സ്കോട്ട്‌ലൻഡും ചെക് റിപ്പബ്ലിക്കും ഇന്ന് ഇറങ്ങുന്നു

ഗ്രൂപ്പ് ഡിയിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ചെക് റിപബ്ലിക്കും സ്കോട്ലൻഡും നേർക്കുനേർ വരും. 1998ന് ശേഷം ആദ്യമായി ഒരു വലിയ ടൂർണമെന്റിന് എത്തുന്ന സ്കോട്ലൻഡ് ഇത്തവണ നോക്കൗട്ട് റൗണ്ട് പ്രതീക്ഷയുമായാണ് വരുന്നത്. ഇംഗ്ലണ്ടും ക്രൊയേഷ്യയും ഉള്ള ഗ്രൂപ്പിൽ നിന്ന് ക്വാർട്ടർ ഫൈനലിലേക്ക് കടക്കുക എളുപ്പമാകില്ല എന്ന് സ്കോട്ലൻഡിനും ചെക് റിപബ്ലിക്കിനും അറിയാം. മികച്ച മൂന്നാം സ്ഥാനക്കാർ ആയെങ്കിലും ക്വാർട്ടറിൽ എത്തുക ആകും ഇരുടീമുകളുടെയും ലക്ഷ്യം.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കളിക്കുന്ന താരങ്ങളാണ് സ്കോട്ലൻഡിന്റെ കരുത്ത്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മക്ടോമിനെ, ലിവർപൂളിന്റെ റൊബ്ബേർട്സൺ, ചെൽസിയുടെ ഗിൽമൗർ, ആഴ്സണലിന്റെ ടിയേർനി, സൗതാമ്പ്ടന്റെ ചെ ആഡംസ് എന്ന് തുടങ്ങി പരിചിത മുഖങ്ങൾ ഏറെയുണ്ട് സ്കോട്ലൻഡ് നിരയിൽ. അടുത്ത കാലത്ത് അത്ര സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കാൻ ആയില്ല എങ്കിലും ചെക് റിപബ്ലികിനും മികച്ച ടീമുണ്ട്. വെസ്റ്റ് ഹാമിന്റെ സൗചക് ആകും ചെകിന്റെ പ്രധാന താരം. ഇന്ന് വൈകിട്ട് 6.30ന് നടക്കുന്ന മത്സരം തത്സമയം സോണി നെറ്റ്വർക്കിൽ കാണാം.