ചാമ്പ്യൻസ് ലീഗ് സെമി ഫൈനലുകൾ നടക്കും, ക്ലബുകൾക്ക് എതിരെ നടപടി ഇപ്പോൾ ഇല്ല

യൂറോപ്യൻ സൂപ്പർ ലീഗ് തുടങ്ങാൻ തീരുമാനിച്ച ക്ലബുകൾക്ക് എതിരെ ഇപ്പോൾ നടപടി എടുക്കണ്ട എന്ന് യുവേഫയുടെ തീരുമാനം. അടുത്ത ആഴ്ച നടക്കുന്ന ചാമ്പ്യൻസ് ലീഗ് സെമി ഫൈനലുകളും യൂറോപ്പ ലീഗ് സെമി ഫൈനലുകളും ഒരു തടസ്സവും കൂടാതെ നടക്കും എന്നും യുവേഫ തീരുമാനിച്ചു. ചാമ്പ്യൻസ് ലീഗ് സെമിയിൽ ചെൽസിയും റയൽ മാഡ്രിഡും, മാഞ്ചസ്റ്റർ സിറ്റിയും പി എസ് ജിയും തമ്മിലാണ് ഏറ്റുമുട്ടുന്നത്.

ഇതിൽ പി എസ് ജി ഒഴികെ മൂന്നു ക്ലബുകളും സൂപ്പർ ലീഗിന്റെ ഭാഗമായിരുന്നു‌. യൂറോപ്പ ലീഗ് സെമിയിൽ ഉള്ള മാഞ്ചസ്റ്റർ യുണൈറ്റഡും ആഴ്സണലും സൂപ്പർ ലീഗിൽ ഉണ്ടായിരുന്നു. എന്തായാലും ഒരു ക്ലബിനെയും വിലക്കണ്ട എന്നും ഇപ്പോൾ നടപടി വേണ്ട എന്നുമാണ് യുവേഫയുടെ തീരുമാനം. ഈ സീസൺ അവസാനിച്ച ശേഷം നടപടികൾ എന്തെങ്കിലും വേണമോ എന്ന് യുവേഫ ചർച്ച ചെയ്യുകയുള്ളൂ.

Exit mobile version