
ഫുട്ബോളിൽ ഇന്ത്യയുടെ റെക്കോഡ് ദയനീയമാണെന്നിരിക്കെ തന്നെ സമീപ കാലത്ത് ഇന്ത്യ കാൽപന്തുകളിയിൽ മികച്ച മുന്നേറ്റങ്ങൾ നടത്തുന്നുണ്ട്. കരുത്തരായ അഫ്ഗാനിസ്ഥാനെ കീഴ്പ്പെടുത്തി ഇന്ത്യ സാഫ് കിരീടം ചൂടിയതും, റാങ്കിങ്ങിൽ ഒരുപാട് മുന്നിലുണ്ടായിരുന്ന പോർട്ടോ റിക്കോയെ തകർത്തതും, 12 വർഷങ്ങൾക്ക് ശേഷം വിദേശ മണ്ണിൽ ഒരു അന്താരാഷ്ട്ര മൽസരം കംബോഡിയക്കെതിരെ ജയിച്ചതും, ഏഷ്യ കപ്പ് യോഗ്യതക്കുള്ള ആദ്യ മൽസരത്തിൽ ജയിച്ചതും, ബെംഗളുരു എഫ്.സി ഏഷ്യയിൽ ഏറ്റവും വലിയ രണ്ടാമത്തെ കോണ്ടിനെന്റൽ ടൂർണമെന്റായ എ.എഫ്.സി കപ്പിന്റെ ഫൈനലിലെത്തിയതും, ചരിത്രത്തിലെ ഏറ്റവും മികച്ച ഫിഫ റാംഗിങ്ങിലേക്ക് കുതിക്കുന്നതുമുൾപ്പടെ ഒരുപാട് നേട്ടങ്ങൾ സ്വന്തമാക്കാൻ ഇന്ത്യക്കായിട്ടുണ്ട്.
എന്നാൽ ഇന്ത്യൻ ഫുട്ബോളിന്റെ സമീപകാല നേട്ടങ്ങളെ മാർകറ്റ് ചെയ്യാനോ വളർത്തികൊണ്ടുവരാനോ ഇന്ത്യൻ ഫുട്ബോളിന്റെ ഭരണം കയ്യാളുന്ന എ.ഐ.എഫ്.എഫിനു കഴിയുന്നില്ല എന്നാണു ഫുട്ബോൾ ആരാധകർ ആരോപിക്കുന്നത്, അതിൽ സത്യമുണ്ട് താനും.
ഇന്ത്യയുടെ പല അന്താരാഷ്ട്ര മൽസരങ്ങളും തൽസമയം സംപ്രേഷണം ചെയ്യാറില്ല, 12 വർഷങ്ങൾക്ക് ശേഷം വിദേശ മണ്ണിൽ ഇന്ത്യയുടെ ആദ്യ വിജയം കമ്പോഡിയ്ക്കെതിരെ നേടിയപ്പോഴും മൽസരം തൽസമയം കാണാനുള്ള ഭാഗ്യം ഇന്ത്യൻ ഫുട്ബോൾ ആരാധകർക്കുണ്ടായിരുന്നില്ല.
First time in 12 years @IndianFootball wins a friendly away from home but there is no telecast. Well done. #WakeUpPraful #CAMvIND
— Gautam Padubidri (@th0tMasteR) March 22, 2017
മത്സരങ്ങളുടെ തൽസമയ സംപ്രേഷണങ്ങളുടെ ഗുണവശങ്ങളെ കുറിച്ച് SportzDose ബിസിനസ് ഡവലപ്മന്റ് മാനേജറും സ്പോർട്സ് കൺസൾടന്റുമായ സചിം കരേക്കർ (Sachim Karekar) :
“മൽസരങ്ങളുടെ സംപ്രേഷണം ഇന്നു ഫൂട്ബോൾ രംഗത്തു ഏറ്റവും പണം കൊണ്ടു വരുന്ന മേഖലയാണ്, ബ്രോഡ്കാസ്റ്റിംഗ് റൈറ്റ്സ് വിൽക്കുന്നതു വഴി ക്ലബുകളും രാജ്യങ്ങളും നല്ല സമ്പാദ്യം നേടുന്നുണ്ട്, ബ്രോഡ്കാസ്റ്റ് ചെയ്യപ്പെടുന്ന മൽസരങ്ങൾ കൂടുതൽ സ്പോൺസർമാരേയും ആകർഷിക്കും. തൽസമയ സംപ്രേഷണത്തിന്റെ മറ്റൊരു ഗുണം അതു മത്സരത്തെ നേരിട്ട് ആരാധകരിലെത്തിക്കുന്നു എന്നതാണുല്, ആരാധകർ ഇല്ലെങ്കിൽ ഫുട്ബോൾ ഒന്നുമല്ല. മാത്രമല്ല പുതിയ ആരാധകരെ ഫുട്ബോളിലേക്ക് ആകർഷിക്കാനും അതു വഴി ഫുട്ബോളിന്റെ വികസനവും സാധ്യമാകും.”
ഉണർന്നു വരുന്ന ഇന്ത്യൻ ഫുട്ബോളിനെ മാർക്കറ്റ് ചെയ്യാനോ മത്സരങ്ങൾ തൽസമയം സംപ്രേഷണം ചെയ്യാനോ ഉറങ്ങി കിടക്കുന്ന ആൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനോ, തലപ്പത്തിരിക്കുന്ന പ്രഫുൾ പട്ടേലിനോ കഴിയുന്നില്ല അല്ലെങ്കിൽ അവർക്ക് ഉറക്കമുണരാൻ താൽപര്യമില്ല എന്നതാണു സത്യം.
എന്നാൽ ഇന്ത്യൻ ഫുട്ബോളിനെ ഉദ്ദരിക്കാൻ എന്ന പേരിൽ ആൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഐ.എം.ജി-റിലയൻസ് എന്ന സ്വകാര്യ കമ്പനിയുമായി കരാറിലേർപ്പെട്ടിരുന്നു അവർ യഥാർത്ഥിൽ എന്താണു ചെയ്യുന്നതെന്നു ഇന്ത്യൻ ഫുട്ബോൾ നിരീക്ഷകനും ബ്ലോഗറുമായ ആഷ് ലേശ് അജ്ഗവോങ്കർ(Ashlesh Ajgaonkar) പറയുന്നു :
“ഇന്ത്യൻ ഫുട്ബോളിനെ ഉദ്ദരിക്കാൻ എന്നു പ്രഖ്യാപിച്ചാണു അവർ ഇന്ത്യയിലേക്ക് വന്നത്, എന്നാൽ അവർ ആകെ ഉദ്ദരിച്ചതു അവരുടെ ബിസിനസ് പ്രൊഡക്റ്റ് ആയ ഐ.എസ്.എൽ മാത്രമാണു, ഇന്ത്യയുടെ ദേശീയ ലീഗായ ഐ-ലീഗിനെ അവർ അപ്പാടെ അവഗണിക്കുകയാണു ചെയ്തത്, അതിലും മോശമായാണു അവർ ഇന്ത്യയുടെ ദേശീയ ടീമിനെ സമീപിച്ചത്, ടീമിന്റെ മൽസങ്ങൾ സംപ്രേഷണം ചെയ്യാൻ പോലുമവർക്കായില്ല, ചെറിയ രാഷ്ട്രങ്ങളായ ഭൂട്ടാനും മാലിദീപിനും വരെ ഇതിലും നന്നായിട്ട് കാര്യങ്ങൾ നടത്താൻ കഴിയുന്നുണ്ട്. ഐ.എം.ജി-റിലയൻസ് അവരുടെ ലീഗ് വിജയിപ്പിക്കാൻ വേണ്ടി ഇന്ത്യൻ ഫുട്ബോളിനെ അവഗണിക്കുന്നത് തുടർന്നാൽ ഇന്ത്യൻ ഫുട്ബോൾ ഒരിക്കലും വളരാൻ പോകുന്നില്ല”.
ദേശീയ ടീമിന്റെ മത്സരങ്ങൾ മാത്രമല്ല ദേശീയ ലീഗായ ഐ-ലീഗിലെ പല മൽസരങ്ങളും, എ.എഫ്.സി കപ്പിലെ ഇന്ത്യൻ ടീമുകളുടെ മൽസരങ്ങളും സംപ്രേഷണം ചെയ്യപെടാറില്ല. കഴിഞ്ഞ ദിവസം നടന്ന ബെംഗളുരു എഫ്.സിയുടെ എ.എഫ്.സി കപ്പ് മൽസരം ഇന്ത്യയിൽ സംപ്രേഷണം ഇല്ലാത്തതിനെ തുടർന്ന് ബെംഗളുരു ആരാധകർ പ്രതിഷേധമെന്നോണം www.wakeupPraful.tk എന്ന വെബ് സൈറ്റ് ഉണ്ടാക്കി മൽസരം സ്ട്രീം ചെയ്തിരുന്നു.
@bengalurufc vs Maziya game live streaming on https://t.co/BBWLORmqCL #WakeUpPraful #SaveIndianFootball @praful_patel pic.twitter.com/Ry34O44P9g
— Waseem Ahmed (@Waseem_Ahmed11) April 4, 2017
ഇന്ത്യ-മ്യാന്മാർ മൽസരത്തിന്റെ സംപ്രേഷണത്തിൽ വ്യക്തത വരുത്താതിനെ തുടർന്നു സോഷ്യൽ മീഡിയ വഴി കളിയാരാധകർ എ.ഐ.എഫ്.എഫിന്റെ ഫോൺ നമ്പറിലേക്ക് 100 കണക്കിനു കോളുകൾ ചെല്ലുകയുണ്ടായിരുന്നു. ഇന്ത്യയിലെ വിവിധ ക്ലബുകളുടെ ആരാധകർ സംഘടിതമായി പ്രവർത്തിക്കാൻ തുടങ്ങിയ ഈ കാലത്ത് അവരെല്ലാം ഒരുമിച്ച് നിന്നാൽ പ്രഫുൽ പട്ടേലിനും സംഘത്തിനും ഉറക്കമുണരുക തന്നെ ചെയ്യേണ്ടി വരും എന്നാണു നിലവിലെ സംഭവ വികാസങ്ങൾ സൂചിപ്പിക്കുന്നത്.