Site icon Fanport

പുലിസിചിന് ഇരട്ട ഗോൾ, അമേരിക്ക ഗോൾഡ് കപ്പ് ഫൈനലിൽ

നിലവിലെ ചാമ്പ്യന്മാരായ അമേരിക്ക ഗോൾഡ് കപ്പിന്റെ ഫൈനലിൽ കടന്നു. ഇന്ന് പുലർച്ചെ നടന്ന സെമി ഫൈനലിൽ ജമൈക്കയെ തകർത്താണ് അമേരിക്ക ഫൈനലിലേക്ക് എത്തിയത്. യുവതാരം പുലിസിചിന്റെ ഇരട്ട ഗോളിന്റെ ബലത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാ‌ണ് അമേരിക്ക വിജയിച്ചത്. കഴിഞ്ഞ ഗോൾഡ് കപ്പ് ഫൈനലിന്റെ ആവർത്തനമായിരുന്നു ഈ മത്സരം.

മത്സരത്തിൽ തുടക്കം മുതൽ അമേരിക്കയുടെ ആധിപത്യമായിരുന്നു. കളിയുടെ ഒമ്പതാം മിനുട്ടിൽ തന്നെ മക്കെന്നെയിലൂടെ അമേരിക്ക മുന്നിൽ എത്തി. രണ്ടാം പകുതിയിലായിരുന്നു പുലിസിചിന്റെ രണ്ടു ഗോളുകളും പിറന്നത്. 52ആം മിനുട്ടിലും 87ആം മിനുട്ടിലുമായിരുന്നു പുലിസിചിന്റെ ഗോളുകൾ. നിക്കോൾസണാണ് ജമൈക്കയുടെ ആശ്വാസ ഗോൾ നേടിയത്.

ഫൈനലിൽ മെക്സിക്കോയെ ആകും അമേരിക്ക നേരിടുക. ഇന്നലെ ഹെയ്തിയെ തോൽപ്പിച്ചായിരുന്നു മെക്സിക്കോ ഫൈനലിലേക്ക് കടന്നത്.

Exit mobile version