റോം കീഴടക്കാൻ ചെൽസി

- Advertisement -

ചാംപ്യൻസ് ലീഗിലെ കടുത്ത ഗ്രൂപ്പിൽ ആദ്യ സ്ഥാനകാരായി രണ്ടാം റൗണ്ടിലേക്ക് കടക്കാൻ ഉറച്ച് ചെൽസി ഇന്ന് എ എസ് റോമയെ നേരിടും. റോമയുടെ മൈതാനമായ ഒളിമ്പിക്കോ സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുക. സ്റ്റാംഫോഡ് ബ്രിഡ്ജിൽ നടന്ന മത്സരം 3-3 ന്റെ ആവേശ സമനിലയിൽ അവസാനിച്ച ശേഷമുള്ള മത്സരത്തിൽ അതുകൊണ്ടു തന്നെ ശക്തമായ പോരാട്ടം പ്രതീക്ഷിക്കാം. അത്ലറ്റികോ മാഡ്രിഡ് കൂടി ഉൾപ്പെടുന്ന ഗ്രൂപ്പിൽ ചെൽസിയെ തോൽപിച്ചു ആധിപത്യം നേടാനാവും റോമയുടെ ശ്രമം. നിലവിൽ 3 മത്സരങ്ങൾ പിന്നിട്ടപ്പോൾ 7 പോയിന്റുള്ള ചെൽസി ഒന്നാം സ്ഥാനത്തും, 5 പോയിന്റുള്ള റോമ രണ്ടാം സ്ഥാനത്തും, 2 പോയിന്റ് മാത്രമുള്ള അത്ലറ്റികോ മൂന്നാം സ്ഥാനത്തുമാണ്. പക്ഷെ മൂന്ന് മത്സരങ്ങൾ ബാക്കിയിരിക്കെ ഗ്രൂപ്പിൽ ആര് വേണമെങ്കിലും പുറത്താകാം എന്ന അവസ്ഥയാണ്.

പരിക്ക് മാറിയ എൻഗോലോ കാന്റെ ടീമിനൊപ്പം പരിശീലനം നടത്തിയത് ചെൽസി പരിശീലകൻ അന്റോണിയോ കൊണ്ടേക്ക് ആശ്വാസമാവും. കൂടാതെ ഡാനി ഡ്രിങ്ക് വാട്ടറും പൂർണ്ണ കായിക ക്ഷമത വീണ്ടെടുത്തിട്ടുണ്ട്. റോമ നിരയിൽ എൽശരാവി, സ്ത്രൂത്മാൻ, ഡെഫ്രേൽ എന്നിവർ കളിക്കുമോ എന്ന് ഉറപ്പില്ല. ബ്രിഡ്ജിൽ രണ്ടു തവണ ഗോൾ നേടിയ റോമ സ്‌ട്രൈക്കർ എഡിൻ സെക്കോയെ തടയുക എന്നത് തന്നെയാവും ചെൽസി പ്രതിരോധം നേരിടുന്ന പ്രധാന വെല്ലുവിളി. ഏറെ മത്സരങ്ങൾ ശേഷം ബൗർന്മൗത്തിനെതിരെ കളീൻ ഷീറ്റ് നേടിയ ചെൽസി പ്രതിരോധനിര ആത്മവിശ്വാസം വീണ്ടെടുത്തിട്ടുണ്ട്. ലീഗിൽ കോണ്ടേ പുറത്തിരുത്തിയ ചെൽസി ക്യാപ്റ്റൻ ഗാരി കാഹിൽ കളിക്കുമോ എന്ന് ഉറപ്പില്ല. മികച്ച കളി പുറത്തെടുക്കുന്ന റുഡിഗറിനെ പുരത്തിരുത്തുക എന്നത് കൊണ്ടേക്ക് കടുത്ത വിമർശനങ്ങളും നേരിടേണ്ടി വരും. ആദ്യ പ്രീമിയർ ലീഗ് ഗോൾ നേടി മികച്ച ഫോമിലുള്ള ഈഡൻ ഹസാർഡും, ആൽവാരോ മൊറാത്തയും തന്നെയാവും റോമ ശ്രദ്ദിക്കേണ്ട താരങ്ങൾ.

ഇന്ത്യൻ സമയം പുലർച്ചെ 1.15 നാണ് കിക്കോഫ്. ഇതേ ഗ്രൂപ്പിൽ ഇന്ന് നടക്കുന്ന മറ്റൊരു മത്സരത്തിൽ അത്ലറ്റികോ മാഡ്രിഡ് സ്വന്തം മൈതാനത്ത് കരബാഗിനെ നേരിടും. ഇന്ന് ജയിക്കാൻ ആയില്ലെങ്കിൽ അത്ലറ്റികോ ചാംപ്യൻസ് ലീഗിൽ നിന്ന് പുറത്താവുമെന്നു ഏതാണ്ട് ഉറപ്പാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement