
റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബർഗ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സെനിറ്റ് എഫ്സിക്കെതിരെ യുവേഫ അച്ചടക്ക നടപടികൾ ആരംഭിച്ചു. സെർബിയൻ വാർ ക്രിമിനലായ റാറ്റ്കോ മ്ലാദിക്കിനനുകൂലമായ ബാനർ ആരാധകർ ഉയർത്തിയതിനെത്തുടർന്നാണ് നടപടി. അന്താരാഷ്ട്ര ക്രിമിനൽ കോടതി റാറ്റ്കോ മ്ലാദിക്ക് കുറ്റക്കാരനാണെന്നു കണ്ടെത്തിയതിനു പിറ്റേ ദിവസമാണ് സെനിറ്റ് എഫ്സി അൾട്രകൾ ബാനർ ഉയർത്തിയത്. എഫ്കെ വാർഡിറ്റിനെതിരായ യൂറോപ്പ ലീഗ് മത്സരത്തിനിടെയാണ് സെനിറ്റ് ആരാധകർ “റാറ്റ്കോ മ്ലാദിക്ക്- സെർബിയൻ ഹീറോ” എന്ന ബാനർ ഉയർത്തിയത്. മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് സെനിറ്റ് എഫ്സി വിജയിച്ചു. റാസിസ്റ് മനോഭാവമായി ഈ പ്രവർത്തിയെ വിശേഷിപ്പിച്ച യുവേഫ ഹിയറിങ് തീയതി അടുത്ത് തന്നെ പ്രഖ്യാപിക്കുമെന്നും അറിയിച്ചു.
” ബോസ്നിയയിലെ കശാപ്പുകാരൻ” എന്നാണു റാറ്റ്കോ മ്ലാദിക്ക് അറിയപ്പെടുന്നത്. എണ്ണായിരത്തോളം ബോസ്നിയൻ മുസ്ലിങ്ങളുടെ വംശഹത്യയടക്കമുള്ള കുറ്റകൃത്യങ്ങൾക്കാണ് അന്തരാഷ്ട്ര ക്രിമിനൽ കോടതി 74 കാരനായ റാറ്റ്കോ മ്ലാദിക്ക് കുറ്റക്കാരാണെന്ന് കണ്ടു ശിക്ഷ വിധിച്ചത്. എന്നാൽ സെർബിയയിൽ ജനറലായ റാറ്റ്കോ മ്ലാദിക്കും അക്കാലത്തെ സെർബിയൻ നേതാവായ രണ്ടോവൻ കറാഡ്സിക്കും ഇന്ന് സെർബിയയിൽ ദേശീയഹീറോകളാണ്. റഷ്യയിലെ റൈറ്റ് വിങ്ങും ഇതേ ആശയം വെച്ച് പുലർത്തുന്നവരാണ്. സെർബിയൻ ക്ലബ്ബ്കളായ റെഡ് സ്റ്റാറും പാർട്ടിസാനും ഇതേ റാസിസ്റ് ആരോപണങ്ങൾ നേരിടുന്നു. സെനിറ്റ് എഫ്സി റാറ്റ്കോ മ്ലാദിക്കിന്റെ പേര് പ്രദർശിപ്പിച്ചപ്പോൾ റാറ്റ്കോ മ്ലാദിക്കിന്റെ പേര് എടുത്ത് പറയാതെയാണ് ഇരു ടീമുകളുടെയും ആരാധകർ ബാനർ ഉയർത്തിയത് .
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial