ്ടിക്കുമെങ്കിലും ബെൽജിയത്തിൻ്റെ വമ്പൻ താരനിര ആ കുറവ് നികത്താൻ പോന്നവർ തന്നെയാണ്. റോമക്കായി കഴിഞ്ഞ കുറെ മത്സരങ്ങളിലായി മികച്ച പ്രകടനം പുറത്തെടുത്ത ഡെസ്കോയുടെ ഫോമിലാണ് ബോസ്നിയയുടെ പ്രതീക്ഷകൾ. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ 2004 യൂറോകപ്പ് ജേതാക്കളായ ഗ്രീസിൻ്റെ എതിരാളികൾ സൈപ്രസാണ്. വിജയതുടക്കം നിലനിർത്താനാവും ഗ്രീസും ശ്രമിക്കുക.

ഇന്ത്യൻ സമയം ശനിയാഴ്ച്ച പുലർച്ചെ 12.15 നു മത്സരങ്ങൾ സോണി സിക്സ്, സോണി ഇ.എസ്.പി.എൻ എന്നീ ചാനലുകളിൽ തത്സമയം കാണാവുന്നതാണ്.