വാഹിദ് സാലിയുടെ രണ്ടാം വരവും കാത്ത്

- Advertisement -

2012 ഐ ലീഗ് സീസൺ അവസാനം ചർച്ചിൽ ബ്രദേഴ്സും മോഹൻ ബഗാനും വാഹിദ് സാലി എന്ന കേരള ഡിഫൻഡർക്കു പിറകിലായിരുന്നു. ചർച്ചിൽ ബ്രദേഴ്സ് തൊട്ടു മുമ്പുള്ള സീസണിലെ ചാമ്പ്യന്മാരായിരുന്നിട്ടും, മോഹൻ ബഗാനേക്കാൾ മികച്ച ഓഫർ ഗോവൻ ക്ലബ് നൽകിയിട്ടും വാഹിദ് സാലി ബഗാൻ ജേഴ്സി തിരഞ്ഞെടുത്തു. അതിന് ഒരേയൊരു കാരണമേ ഉണ്ടായിരുന്നുള്ളൂ. തന്റെ ഗുരു, അതെ ഇതിഹാസമായിരുന്ന ഒളിമ്പ്യൻ റഹ്മാന്റെ ആഗ്രഹമായിരുന്നു വാഹിദ് സാലി ഉൾപ്പെടെയുള്ള തന്റെ ശിഷ്യന്മാർ കൊൽക്കത്തയിലേക്ക് വണ്ടി കയറുന്നതും അവിടെ മികവു തെളിയിക്കുന്നതും.

ഒളിമ്പ്യൻ റഹ്മാന്റെ അവസാന ശിഷ്യന്മാരിൽ ഒരാളായി യൂണിവേഴ്സൽ സോക്കറിൽ ഉണ്ടായിരുന്ന താരമായിരുന്നു വാഹിദ് സാലി. സെവൻസ് മൈതാനങ്ങളിലൂടെ ഫുട്ബോൾ പ്രേമികൾക്ക് പരിചതനായി മാറിയ സാലിയെ ദീപക് സി എം കോച്ച് മികച്ച ഒരു ഡിഫൻഡറായി തന്നെ മാറ്റി. ഡിഫൻസിൽ ഏതു പൊസിഷനിലും ഏതു ടാക്ടിക്സിലും പെട്ടെന്ന് തന്നെ സ്വിച്ച് ചെയ്യാൻ കഴിവുള്ള താരമായിരുന്നു വാഹിദ് സാലി. കോഴിക്കോട് നൈനാംവളപ്പിലാണ് ജനിച്ചത് എങ്കിലും അരക്കിണർ പ്രദേശത്ത് പന്തുതട്ടിയാണ് വാഹിദ് സാലിയുടെ ഫുട്ബോൾ ജീവിതം ആരംഭിക്കുന്നത്. എ ആർ എസ് സി അരക്കിണർ എന്ന അരക്കിണറിലെ ക്ലബിന്റെ ജേഴ്സി ഇട്ട ശേഷമാണ് യൂണിവേഴ്സൽ സോക്കറിൽ വാഹിദ് സാലി എത്തുന്നത്.

മുംബൈ എഫ് സിയിൽ സെക്കന്റ് ഡിവിഷൻ കളിച്ചാണ് വാഹിദ് സാലി ആദ്യം ദേശീയ ശ്രദ്ധയിൽ എത്തുന്നത്. പിന്നീട് ജോസ്കോ എഫ് സിയിലും എസ് ബി ടിയിലും കളിച്ച് പ്രൊഫഷണൽ ഫുട്ബോളിൽ സജീവമായി.

പക്ഷെ വാഹിദ് സാലിയുടെ കരിയറിലെ വഴിത്തിരിവായത് ഒ എൻ ജി സി ആയിരുന്നു.2011-12ൽ ഒ എൻ ജി സിയിക്ക് വേണ്ടി സെക്കൻഡ് ഡിവിഷൻ കളിക്കാനായിരുന്നു സാലി എത്തിയത്. ക്ലബ് ഐ ലീഗിൽ എത്തിയ 2012-13 സീസണിൽ ഒ എൻ ജി സിയിലേക്ക് സന്തോഷ് കശ്യപ്പ് കോച്ചായി എത്തി. അതു മുതൽ വാഹിദ് സാലി ഐ ലീഗിലെ തന്നെ താരമായി മാറുക ആയിരുന്നു. ഒ എൻ ജി സി ഡിഫൻസിന്റെ നെടുംതൂണായി കളിച്ച വാഹിദ് സാലി ആ‌ സമയത്ത് രാജ്യത്തെ തന്നെ മികച്ച ഡിഫൻഡേഴ്സിൽ ഒരാളായാണ് അറിയപ്പെട്ടത്. ആ‌ സീസൺ അവസാനം ഒ എൻ ജി സിയെ എ എഫ് സി ലൈസൻസ് നടപടികളിൽ പരാജയപ്പെട്ടതു കൊണ്ട് ഐ ലീഗിൽ നിന്ന് പുറത്താക്കി. അതോടെയാണ് വാഹിദ് സാലി മോഹൻ ബഗാനിലേക്ക് എത്തുന്നത്.

കരീം ബെഞ്ചരീഫയുടെ 4-3-3 സിസ്റ്റത്തിൽ വിങ്ബാക്കായി ആയിരുന്നു കോഴിക്കോടിന്റെ സ്വന്തം വാഹിദ് സാലി ബഗാനിൽ തുടങ്ങിയത്. ബെംഗളൂരുവിനെതിരെ നടന്ന തന്റെ അരങ്ങേറ്റത്തിലും പിന്നീട് നടന്ന ചർച്ചിൽ ബ്രദേഴ്സുമായുള്ള മത്സരത്തിലും വാഹിദ് സാലി മികച്ച പ്രകടനമാണ് നടത്തിയത്. ചർച്ചിലിനെതിരെ മാൻ ഓഫ് ദി മാച്ച് അവാർഡ് കരസ്ഥമാക്കിയ വാഹിദ് സാലി ആ പുരസ്കാരം തന്റെ ഗുരുവായ ഒളിമ്പ്യൻ റഹ്മാന്റെ ഓർമ്മയ്ക്ക് സമർപ്പിച്ചു.

എന്നാൽ ആ ഗംഭീര തുടക്കത്തിന് ആയുസ്സ് കുറവായിരുന്നു നാലു ഐ ലീഗ് മത്സരങ്ങൾക്കു ശേഷം 2013 ഒക്ടോബർ തുടക്കത്തിൽ പരിക്ക് വാഹിദ് സാലിയുടെ വില്ലനായി എത്തി. സ്പോർടിംഗ് ഗോവയ്ക്കെതിരായ മത്സരത്തിൽ പരിക്കേറ്റ സാലിക്ക് പിന്നീടങ്ങോട്ട് സീസൺ അവസാനം വരെ ഒരു മത്സരത്തിൽ പോലും മോഹൻ ബഗാൻ ജേഴ്സിയിൽ ഇറങ്ങാൻ ആയില്ല.

വാഹിദ് സാലിയുടെ പരിക്ക് കരീം ബെഞ്ചരീഫയുടെയും മോഹൻ ബഗാന്റേയും താളം തന്നെ തെറ്റിച്ചു. വാഹിദ് സാലിയുടെ അഭാവം കാരണം ബെഞ്ചരീഫയുടെ ഇഷ്ട ഫോർമേഷനായ 4-3-3 വിട്ട് കരീം 4-4-2 ഫോർമേഷനിലേക്കു മാറേണ്ടിവരെ വന്നു. പരിക്കിനു തൊട്ടു പിറകിൽ വന്ന ഇന്ത്യൻ ക്യാമ്പിലെ നാൽപ്പതംഗ ടീമിലേക്ക് വാഹിദ് സാലിയെ പരിഗണിച്ചതായിരുന്നു. എന്നാൽ പരിക്ക് ആ അവസരം മോഹൻ ബഗാന്റെ തന്നെ ഐബർലോങിലേക്ക് എത്തിച്ചു. ഐബർ ആ ക്യാമ്പിനു ശേഷം ഇന്ത്യൻ ജേഴ്സി അണിയുകയും ചെയ്തു. ഇന്ത്യൻ ജേഴ്സി എന്ന വാഹിദ് സാലിയുടെ ഏറ്റവും വലിയ സ്വപ്നവും ആ പരിക്ക് കാരണം വിദൂരത്തായി.

വാഹിദ് സാലി പരിക്ക് ഭേദമാകുമ്പോഴേക്ക് പകരക്കാരനായി എത്തിയ പ്രിതം കോട്ടാൽ ബഗാൻ ജേഴ്സിയിൽ മികച്ച പ്രകടനങ്ങൾ നടത്തി കരീം ബെഞ്ചരീഫയുടെ പ്രിയപ്പെട്ട കളിക്കാരനായി മാറിയിരുന്നു. രണ്ടാമതൊരു അവസരം വാഹിദ് സാലിക്ക് നൽകി നോക്കാൻ കരീം എന്ന കോച്ചും തയ്യാറായില്ല.

പരിക്കേറ്റ മുതൽ അങ്ങോട്ട് വാഹിദ് സാലി എന്ന കേരളത്തിന്റെ വലിയ പ്രതീക്ഷ ആയിരുന്ന ഡിഫൻഡർക്ക് മോശം കാലമായി. 2015ൽ കൊൽക്കത്തൻ ക്ലബായ ബവാനിപൂർ എഫ് സിയിൽ എത്തി. 2015ൽ തന്നെ ദേശീയ ഗെയിംസിൽ കേരളത്തിന്റെ വൈസ് ക്യാപ്റ്റനുമായി സാലി.

പക്ഷെ ദേശീയ തലത്തിൽ പിന്നീടങ്ങോട്ട് വാഹിദ് സാലിക്ക് എന്തുകൊണ്ടോ അവസരം കിട്ടിയില്ല. പരിക്കും വാഹിദ് സാലിക്ക് ഇടക്ക് വില്ലനായി. താൻ വളർന്ന സെവൻസ് മൈതാനങ്ങളിലേക്ക് വാഹിദ് സാലിക്ക് വീണ്ടും മടങ്ങേണ്ടി വന്നു.

ഐ എസ് എല്ലും ഐ ലീഗും സമാന്തരമായി നടക്കാൻ പോകുന്നതും ഐ ലീഗിൽ കേരളത്തിൽ നിന്ന് രണ്ടു ക്ലബുകൾ ഉണ്ടാകുമെന്ന വാർത്തയും വാഹിദ് സാലിയെ അറിയുന്ന ഇഷ്ടപ്പെടുന്ന ഫുട്ബോൾ ആരാധകർക്ക് പ്രതീക്ഷയാവുകയാണ്. മുപ്പതുകളുടെ തുടക്കത്തിൽ നിൽക്കുന്ന സാലിയെ വീണ്ടും ദേശീയ ലീഗിൽ കാണാൻ കഴിയുമെന്ന പ്രതീക്ഷ.

അന്ന് കരീം ബെഞ്ചരീഫ നൽകാൻ മടിച്ച രണ്ടാമതൊരവസരം വാഹിദ് സാലിക്ക് കിട്ടേണ്ടതുണ്ട്. അനസും റിനോ ആന്റോയ്ക്കുമൊക്കെ ഒപ്പം ദേശീയ തലത്തിൽ തിളങ്ങി നിൽക്കേണ്ടി ഇരുന്ന വാഹിദ് സാലിയെ നിർഭാഗ്യങ്ങൾക്കു ഇനിയും വിട്ടു കൊടുക്കരുത്. മലയാളികളുടെ വിൻസന്റ് കമ്പനിക്ക് തന്റെ കഴിവ് തെളിയിക്കാൻ ഒരവസരത്തിന് ഇനിയും കാത്തിരിക്കേണ്ടി വരില്ല എന്നു വിശ്വസിക്കാം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement