“ജീവിതത്തിലെ ഏറ്റവും വലിയ യാത്ര പറയൽ” ബെംഗളൂരു ആരാധകരോട് വിനീത്

- Advertisement -

ബെംഗളൂരു എഫ് സി ജേഴ്സി വിട്ട് കേരള ബ്ലാസ്റ്റേഴ്സിലേക്ക് വരാൻ തീരുമാനിച്ച സി കെ വിനീത് ബെംഗളൂർ ആരാധകരോടും ടീമിനോടും സാമൂഹിക മാധ്യമങ്ങളിലൂടെ യാത്ര പറഞ്ഞു. വൈകാരികമായാണ് വിനീത് ബെംഗളൂരുവിനോട് യാത്ര പറഞ്ഞത്.

ജീവിതത്തിൽ ഒരുപാട് യാത്ര പറച്ചിലുകൾ ഉണ്ടായിട്ടുണ്ടെന്നും പക്ഷെ ഇത് പോലെ ഒന്നുമായിരുന്നില്ല എന്നും പറഞ്ഞാണ് വിനീത് കുറിപ്പ് തുടങ്ങിയത്. ബെംഗളൂരു എഫ് സി യുടെ ജേഴ്സിയും പാട്ടും ബാനറുകളും ആരാധകരെയും നഷ്ടമാവുമെന്ന് പറഞ്ഞ വിനീത്  മൂന്നര വർഷം ബെംഗളൂരു എഫ് സി ജേഴ്സി അണിഞ്ഞത് അഭിമാനമായി കാണുന്നു എന്നും പറഞ്ഞു.

“നേടിയ കപ്പുകളും നഷ്ടപെട്ട ട്രോഫികളും എല്ലാം ഞമ്മൾ ഒരുമിച്ചാണ് നേടിയത്” എന്നും വിനീത് കൂട്ടിച്ചേർത്തു.

ബെംഗളൂരു എഫ് സിയുടെ ആരാധകരുടെ കൂട്ടായ്മയായ വെസ്റ്റ് ബ്ലോക്ക് ബ്ലൂസ് എന്ന ആരാധക സംഘത്തെ കുറിച്ചും വിനീത് പറയുന്നുണ്ട്.  ഓരോ തവണ ബെംഗളൂരു എഫ് സിയുടെ ബാഡ്ജിൽ ചുംബിക്കുമ്പോഴും  അത് ആത്മാർത്ഥതയോടെ ആയിരുന്നുവെന്നും വിനീത് പറഞ്ഞു.

ദോഹയിൽ നടന്ന എ എഫ് സി കപ്പ് ഫൈനലിലെ പരാജയത്തെ പറ്റിയും ലീഗ് കിരീടമടക്കം നേടിയ വിജയങ്ങളെ പറ്റിയും വിനീത് പ്രത്യേകം കുറിപ്പിൽ പ്രതിപാദിക്കുന്നുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് വിനീതിനെ നേട്ടമായി കരുതുമ്പോൾ ബെംഗളൂരു ആരാധകർക്ക് ടീമിനെ വികാരമായി കണ്ട ഒരു വലിയ കളിക്കാരന്റെ വിടവാകും നൽകുക.

Advertisement