ക്രൊയേഷ്യക്ക് ചരിത്രത്തിലെ ഏറ്റവും വലിയ തോൽവി സമ്മാനിച്ച് സ്പെയിൻ

ജൂലൈയിൽ നടന്ന ലോകകപ്പിൽ റണ്ണേഴ്സ് അപ്പായ ക്രൊയേഷ്യയെ അല്ല ഇന്ന് കണ്ടത്. സ്പെയിന് മുന്നിൽ മുട്ടുവിറച്ച ക്രൊയേഷ്യ ഇന്ന് അവരുടെ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമാണ് ഏറ്റുവാങ്ങിയത്. യുവേഫ നാഷൺസ് ലീഗിൽ സ്പെയിന്റെ ഹോം മത്സരത്തിൽ ആറു ഗോളുകളാണ് ക്രൊയേഷ്യൻ വലയിൽ കയറിയത്. എതിരായി ഒന്ന് പോലും സ്പെയിൻ വലയിൽ കയറ്റാൻ ക്രൊയേഷ്യക്ക് ആയില്ല.

മോഡ്രിചും റാകിറ്റിചും പെരിസിചും ഒക്കെ അടങ്ങിയ ക്രൊയേഷ്യയെ തന്നെയാണ് സ്പെയിൻ ഇന്ന് ഇത്ര വലിയ സ്കോറിന് തകർത്തത്. 24ആം മിനുട്ടിൽ സോൾ ആണ് സ്പാനിഷ് ഗോൾ വേട്ട ആരംഭിച്ചത്. ആദ്യ പകുതിയിൽ അസൻസിയോവും ഒപ്പം ഒരു സെൽഫ് ഗോളുകൾ കൂടി ആയപ്പോൾ സ്കോർ 3-0 എന്നായി.

രണ്ടാം പകുതിയിൽ റോഡ്രിഗോ, ക്യാപ്റ്റൻ റാമോസ്, ഇസ്കോ എന്നിവരും സ്പെയിനിനായി ഗോളുകൾ കണ്ടെത്തി. സ്പെയിനിന്റെ കോമ്പറ്റിറ്റീവ് മത്സരങ്ങളിലെ ഹോം റെക്കോർഡ് തുടരുന്നത് കൂടിയാണ് ഇന്ന് കണ്ടത്. കോമ്പറ്റിറ്റീവ് മത്സരത്തിൽ അവസാനമായി സ്പെയിൻ ഹോം ഗൗണ്ടിൽ പരാജയപ്പെട്ടത് 2003ൽ ആയിരുന്നു. അവസാന 38 ഹോം മത്സരങ്ങളിലും സ്പെയിൻ പരാജയം അറിഞ്ഞിട്ടില്ല.

പുതിയ പരിശീലകൻ ലൂയിസ് എൻറികെയുടെ മികച്ച തുടക്കം കൂടിയായി ഇത്. എൻറികെയുടെ ആദ്യ മത്സരത്തിൽ സ്പെയിൻ ഇംഗ്ലണ്ടിനെയും തോൽപ്പിച്ചിരുന്നു.

അവസാനം സ്കോട്ട്‌ലൻഡിന് ജയം

യുവേഫ നാഷൺസ് ലീഗിലെ സ്കോട്ട്‌ലൻഡിന് വിജയത്തോടെ തുടക്കം. ആദ്യ മത്സരത്തിൽ അൽബേനിയയെ നേരിട്ട സ്കോട്ട്‌ലൻഡ് എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. വളരെ മോശം ഫോമിലായിരുന്ന സ്കോട്ലാൻഡിന് ഈ ജയം ആത്മവിശ്വാസം തിരികെ നൽകും. അവസാന അഞ്ചു മത്സരങ്ങളിൽ മക്ലീഷിന്റെ സ്കോട്ട്‌ലൻഡ് നാലു മത്സരങ്ങൾ തോറ്റിരുന്നു.

ഇന്നലെ അൽബേനിയ വഴങ്ങിയ ഒരു സെൽഫ് ഗോളും ഒപ്പം മുൻ എവർട്ടൺ താരം നൈസ്മിതിന്റെ ഹെഡർ ഗോളുമാണ് സ്കോട്ട്‌ലൻഡ് ജയം ഉറപ്പിച്ചത്. വിങ്ബാക്ക് സ്റ്റീഫൻ ഓഡൊണൽ ഇന്നലെ സ്കോട്ട്‌ലൻഡിനായി അരങ്ങേറ്റം നടത്തി. ഇനി ഒക്ടോബറിൽ ഇസ്രായേലിനെതിരെ ആണ് യുവേഫ നാഷൺസ് ലീഗിലെ സ്കോട്ട്‌ലൻഡിന്റെ കളി.

കോസോവോയ്ക്ക് ചരിത്ര വിജയം

ഇന്നലെ നടന്ന യുവേഫ നാഷൺസ് ലീഗിൽ കോസൊവോ നേടിയ ജയം ആ രാജ്യത്തിന് ചരിത്ര വിജയമായി മാറി. ഇന്നലെ ഫറോഹ് ഐലന്റ്സിനെ നേരിട്ട കൊസോവോ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. ഫുട്ബോൾ ചരിത്രത്തിൽ കൊസോവോയുടെ ആദ്യ കോമ്പറ്റിറ്റീവ് മത്സര വിജയമായിരുന്നു ഇത്. 2016ൽ ഫിഫ അംഗീകാരം കിട്ടിയ കൊസോവോ ഇതിനു മുമ്പ് സൗഹൃദ മത്സരങ്ങൾ അല്ലാതെ വേറൊന്നും ജയിച്ചിരുന്നില്ല.

കഴിഞ്ഞ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ 9 പരാജയവും ഒരു സമനിലയും ആയിരുന്നു സമ്പാദ്യം. യുവേഫ നാഷൺസ് ലീഗിലെ ആദ്യ മത്സരത്തിൽ അസർബൈജാനോട് സമനിലയും വഴങ്ങിയിരുന്നു. ഇന്നലെ രണ്ടാം പകുതിയിൽ പിറന്ന രണ്ടു ഗോളുകളാണ് കൊസോവോയ്ക്ക് ആദ്യ ജയം സമ്മാനിച്ചത്. ആർബർ സെനിലിയും നുഹിയുമാണ് ഗോളുകൾ നേടിയത്.

യുവേഫ നാഷൺസ് ലീഗിൽ ഡി ലീഗിൽ ഗ്രൂപ്പ് 3ൽ ആണ് കൊസോവോ കളിക്കുന്നത്.

സ്വീഡനെ ഞെട്ടിച്ച തിരിച്ചുവരവിൽ തുർക്കിക്ക് ജയം

സ്വീഡനെ ഞെട്ടിച്ചുകൊണ്ട് അവസാന മിനുട്ടിൽ രണ്ടു ഗോൾ നേടി തുർക്കിക്ക് ജയം. 88മത്തെ മിനുട്ട് വരെ ഒരു ഗോളിന് പിന്നിട്ടു നിന്നതിനു ശേഷമാണു സ്വീഡനെതിരെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തുർക്കി ജയിച്ചത്. പകരക്കാരനായി ഇറങ്ങിയ അക്ബബ നേടിയ ഇരട്ട ഗോളുകളാണ് തുർക്കിയുടെ വിജയത്തിന് കരുത്തേകിയത്. ഒരു വേള മത്സരത്തിൽ 2-0 പിറകിൽ നിന്നതിനു ശേഷമായിരുന്നു തുർക്കിയുടെ തിരിച്ചുവരവ് കണ്ടത്.

ആദ്യ പകുതിയിൽ മത്സരത്തിൽ ആധിപത്യം പുലർത്തിയ സ്വീഡൻ ഇസാക്‌ തെലിനിലൂടെ മുൻപിലെത്തി. തുടർന്ന് രണ്ടാം പകുതിയുടെ തുടക്കത്തിൽ ക്ലാസ്സൻ സ്വീഡന്റെ രണ്ടാമത്തെ ഗോളും നേടിയതോടെ മത്സരം സ്വീഡൻ കൈപിടിയിലൊതുക്കുമെന്ന് തോന്നി. എന്നാൽ 51ആം മിനുറ്റിൽ കാൽഹാനോഗ്ലുവിലൂടെ ഒരു ഗോൾ തിരിച്ചടിച്ച് തുർക്കി മത്സരത്തിൽ പിടിച്ചു നിന്നു.

തുടർന്നാണ് പകരക്കാരനായി ഇറങ്ങിയ അക്ബബ 88മത്തെ മിനുട്ടിലും 92 മത്തെ മിനുട്ടിലും ഗോൾ നേടി തുർക്കിയുടെ തിരിച്ചുവരവ് പൂർത്തിയാക്കിയത്. ജയത്തോടെ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്ത്എത്താനും തുർക്കിക്കായി. ഗ്രൂപ്പിൽ റഷ്യയാണ് ഒന്നാം സ്ഥാനത്ത്.

റൊണാൾഡോയില്ലാതിരുന്നിട്ടും ഇറ്റലിക്കെതിരെ പോർച്ചുഗലിന് ജയം

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതിരുന്നിട്ടും യുവേഫ നേഷൻസ് ലീഗിൽ പോർച്ചുഗലിന് ജയം. ഇറ്റലിയെയാണ് പോർച്ചുഗൽ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചത്. സെവിയ്യ താരം ആന്ദ്രേ സിൽവ നേടിയ ഗോളാണ് മത്സരത്തിന് വിധി നിർണ്ണയിച്ചത്.

രാജ്യന്തര മത്സരങ്ങളിൽ നിന്ന് വിശ്രമം അനുവദിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെയാണ് പോർച്ചുഗൽ മത്സരത്തിന് ഇറങ്ങിയത്. ഇറ്റലിയാവട്ടെ പോളണ്ടിനെതിരായ  മത്സരത്തിൽ ഇറങ്ങിയതിൽ നിന്ന് 9 മാറ്റങ്ങളുമായാണ് മത്സരത്തിന് ഇറങ്ങിയത്. ഗോൾ കീപ്പർ ഡോണരുമയും ചെൽസി താരം ജോർജിഞ്ഞോയും മത്സരമാണ് ടീമിൽ സ്ഥാനം നിലനിർത്തിയത്.

മത്സരത്തിന്റെ 48മത്തെ മിനുട്ടിലാണ് ആന്ദ്രേ സിൽവ ഗോൾ നേടിയത്. ബ്രൂമയുടെ ക്രോസ്സ് സിൽവ ഗോളാക്കുകയായിരുന്നു. ഗോൾ പോസ്റ്റിൽ ഇറ്റലി ഗോൾ കീപ്പർ ഡോണരുമയുടെ മികച്ച രക്ഷപെടുത്തലുകളാണ് ഇറ്റലി കൂടുതൽ ഗോൾ വഴങ്ങുന്നതിൽ നിന്ന് രക്ഷപെട്ടത്. മത്സരത്തിന്റെ അവസാന ഘട്ടത്തിൽ ഇറ്റലി മത്സരത്തിലേക്ക് തിരിച്ചുവരാൻ ശ്രമം നടത്തിയെങ്കിലും പോർച്ചുഗൽ മത്സരം സ്വന്തമാക്കുകയായിരുന്നു. ജയത്തോടെ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് എത്താനും പോർചുഗലിനായി.

യാർമലെങ്കോയുടെ ഗോളിൽ സ്ലോവാക്യയെ പരാജയപ്പെടുത്തി ഉക്രെയിൻ

പ്രീമിയർ ലീഗ് ക്ലബായ വെസ്റ്റ് ഹാമിന്റെ താരം ആൻഡ്രി യെർമലെങ്കോയുടെ ഗോളിൽ സ്ലോവാക്യയെ പരാജയപ്പെടുത്തി ഉക്രെയിൻ. ആൻഡ്രി ഷേവ്ചെങ്കോയുടെ ഉക്രെയിന്റെ തുടർച്ചയായ രണ്ടാം വിജയമാണിത്. ആദ്യ മത്സരത്തിൽ ചെക്ക് റിപ്പബ്ലിക്കിനെ 2-1. എന്ന സ്കോറിനാണ് ഉക്രെയിൻ പരാജയപ്പെടുത്തിയത്.

മിലൻറെ ഇതിഹാസതാരമായ ആൻഡ്രി ഷേവ്ചെങ്കോയാണ് ഉക്രെയിന്റെ പരിശീലകൻ. മുപ്പത്തിയാറു ഗോളുമായി യാർമലെങ്കോ ഉക്രെയിനു വേണ്ടിയുള്ള ഗോളുകളുടെ എണ്ണത്തിൽ ഷേവ്ചെങ്കോയ്ക്ക് പിറകിൽ രണ്ടാം സ്ഥാനത്താണ്. എൺപതാം മിനുട്ടിൽ ലഭിച്ച പെനാൽറ്റിയാണ് യാർമലെങ്കോയുടെ ഗോളിലേക്കും ഉക്രയിന്റെ വിജയത്തിലേക്കും നയിച്ചത്.

എറിക്സണിൽ തട്ടി വെയിൽസ് വീണു

യുവേഫ നാഷൺസ് ലീഗിൽ വെയിൽസിന് പരാജയം. ഡെന്മാർക്കിനെ നേരിട്ട വെയിൽസ് എതിരില്ലാത്ത രണ്ടു ഗോളുകളുടെ പരാജയമാണ് ഏറ്റുവാങ്ങിയത്. അസോസിയേഷനുമായുള്ള തർക്കങ്ങൾ അവസാനിച്ച് എത്തിയ പ്രമുഖ താരങ്ങളെല്ലാം ഫോമിൽ ആയതാണ് ഡെന്മാർക്കിന് ജയം എളുപ്പമാക്കിയത്.

ടോട്ടൻഹാം താരം എറിക്സണാണ് മത്സരത്തിലെ രണ്ടു ഗോളുകളും നേടിയത്. ഇതോടെ എറിക്സന് ഡെന്മാർക്ക് ജേഴ്സിയിൽ അവസാന 18 മത്സരങ്ങളിൽ 14 ഗോളുകളായി. ഗരെത് ബെയ്ലും സംഘവും ഇന്ന് മികവിലേക്കെ ഉയർന്നില്ല. കഴിഞ്ഞ സൗഹൃദ മത്സരത്തിൽ വെയിൽസ് അയർലണ്ടിനെ തകർത്തിരുന്നു.

സ്പെയിനോട് തോൽക്കാൻ കാരണം റഫറി എന്ന് കെയ്ൻ

ഇന്നലെ യുവേഫ നാഷൺസ് ലീഗിൽ ഇംഗ്ലണ്ട് സ്പെയിനിനോട് തോറ്റത് റഫറിയുടെ പിഴവ് കാരണമാണെന്ന് ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്ൻ. ഇന്നലെ ഇംഗ്ലണ്ടിന്റെ ഹോമായ വെംബ്ലിയിൽ വെച്ച് നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഇംഗ്ലണ്ട് തോറ്റിരുന്നു. എന്നാൽ ഇഞ്ച്വറി ടൈമിൽ ഇംഗ്ലണ്ട് സ്കോർ ചെയ്ത ഗോൾ റഫറി അനുവദിക്കാഞ്ഞതാണ് പരാജയ കാരണം എന്ന് കെയ്ൻ പറഞ്ഞു.

വെൽബക്കായിരുന്നു ഇംഗ്ലണ്ടിനായി അവസാന നിമിഷത്തിൽ വലകുലുക്കിയത്. എന്നാൽ സ്പാനിഷ് കീപ്പറായ ഡി ഹിയയെ ഫൗൾ ചെയ്തെന്ന് ആരോപിച്ച് റഫറി ആ ഗോൾ അനുവദിച്ചില്ല. റഫറിക്ക് പിഴച്ചതാണെന്നും അത് ഫൗൾ അല്ലാ എന്നുമാണ് കെയ്ൻ പറയുന്നത്. വെൽബെക്കിന്റെ മേലെ ഡിഹിയ വീഴുക ആയിരുന്നു എന്നും കെയ്ൻ പറഞ്ഞു.

ഇംഗ്ലീഷ് പരിശീലകൻ സൗത്ഗേറ്റും കെയ്ൻ പറഞ്ഞത് തന്നെ ആവർത്തിച്ചു.

ബലോട്ടെല്ലിയെ വിമർശിച്ച് ഇറ്റാലിയൻ മാധ്യമങ്ങൾ

പോളണ്ടിനെതിരായ ഇറ്റലിയുടെ യുവേഫ നേഷൻസ് ലീഗ് മത്സരത്തിലെ പ്രകടനത്തിന്റെ പേരിൽ മരിയോ ബലോട്ടെല്ലിയെ രൂക്ഷമായി വിമർശിച്ച് ഇറ്റാലിയൻ മാധ്യമങ്ങൾ . പരുഷമായ ഭാഷയിലാണ് നീസിന്റെ താരത്തെ ഇറ്റാലിയൻ മാധ്യമങ്ങൾ വളഞ്ഞിട്ട് ആക്രമിച്ചത്. നീസിന്റെ പ്രീ സീസൺ ട്രൈനിംഗുകളിലൊന്നും പങ്കെടുക്കാതിരുന്ന ബലോട്ടെല്ലിയെ 76 മിനുട്ട് കളിപ്പിച്ചതിനെതിരെ കോച്ച് മാൻചിനിക്കും നേരെ വിമർശനമുയർന്നു.

പൂർണമായും ഫിറ്റ്നസ് വീണ്ടെടുക്കാതിരുന്ന ബലോട്ടെല്ലി പന്തുമായി മുന്നേറാൻ ബുദ്ധിമുട്ടുന്ന കാഴ്ച ദയനീയമായിരുന്നു. മത്സരത്തിലെ ഏറ്റവും മോശം താരമായി പല മാധ്യമങ്ങളും സൂപ്പർ മാരിയോയെ തിരഞ്ഞെടുത്തു. ബലോട്ടെലിക്ക് പകരക്കാരനായി ആൻഡ്രിയ ബെലോട്ടി വന്നതിനു ശേഷം മത്സരത്തിൽ പോസിറ്റിവ് ആയ മാറ്റങ്ങൾ കണ്ടിരുന്നു. റോബർട്ടോ മാൻ ചിനിയുടെ ആദ്യ മത്സരത്തിൽ സമനില കൊണ്ട് തൃപ്തിപ്പെടാനേ സാധിച്ചുള്ളൂ

ഇംഗ്ലണ്ടിൽ സ്പെയിന്റെ തിരിച്ചുവരവ്

യുവേഫ നാഷൺസ് ലീഗിൽ സ്പെയിന് ജയത്തോടെ തുടക്കം. ഇന്ന് ഇംഗ്ലണ്ട് ഹോം ഗ്രൗണ്ടായ വെംബ്ലിയിൽ നടന്ന പോരിൽ ഒരു ഗോളിന് പിറകിൽ നിന്ന ശേഷം 2-1ന് സ്പെയിൻ ജയിച്ചു. 11ആം മിനുട്ടിൽ തന്നെ ഇംഗ്ലണ്ട് ഒരു ഗോളിന് മുന്നിൽ എത്തിയതായിരുന്നു. ഒരു മികച്ച കൗണ്ടർ അറ്റാക്കിലൂടെ ആയിരുന്നു ഇംഗ്ലീഷ് ഗോൾ. ഇടതു വിങ്ങിലൂടെ വന്ന ലൂക് ഷോ നൽകിയ ക്രോസ് റാഷ്ഫോർഡാണ് വലയിൽ എത്തിച്ചത്.

പക്ഷെ ഗോളിനോടുള്ള സ്പെയിന്റെ പ്രതികരണം പെട്ടെന്നായിരുന്നു. 13ആം മിനുട്ടിൽ തന്നെ സ്പെയിൻ ഗോൾ മടക്കി. റോഡ്രിഗീയുടെ പാസിൽ നിന്ന് സോൾ ആണ് സമനില ഗോൾ നേടിയത്. 32ആം മിനുട്ടിൽ സ്പെയിൻ ലീഡും എടുത്തു. ആദ്യ ഗോളിന് അവസരം ഒരുക്കിയ റോഡ്രിഗോ ആണ് രണ്ടാമത്തെ ഗോൾ നേടിയത്.

പരിശീലകൻ സൗത് ഗേറ്റിന്റെ കീഴിൽ വെംബ്ലി ഗ്രൗണ്ടിലെ ഇംഗ്ലണ്ട് ടീമിന്റെ ആദ്യ പരാജയമാണ് ഇത്. ഇവിടെ ഇതിനു മുമ്പ് കളിച്ച 10 കളികളിലും ഇംഗ്ലണ്ട് പരാജയം അറിഞ്ഞിരുന്നില്ല.

സാനെ ജർമ്മൻ ടീം വിട്ടത് മകൾക്ക് വേണ്ടി

യുവതാരം ലെറോയ് സാനെ യുവേഫ നേഷൻസ് ലീഗിനായുള്ള ജർമ്മൻ ടീം വിട്ടത് മകൾക്ക് വേണ്ടി. ട്വിറ്ററിലൂടെയാണ് താൻ അച്ഛനായ വിവരം സാനെ ലോകത്തോട് പങ്കു വെച്ചത്. മാഞ്ചസ്റ്റർ സിറ്റിയുടെ വിങ്ങർ സാനെ ജർമ്മൻ ദേശീയ ടീം കോച്ച് ജോവാക്കിം ലോയുമായുള്ള ചർച്ചകൾക്ക് ശേഷമാണ് ഇന്നലെ ടീം ഹോട്ടൽ വിട്ടിറങ്ങിയത്. പേഴ്‌സണൽ റീസണുകൾ പറഞ്ഞിട്ടാണ് യുവതാരം ടീം വിട്ടതെങ്കിലും ഒട്ടേറെ അഭ്യൂഹങ്ങൾ പടർന്നിരുന്നു. യുവേഫ നേഷൻസ് ലീഗിൽ ഫ്രാൻസിനെതിരായ മത്സരത്തിൽ പകരക്കാരനായി സാനെ ജർമ്മനിക്ക് വേണ്ടി ഇറങ്ങിയിരുന്നു.

സാനെയുടെയും കൂട്ടുകാരി ക്യാൻഡിസ് ബ്രൂക്കിന്റെയും ആദ്യത്തെ കുട്ടിയാണ് ഇന്നലെ പിറന്നത്. കുട്ടിയുടെ ജനന സമയത്ത് ടീം ഹോട്ടൽ വിട്ട് പോകാൻ അനുവാദം നൽകിയ ജർമ്മൻ കോച്ചിനും ടീമിനും സാനെ നന്ദി അറിയിച്ചിട്ടുണ്ട്. മുപ്പത്തിയേഴ് മില്യൺ യൂറോ നൽകിയാണ് സാനെയെ ജർമ്മൻ ടീമായ ഷാൽകെയിൽ നിന്നും മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കിയത്. ലോക ചാമ്പ്യന്മാരും മുൻ ലോകചാമ്പ്യന്മാരും തമ്മിലുള്ള മത്സരം സമനിലയിലാണ് അവസാനിച്ചത്. റഷ്യൻ ലോകകപ്പിൽ ഇറങ്ങിയ അന്തിമ സ്‌ക്വാഡിൽ ഇടം നേടാൻ സാനെക്ക് സാധിച്ചിരുന്നില്ല.

തുർക്കിയെ തകർത്ത് റഷ്യ

യുവേഫ നേഷൻസ് ലീഗിൽ ആദ്യ മത്സരത്തിൽ റഷ്യ തുർക്കിയെ പരാജയപ്പെടുത്തി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് റഷ്യയുടെ വിജയം. റഷ്യയുടെ ലോകകപ്പ് താരങ്ങളായ ഡെന്നിസ് ചെറിഷെഫും ആർചെം സ്യൂബയുമാണ് റഷ്യക്ക് വേണ്ടി ഗോളടിച്ചത്. തുർക്കിയുടെ ആശ്വാസ ഗോൾ സർദാർ അസീസും നേടി.

ലോകകപ്പിലെ ക്വാർട്ടർ ഫൈനലിസ്റ്റുകളായ റഷ്യ മിൿച്ച പ്രകടനമാണ് പുറത്തെടുത്തത്. പതിമൂന്നാം മിനുറ്റിൽ ചെറിഷെഫ്‌ മികച്ച വോളിയിലൂടെ റഷ്യയെ മുന്നിലെത്തിച്ചു. സർദാർ അസീസിലൂടെ തുർക്കി സമനില നേടി. എന്നാൽ ലോകകപ്പിൽ മൂന്നു ഗോൾ നേടിയ സ്യൂബ രണ്ടാം പകുതിയുടെ തുടക്കത്തിൽ റഷ്യയെ മുന്നിലെത്തിച്ചു. ഇനി തുർക്കി അടുത്ത മത്സരത്തിൽ സ്വീഡനെയാണ് നേരിടുക.

Exit mobile version