യുവേഫ നാഷൺസ് ലീഗ്, സെമി ഫൈനലിൽ ഇവർ

പ്രഥമ യുവേഫ നാഷൺസ് ലീഗിന്റെ സെമി ലൈനപ്പ് അങ്ങനെ തീരുമാനമായി. ഇന്നലെ ജർമ്മനിക്കെതിരെ ഹോളണ്ട് നടത്തിയ മാസ്മരിക തിരിച്ചുവരവാണ് അവസാന സെമി ഫൈനലിസ്റ്റുകളെയും തീരുമാനിച്ചത്. ഹോളണ്ട്, ഇംഗ്ലണ്ട്, പോർച്ചുഗൽ, സ്വിറ്റ്സർലാന്റ് എന്നിവരാണ് ലീഗ് എയിൽ നിന്ന് സെമി ഫൈനലിലേക്ക് കടന്നത്. ലോക ചാമ്പ്യന്മാരായ ഫ്രാൻസ് അടക്കം പലർക്കും അപ്രതീക്ഷിത തിരിച്ചടിയാണ് ഗ്രൂപ്പ് ഘട്ടത്തിൽ നേരിടേണ്ടി വന്നത്.

ലീഗ് എയിലെ ഗ്രൂപ്പ് 1ൽ നിന്നാണ് ഹോളണ്ട് സെമിയിൽ എത്തിയത്. ഫ്രാൻസ്, ജർമ്മനി എന്നിവരായിരുന്നു ഗ്രൂപ്പിൽ ഉണ്ടായിരുന്നത്. ഏഴു പോയന്റുമായാണ് ഹോളണ്ടിന്റെ സെമി പ്രവേശനം. കഴിഞ്ഞ ലോകകപ്പ് യോഗ്യത നഷ്ടപ്പെട്ട ഹോളണ്ടിന്റെ ഫുട്ബോളിലെ വമ്പന്മാരിലേക്കുള്ള തിരിച്ചുവരവ് കൂടിയാണിത്.

ലീഗ് ബിയിൽ അവസാന മത്സരത്തിലെ നാടകീയമായ വിജയത്തിലൂടെ ആണ് സ്വിറ്റ്സർലാന്റ് സെമിയിലേക്ക് കടന്നത്. അവസാന മത്സരത്തിൽ ബെൽജിയത്തെ രണ്ട് ഗോളിന്റെ വ്യത്യാസത്തിൽ തോൽപ്പിക്കേണ്ടിയിരുന്ന സ്വിസ്സ് ടീം തുടക്കത്തിൽ രണ്ട് ഗോളിന് പിറകിൽ പോയ ശേഷം 5-2ന് വിജയിക്കുകയായിരുന്നു. ഗ്രൂപ്പിൽ നിന്ന് ഐസ്ലാന്റ് ആണ് റിലഗേറ്റ് ചെയ്യപ്പെട്ടത്. ഒരു പോയന്റ് വരെ നേടാൻ ഐസ്‌ലാന്റിനായില്ല.

ഗ്രൂപ്പ് സിയിൽ ഏകപഷീയമായ പ്രകടനത്തോടെയാണ് പോർച്ചുഗൽ സെമി ഉറപ്പിച്ചത്. ഒരു മത്സരം ഇനിയും ശേഷിക്കെ ആണ് പോർച്ചുഗൽ സെമി ഉറപ്പിച്ചത്. ഇറ്റലി രണ്ടാമതും പോളണ്ട് മൂന്നാമതുമാണ് ഗ്രൂപ്പിൽ. അവസാന മത്സരത്തിൽ പോർച്ചുഗൽ പോളണ്ടിനെ നേരിടും. വിജയിച്ചാലും ഇല്ലെങ്കിലും പോളണ്ട് റിലഗേറ്റ് ചെയ്യപ്പെടും.

ഗ്രൂപ്പ് ഡിയിൽ നാടകീയ ജയത്തോടെയാണ് ഇംഗ്ലീഷ് ടീം സെമിയിൽ എത്തിയത്. ക്രൊയേഷ്യയെ അവസാന 10 മിനുട്ടിൽ തിരിച്ചടിച്ചു തോൽപ്പിക്കുകയായിരുന്നു ഇംഗ്ലണ്ട്. ഗ്രൂപ്പിൽ സ്പെയിൻ രണ്ടാമതും ക്രൊയേഷ്യ മൂന്നാമതും ഫിനിഷ് ചെയ്തു.

സെമി ഫൈനൽ മത്സരങ്ങൾ അടുത്ത വർഷം ജൂണിൽ ആയിരിക്കും നടക്കുക.

അവസാന 5 മിനുട്ടിൽ 2 ഗോൾ, ജർമ്മനിയിൽ അത്ഭുത തിരിച്ചുവരവോടെ ഓറഞ്ച് പട സെമിയിൽ

യുവേഫ നാഷൺസ് ലീഗിലെ അവിസ്മരണീയ മത്സരങ്ങളുടെ കൂട്ടത്തിലേക്ക് ഒരു മത്സരം കൂടെ. ഇന്ന് ജർമ്മനിയിൽ നടന്ന ജർമ്മനി ഹോളണ്ട് പോരാട്ടത്തിലാണ് അത്ഭുത തിരിച്ചുവരവ് കണ്ടത്. ഇന്ന് നടന്ന ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ഒരു സമനില മതിയായിരുന്നു ഹോളണ്ടിന് സെമിയിൽ എത്താൻ. എന്നാൽ കളിയിൽ 85 മിനുട്ട് വരെ എതിരില്ലാത്ത രണ്ടു ഗോളിന് പിറകിലായിരുന്നു ഹോളണ്ട്. അവസാന അഞ്ചു മിനുട്ടിലെ പോരാട്ടം ഓറഞ്ച് പടയ്ക്ക് സമനിലയും സെമിയും നേടിക്കൊടുത്തു.

ആദ്യ 20 മിനുട്ടിൽ തന്നെ ഇന്ന് ജർമ്മനിയുടെ രണ്ടു ഗോളുകളും പിറന്നിരുന്നു. 8ആം മിനുട്ടിൽ ടിമോ വെർണർ ആദ്യം ജർമ്മനിയെ മുന്നിൽ എത്തിച്ചു. 12 മിനുട്ടുകൾക്ക് ശേഷം ക്രൂസിന്റെ ഒരു ഒആസിൽ നിന്ന് സാനെ മത്സരത്തിലെ രണ്ടാം ഗോളും നേടി. മാഞ്ചസ്റ്റർ സിറ്റി താരം സാനെ തുടർച്ചയായ രണ്ടാം മത്സരത്തിലാണ് ജർമ്മനിക്കായി ഗോൾ നേടുന്നത്.

85ആം മിനുട്ടിൽ ക്വിൻസിയിലൂടെ ഒരു ഗോൾ മടക്കിയപ്പോഴാണ് ഹോളണ്ടിന് വീണ്ടും സെമി പ്രതീക്ഷ വന്നത്. 90ആം മിനുട്ടിൽ ലിവർപൂൾ താരം വാൻ ഡൈകാണ് ഹോളണ്ടിന് സമനില നേടിക്കൊടുത്തത്. ഒരു വോളിയിലൂടെ ആയിരുന്നു വാൻ ഡൈകിന്റെ ഗോൾ.

ഗ്രൂപ്പിൽ നാലു മത്സരങ്ങളിൽ നിന്ന് ഏഴു പോയന്റുമായാണ് ഹോളണ്ട് സെമിഫൈനലിലേക്ക് കടന്നുത്. ഏഴു പോയന്റു തന്നെയുള്ള ഫ്രാൻസിന് രണ്ടാം സ്ഥനമെ ഉള്ളൂ. ജർമ്മനിയാണ് ഗ്രൂപ്പിൽ നിന്ന് തരം താഴ്പ്പെട്ടത്.

0-2 എന്ന നിലയിൽ നിന്ന് 5-2ലേക്ക് എത്തിയ മാസ്സ് തിരിച്ചടി, ബെൽജിയത്തെ കണ്ണീരിലാക്കി സ്വിസ്സ് പട

യുവേഫ നാഷൺസ് ലീഗിൽ നാടകീയ മത്സരം. ഇന്ന് ബെൽജിയത്തെ നേരിട്ട സ്വിറ്റ്സർലാന്റിന് സെമി ഫൈനലിൽ എത്തണമെങ്കിൽ ചുരിങ്ങിയത് രണ്ട് ഗോൾ വ്യത്യാസത്തിൽ എങ്കിലും ബെൽജിയത്തെ തോൽപ്പിക്കണമായിരുന്നു. അല്ലായെങ്കിൽ ബെൽകിയം സെമിക്ക് യോഗ്യത നേടും. കളി തുടങ്ങി 17 മിനുറ്റ് കഴിഞ്ഞപ്പോൾ സ്വിറ്റ്സർലാന്റ് രണ്ട് ഗോളിന് പിറകിൽ. ബെൽജിയത്തിനായി തോർഗാൻ ഹസാർഡിന്റെ എണ്ണം പറഞ്ഞ രണ്ടു ഗോളുകളാണ് ആദ്യ 17 മിനുട്ടിൽ പിറന്നത്.

കളിയും സെമി ഫൈനൽ സ്വപ്നങ്ങളും സ്വിറ്റ്സർലാന്റ് പക്ഷെ അതോടെ കൈവിട്ടില്ല. 26ആം മിനുട്ടിൽ കിട്ടിയ ഒരു പെനാൾട്ടി സ്വിസ്സ് ടീമിന് പ്രതീക്ഷ നൽകി. റോഡ്രിഗ്സ് ആ പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ച് സ്കോർ 2-1 ആക്കി. 31ആം മിനുട്ടിൽ വീണ്ടും കോർതോയെ മറികടന്ന് സ്വിറ്റ്സർലാന്റ് വലകുലുക്കി. ഇത്തവണ ബെൻഫികയുടെ സ്ട്രൈക്കർ സെഫെരോവിച് ആയിരുന്നു സ്കോറർ. കളി 2-2 എന്ന നിലയിൽ.

ഹാഫ് ടൈം വിസിൽ മുഴങ്ങും മുമ്പ് സെഫെരോവിച് വീണ്ടും വല ചലിപ്പിച്ചു. സ്കോർ 3-2. ലീഡിൽ എത്തിയതോടെ രണ്ടു ഗോൾ വ്യത്യാസത്തിൽ ഉള്ള ജയവും സെമി ഫൈനലും സ്വിറ്റ്സർലാന്റ് ടീമിന്റെ മനസ്സിൽ വന്നു. കളിയുടെ 62ആം മിനുട്ടിൽ എല്വേദിയുടെ സ്ട്രൈക്കിൽ സ്കോർ 4-2. സ്വിറ്റ്സർലാന്റ് സെമിക്ക് യോഗ്യത നേടും എന്ന നിലയിൽ. നാലടിച്ചിട്ടും അറ്റാക്കിംഗ് നിർത്താൻ സ്വിസ്സ് ടീം തയ്യാറായില്ല.

84ആം മിനുട്ടിൽ 5ആം ഗോളും പിറന്നു. സെഫെരോവിച് തന്റെ ഹാട്രിക്ക് തികച്ചു. സ്വിറ്റ്സർലാന്റിന് യുവേഫ നാഷൺസ് ലീഗിന്റെ സെമി യോഗ്യതയും.

ഇതാണ് തിരിച്ചുവരവ്, ക്രൊയേഷ്യയെ തോൽപ്പിച്ച് ഇംഗ്ലണ്ട് സെമി ഫൈനലിൽ

യുവേഫ നാഷൺസ് ലീഗിൽ ഇംഗ്ലീഷ് നിര ഫൈനൽസിലേക്ക്. വെംബ്ലിയിൽ ഒരു വൻ തിരിച്ചുവരവിലൂടെ ക്രൊയേഷ്യയെ തോൽപ്പിച്ചാണ് ഇംഗ്ലണ്ട് ലീഗ് എ സെമി ഫൈനലിന് യോഗ്യത നേടിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം. ഇന്ന് വിജയിക്കുന്നവർ മാത്രം സെമി ഫൈനലിൽ എത്തും എന്ന അവസ്ഥ ആയിരുന്നു കളിക്കു മുമ്പ് ഉണ്ടായിരുന്ന അവസ്ഥ. കളിയുടെ ആദ്യ പകുതിയിൽ ഗോളൊന്നും പിറന്നില്ല. രണ്ടാം പകുതിയിൽ ക്രാമരിച് ക്രൊയേഷ്യയെ മുന്നിൽ എത്തിച്ചു. ബോക്സിൽ ചടുല നീക്കത്തിലൂടെ ഇംഗ്ലീഷ് ഡിഫൻസിനെ മൊത്തം വട്ടം കറക്കിയ ശേഷമായിരുന്നു ക്രാമരിചിന്റെ ഗോൾ. ക്രൊയേഷ്യ സെമി ലക്ഷ്യമക്കി മുന്നേറുമ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ലിംഗാർഡ് ഇംഗ്ലണ്ടിന് പ്രതീക്ഷ നൽകി കൊണ്ട് സമനില കണ്ടെത്തി. 78ആം മിനുട്ടിലായിരുന്നു ലിംഗാർഡിന്റെ ഗോൾ. തുടർച്ചയായ രണ്ടാം മത്സരത്തിലാണ് ലിംഗാർഡ് ഗോൾ നേടുന്നത്. കളിയുടെ 85ആം മിനുട്ടിൽ ക്യാപ്റ്റൻ ഹാരി കെയ്ൻ ഇംഗ്ലണ്ടിന്റെ വിജയ ഗോളും നേടി. ജയത്തോടെ നാലു മത്സരങ്ങളിൽ ഏഴു പോയന്റുമായി ഇംഗ്ലണ്ട് ഗ്രൂപ്പിൽ ഒന്നാമത് എത്തി. ഇന്ന് കളി സമനില ആയിരുന്നു എങ്കിൽ സ്പെയിനായിരുന്നു സെമിയിൽ എത്തുക.

ജർമ്മനിക്ക് വേണ്ടി നൂറാം മത്സരത്തിനിറങ്ങാൻ തോമസ് മുള്ളർ

യുവേഫ നേഷൻസ് ലീഗിൽ ജർമ്മനി ഹോളണ്ടിനോട് ഏറ്റുമുട്ടുമ്പോൾ മറ്റൊരു ചരിത്രം കൂടി രചിക്കുകയാണ്. ജർമ്മനിയുടെ ബയേൺ മ്യൂണിക്ക് താരം തോമസ് മുള്ളർ ജർമ്മനിക്ക് വേണ്ടി നൂറാം മത്സരം അന്ന് കളിക്കും. ലോകകപ്പ് ജേതാവായ മുള്ളർ ഗോൾഡൻ ബൂട്ട് ജേതാവ് കൂടിയാണ്. 2014 ൽ ജർമ്മനിയെ ലോകകപ്പ് കിരീടം അഞ്ചു ഗോളുകളുമായി ചൂടിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു.

99 മത്സരങ്ങളിൽ മുപ്പത്തിയാറു അസിസ്റ്റിനോടൊപ്പം മുപ്പത്തിയെട്ടു ഗോളുകൾ മുള്ളർ നേടിയിട്ടുണ്ട്. തന്റെ സമകാലികരായ ലൂക്കസ് പെഡോൾസ്കി, ബാസ്റ്റിൻ ഷ്വെയിൻസ്റ്റൈഗർ, ഫിലിപ്പ് ലാം എന്നിവർക്കൊപ്പം 100th ക്ലബ്ബിൽ ഇടം നേടുകയാണ് മുള്ളർ.

ബൊനൂച്ചിയെ കൂവി മിലാൻ ആരാധകർ

യുവേഫ നേഷൻസ് ലീഗിലെ ഇറ്റലി – പോർച്ചുഗൽ മത്സരത്തിനിടെ ഇറ്റാലിയൻ താരം ബൊനുച്ചിയെ കൂവി വിളിച്ച് മിലാൻ ആരാധകർ. മിലാൻ ആരാധകരുടെ പ്രതിഷേധത്തിന്റെ ഭാഗമായാണ് യുവന്റസ് താരത്തിന് കൂവൽ കിട്ടിയത്. മത്സരത്തിനിടെ പതിനഞ്ച് മിനുട്ടോളം ആരാധകർ പ്രതിഷേധം തുടർന്നു. കഴിഞ്ഞ സീസണിൽ മിലാനിൽ എത്തിയ ബൊനൂച്ചി ഈ സീസണിൽ തിരികെ യുവന്റസിലേക്ക് പോയിരുന്നു.

ഗോൺസാലോ ഹിഗ്വെയിനുമായുള്ള സ്വാപ്പ് ഡീലിന്റെ ഭാഗമായാണ് ടൂറിനിലേക്ക് താരം തിരികെ പോയത്. എങ്കിലും മിലാൻ ആരാധകർ ബൊനൂച്ചിയുടെ ക്ലബ്ബ് മാറ്റത്തിനെതിരെ രൂക്ഷമായാണ് പ്രതികരിച്ചത്. ഇന്ന് മത്സരം നടന്നത് മിലാന്റെ ഹോം ഗ്രൗണ്ട് ആയ സാൻ സൈറോയിലായിരുന്നു. ഇത്തരത്തിലുള്ള പ്രതിഷേധങ്ങൾ ഉണ്ടാവുമെന്ന് മുൻപ് തന്നെ സൂചനയുണ്ടായിരുന്നു.

ക്രിസ്റ്റിയാനോ റൊണാൾഡോ ടീമിന്റെ അവിഭാജ്യഘടകമെന്ന് പോർച്ചുഗീസ് പരിശീലകൻ

സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോ ടീമിന്റെ അവിഭാജ്യഘടകമെന്ന് പോർച്ചുഗീസ് പരിശീലകൻ ഫെർണാണ്ടോ സാന്റോസ്. യുവേഫ നേഷൻസ് ലീഗിന്റെ സെമിയിലേക്ക് കടക്കുന്ന ആദ്യ ടീമായി പോർച്ചുഗൽ മാറിയതിനു ശേഷമാണ് കോച്ച് മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇന്ന് ഇറ്റലിക്കെതിരെ സമനില നേടിയതിനു ശേഷമാണ് യുവേഫ നേഷൻസ് ലീഗിന്റെ ഫൈനൽസിൽ പോർച്ചുഗൽ എത്തിയത്.

യുവന്റസ് താരമായ റൊണാൾഡോ യുവേഫ നേഷൻസ് ലീഗിനായുള്ള ടീമിൽ നിന്നും വിട്ട് നിന്നിരുന്നു. എന്നാൽ യുവേഫ നേഷൻസ് ലീഗ് ഫൈനൽ ഉറപ്പിച്ച തന്റെ ടീം അംഗങ്ങളെ അഭിനന്ദിക്കാൻ താരം മറന്നില്ല. റൊണാൾഡോ ടീമിൽ തിരിച്ചെത്തുമോ എന്ന ചോദ്യങ്ങൾക്ക് കോച്ച് പ്രതികരിച്ചില്ല. യുവേഫ നേഷൻസ് ലീഗിന്റെ അവസാന ഗ്രൂപ്പ് മത്സരത്തിൽ പോർച്ചുഗൽ പോളണ്ടിനെ നേരിടും.

യുവേഫ നേഷൻ ലീഗ് ഫൈനലിന് വേദിയൊരുക്കാൻ പോർച്ചുഗൽ

യുവേഫ നേഷൻ ലീഗ് ഫൈനലിന് വേദിയൊരുക്കാൻ പോർച്ചുഗൽ. ഗ്രൂപ്പ് എ 3 യിൽ നിന്നും ചാമ്പ്യന്മാരായി പ്രഥമ യുവേഫ നേഷൻസ് ലീഗിന്റെ സെമിയിൽ കടന്നതിനു ശേഷമാണ് പോർച്ചുഗൽ നേഷൻസ് ലീഗ് ഫൈനൽസിന്റെ ആതിഥേയത്വം വഹിക്കാനുള്ള താത്പര്യം പ്രകടിപ്പിച്ചത്.

അടുത്ത വർഷം ജൂണിലാണ് മത്സരത്തിന്റെ സെമി ഫൈനൽ, ഫൈനൽ എന്നിവ നടക്കുക. സെമി ഫൈനൽ ഡ്രോ നടക്കുന്ന ഡിസംബർ മൂന്നിന് വേദിയെക്കുറിച്ചും തീരുമാനമാകും. ഇറ്റലിയെ ഗോൾ രഹിത സമനിലയിൽ തളച്ചാണ് സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോ ഇല്ലാതെ ടീം പോർച്ചുഗൽ ഫൈനൽസിൽ കടന്നത്.

ഇറ്റലിയോട് സമനില, നേഷൻസ് ലീഗ് സെമിയിൽ കടന്നു പോർച്ചുഗൽ

യുവേഫ നേഷൻസ് ലീഗിൽ സെമിയിൽ എത്തുന്ന ആദ്യ ടീമായി പോർച്ചുഗൽ. മിലാനിലെ സാൻ സൈറോയിൽ വെച്ച് നടന്ന മത്സരത്തിൽ ഇറ്റലിയെ സമനിലയിൽ തളച്ചാണ് പോർച്ചുഗൽ ഈ നേട്ടം സ്വന്തമാക്കിയത്. ഗോൾ രഹിത സമനിലയിലായിരുന്നു അസൂറികളുമായുള്ള മത്സരം പിരിഞ്ഞത്. വീണ്ടുമൊരു സമനിലയുമായി നേഷൻസ് ലീഗ് കാമ്പെയിൻ ഇറ്റലി അവസാനിപ്പിച്ചു.

ഈ വർഷം രണ്ടാം തവണയാണ് അസൂറിപ്പട സമനിലയുമായി ഒരു ടൂർണമെന്റിന് യോഗ്യത നേടാൻ കഴിയാതിരുന്നത്. ദശാബ്ദങ്ങളുടെ ഫുട്ബോൾ ചരിത്രത്തിൽ ആദ്യമായി ലോകകപ്പിന് യോഗ്യത നേടാൻ ഇറ്റലിക്ക് സാധിച്ചിരുന്നില്ല. അതിനു പിന്നാലെയാണ് നേഷൻസ് ലീഗിൽ നിന്നും അസൂറികൾ പുറത്താകുന്നത്. ആറാമത്തെ സമനിലക്കുരുക്കാണ് ഇറ്റലിക്കിത്. മാൻചിനിയുടെ നേരെ കടുത്ത വിമർശങ്ങൾ ഉയരുമെന്നാണ് ഉറപ്പാണ്. ആദ്യ പകുതിയിൽ മികച്ച പ്രകടനം കാഴ്ച വെച്ച ഇറ്റലി രണ്ടാം പകുതിയിൽ അത് തുടരാനോ ഗോളടിക്കാനോ സാധിച്ചില്ല.

ഇറ്റലി Vs പോർച്ചുഗൽ, ലൈനപ്പറിയാം

യുവേഫ നേഷൻസ് ലീഗിലെ നിർണായക മത്സരത്തിൽ ഇറ്റലി ഇന്ന് പോർച്ചുഗലിന്റെ നേരിടും. ജീവൻ മരണ പോരാട്ടമാണ് റോബർട്ടോ മാൻചിനിയുടെ ഇറ്റലിക്കിന്ന്. അതെ സമയം മിലാനിലെ സാൻ സൈറോയിൽ പരാജയം അസൂറികൾ അറിഞ്ഞിട്ടില്ല.

ഇറ്റലിയുടെ നേഷൻസ് ലീഗ് ഗ്രൂപ്പ് സ്റ്റേജിലെ അവസാന മത്സരമാണെങ്കിലും പോർച്ചുഗലിന് ഇനിയൊരു മത്സരം ബാക്കിയുണ്ട്. നിലവിൽ തരം താഴ്ത്തപ്പെട്ട പോളണ്ടിനോടാണ് പോർച്ചുഗലിന്റെ അടുത്ത മത്സരം.

 

Italy: Donnarumma; Florenzi, Bonucci, Chiellini, Biraghi; Barella, Jorginho, Verratti; Chiesa, Immobile, Insigne

Portugal: Rui Patricio; Cancelo, Ruben Dias, Fonte, Mario Rui; Pizzi, William Carvalho, Ruben Neves; Bruma, Andre Silva, Bernardo Silva

മിലാനിൽ അപരാജിതരായ അസൂറിപ്പട

യുവേഫ നേഷൻസ് ലീഗിലെ നിർണായക മത്സരത്തിൽ ഇറ്റലി ഇന്ന് പോർച്ചുഗലിന്റെ നേരിടും. ജീവൻ മരണ പോരാട്ടമാണ് റോബർട്ടോ മാൻചിനിയുടെ ഇറ്റലിക്കിന്ന്. അതെ സമയം മിലാനിലെ സാൻ സൈറോയിൽ പരാജയം അസൂറികൾ അറിഞ്ഞിട്ടില്ല. ഇന്ററിന്റേയും മിലാന്റെയും ഹോം ഗ്രൗണ്ടിൽ ഇറ്റാലിയൻ ദേശീയ ടീം ഒരു മത്സരം പോലും പരാജയപ്പെട്ടിട്ടില്ല. മുപ്പത്തിയൊന്നു ജയവും പന്ത്രണ്ട് സമനിലയുമാണ് സ്റ്റേഡിയത്തിലെ ഇറ്റലിയുടെ റെക്കോഡ്.

സാൻ സൈറോയിലെ അവസാന മത്സരത്തിൽ സ്വീഡനോട് ഗോൾ രഹിത സമനിലയാണ് വഴങ്ങിയത്. ഈ സമനില റഷ്യൻ ലോകകപ്പിന് ഇറ്റലിക്ക് യോഗ്യത നിഷേധിച്ചു. യൂറോ 2014 ക്വാളിഫയർ മത്സരത്തിൽ ഒക്ടോബർ 2012. നു ഡെന്മാർക്കിലെ പരാജയപ്പെടുത്തിയാണ് സാൻ സൈറോയിൽ അവസാനമായി ഇറ്റലി ജയം നേടിയത്. ഇന്നും പരാജയമറിയാതെ കുത്തിക്കാനായിരിക്കും അസൂറിപ്പട ശ്രമിക്കുക.

പരിക്ക്, റാകിറ്റിച്ച് നിർണായക മത്സരത്തിനില്ല

ക്രൊയേഷ്യൻ മിഡ്ഫീൽഡർ റാകിറ്റിച് നിർണായക മത്സരത്തിന് ക്രൊയേഷ്യയുടെ കൂടെ ഉണ്ടാവില്ല. ഞായറാഴ്ച നടക്കുന്ന നാഷൺസ് ലീഗിലെ ഇംഗ്ലണ്ടിനെതിരായ പോരാട്ടത്തിൽ റാകിറ്റിച് കളിക്കില്ല എന്ന് ക്രൊയേഷ്യൻ പരിശീലകൻ വ്യക്തമാക്കി. സ്പെയിനിന് എതിരാറ്റ കഴിഞ്ഞ മത്സരത്തിൽ പരിക്ക് കാരണം റാകിറ്റിച് 70ആം മിനുട്ടിൽ പുറത്ത് പോയിരുന്നു. പുറം വേദന അനുഭവപ്പെട്ടാണ് റാകിറ്റിച് കളം വിട്ടത് എന്ന് പരിശീലകൻ പറഞ്ഞു.

പരിക്ക് സാരമുള്ളതാണെന്നും അതുകൊണ്ട് തന്നെ റാകിറ്റിചിനെ ബാഴ്സലോണയിലേക്ക് തിരിച്ചയച്ചു എന്നും ക്രൊയേഷ്യൻ പരിശീലകൻ പറഞ്ഞു. ഇംഗ്ലണ്ടിനെതിരെ ഞായറാഴ്ച ഉള്ള മത്സരം വിജയിച്ചാൽ ക്രൊയേഷ്യക്ക് ഫൈനൽസിലേക്ക് യോഗ്യത നേടാം. പരാജയപ്പെടുക ആണെങ്കിൽ ഇംഗ്ലണ്ട് ആകും ഫൈനൽസിൽ എത്തുക.

Exit mobile version