ഇരട്ടഗോളുകളും ആയി ഹാളണ്ട്, വടക്കൻ അയർലൻഡിനെ തകർത്തു നോർവെ

യുഫേഫ നേഷൻസ്‌ ലീഗിൽ തന്റെ ഗോളടി തുടർന്നു യുവ ഡോർട്ട്മുണ്ട് താരം ഹാളണ്ട്. ഇരട്ടഗോളുകളും അസിസ്റ്റും ആയി ഹാളണ്ട് കളം നിറഞ്ഞപ്പോൾ നോർവെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് ആണ് വടക്കൻ അയർലൻഡിനെ തകർത്തത്. രണ്ടാം മിനിറ്റിൽ തന്നെ മുന്നിലെത്തിയ നോർവെക്ക് എതിരെ ആറാം മിനിറ്റിൽ സമനില ഗോൾ കണ്ടത്താൻ അയർലൻഡിനു ആയി. എലിയോനോസി നോർവെ ഗോൾ നേടിയപ്പോൾ മക്നയർ ആയിരുന്നു അയർലൻഡിന്റെ ഗോൾ നേടിയത്.എന്നാൽ സമനില ഗോൾ വഴങ്ങി തൊട്ടടുത്ത നിമിഷം തന്നെ ഗോൾ നേടിയ ഹാളണ്ട് നോർവെക്ക് വീണ്ടും മുൻതൂക്കം നൽകി.

19 മത്തെ മിനിറ്റിൽ സോർലോത്ത് നോർവെക്ക് ആയി ഒരിക്കൽ കൂടി ഗോൾ നേടി, രണ്ടാം പകുതിയിൽ തന്റെ രണ്ടാം ഗോൾ ഹാളണ്ടിന്റെ പാസിൽ നിന്നു നേടിയ ഒമ്പതാം നമ്പറുകാരൻ നോർവെ ജയം ഉറപ്പിച്ചു. തുടർന്നു 58 മത്തെ മിനിറ്റിൽ തന്റെ രണ്ടാം ഗോളോടെ ഹാളണ്ട് ഗോളടി പൂർത്തിയാക്കുക ആയിരുന്നു. ലീഗ് ബിയിലെ ഗ്രൂപ്പ് ഇയിലെ മറ്റൊരു മത്സരത്തിൽ അതേസമയം ഓസ്ട്രിയക്ക് മേൽ റൊമാനിയ ജയം കണ്ടു. ആവേശകരമായ മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ആണ് റൊമാനിയ ജയം കണ്ടത്.