മാഡ്രിഡിൽ ഇന്ന് സിമയോണി – കോണ്ടേ പോരാട്ടം

ലോക ഫുട്ബോളിലെ രണ്ടു മികച്ച പരിശീലകരുടെ തന്ത്രങ്ങൾ തമ്മിലാവും ഇന്ന് അത്ലറ്റികോ മാഡ്രിഡിന്റെ പുത്തൻ സ്റ്റേഡിയമായ വാൻഡ മെട്രോപൊളിറ്റാനയിൽ അരങ്ങേറുക. സിമയോണിയുടെ അത്ലറ്റികോ മാഡ്രിഡും അന്റോണിയോ കോണ്ടേയുടെ ചെൽസിയും തമ്മിൽ ഇന്ന് ഗ്രൂപ്പ് സി യിലെ പോരാട്ടത്തിൽ തമ്മിൽ കൊമ്പു കോർക്കുമ്പോൾ അത് പഴയ കണക്കുകളുടെ കടം വീട്ടാനുള്ള അവസരവുമാകും ചെൽസിക്ക്. 2014 ഇൽ ചാംപ്യൻസ് ലീഗ് സെമി ഫൈനലിൽ ചെൽസിയെ തകർത്താണ് അത്ലറ്റികോ മാഡ്രിഡ് ഫൈനലിലേക്ക് പ്രവേശനം നേടിയത്. ആദ്യ മത്സരത്തിൽ റോമയോട് സമനില വഴങ്ങിയാണ് അത്ലറ്റികോ രണ്ടാം മത്സരത്തിന് ഇറങ്ങുന്നതെങ്കിൽ കറബാഗിനെതിരെ മികച്ച ജയവുമായാണ് ചെൽസി ചാംപ്യൻസ് ലീഗിന് തുടക്കം കുറിച്ചത്.

ഹോം മത്സരങ്ങളിൽ അസാമാന്യ റെക്കോർഡുള്ള അത്ലറ്റിക്കോയെ തോൽപ്പിക്കുക ചെൽസിക്ക് അത്ര എളുപ്പമാവാൻ സാധ്യതയില്ല. പ്രതിരോധ ഫുട്ബാളിന് പേര് കേട്ട അത്ലറ്റികോ മാഡ്രിഡ് ഗോൾ വല കുലുക്കാൻ ചെൽസി നിരയിലേക്ക് പരിക്ക് പൂർണമായി മാറിയ സൂപ്പർ താരം ഈഡൻ ഹസാർഡ് ആദ്യം മുതലേ ഇറങ്ങിയേക്കും. മധ്യനിരയിൽ ബകയോകോയും കാൻറെയും തന്നെയാവും ഉണ്ടാവുക. പെഡ്രോക്ക് പരിക്ക് ഉണ്ടെങ്കിലും അത്ര സാരമല്ല. സെസ്ക് ഫാബ്രിഗാസ് ആദ്യ ഇലവനിൽ ഉണ്ടാവുമോ എന്നും ഉറപ്പില്ല. മികച്ച ഫോമിലുള്ള ആൽവാരോ മൊറാത്ത കരുത്തൻ പ്രതിരോധകാരായ ഡിയാഗോ ഗോഡിൻ, ഹെർണാണ്ടസ് എന്നിവരെ എങ്ങിനെ നേരിടുന്നു എന്നതിന് അനുസരിച്ചിരിക്കും നീല പടയുടെ സാധ്യതകൾ. അത്ലറ്റികോ ആക്രമണ നിരയും ചെൽസിയുടെ പ്രതിരോധത്തിന് തലവേദന സൃഷ്ടിക്കാൻ ശേഷിയുള്ളത് തന്നെയാണ്. ഗ്രീസ്മാനും കരാസ്കോയും ലൂസിയാനോ വിഎട്ടോയും ഒക്കെ തകർത്താടിയാൽ ചെൽസി ഗോൾ കീപ്പർക്ക് ജോലി കൂടും. ചെൽസിയിൽ നിന്ന് ലോൺ അടിസ്ഥാനത്തിൽ അത്ലറ്റികോയിൽ കളിച്ചിരുന്ന തിബോ കോർട്ടോക്കും ഈ മത്സരം ഏറെ പ്രധാനപ്പെട്ടതാവും.

ചെൽസി നിരയിൽ ഡേവിഡ് ലൂയിസ് പ്രതിരോധത്തിലേക്ക് തിരിച്ചെത്തിയേക്കും. ആഭ്യന്തര ലീഗുകളിൽ മികച്ച ഫോം തുടരുന്ന ഇരു ടീമുകളും തമ്മിലുള്ള പോരാട്ടം ആരാധകർക്ക് ആവേഷമാവും എന്ന് ഉറപ്പാണ്. മുൻ ചെൽസി താരങ്ങളായ ഫെർണാണ്ടോ ടോറസിനും ഫിലിപ്പേ ലൂയിസിനും പുറമെ ഇന്നലെ അത്ലറ്റികോയിലേക്ക് ട്രാൻസ്ഫർ നടപടികൾ പൂർത്തിയാക്കിയ കോസ്റ്റയുടെ സാന്നിധ്യവും മാഡ്രിഡിലെ പുത്തൻ സ്റ്റേഡിയത്തിൽ ഉണ്ടാവും എന്നതും ആരാധകർക്ക് ആവേഷമാവും. ഇന്നത്തെ മത്സരത്തിലെ ജയം ഗ്രൂപ്പ് സി യിലെ ജേതാക്കളെ നിർണയിക്കുന്നതിലും വലിയ സ്വാധീനം ചെലുത്തിയേകും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleചാമ്പ്യൻസ് ലീഗ്: യുണൈറ്റഡ് ഇന്ന് മോസ്‌കൊക്കെതിരെ
Next articleസ്റ്റോക്സിനു മുന്നറിയിപ്പുമായി മുന്‍ ഇംഗ്ലണ്ട് നായകന്‍