
അണ്ടർ 16 ഐ-ലീഗ് കേരള സോണിൽ പകുതി മൽസരങ്ങൾ അവസാനിച്ചപ്പോൾ പ്രോഡിജി എഫ്.എയും റെഡ് സ്റ്റാറും മുന്നേറുന്നു.
പ്രോഡിജി എഫ്.എ
കേരള ബ്ലാസ്റ്റേർസ്സിന്റെ ഗ്രാസ് റൂട്ട് പാർട്ണേർസ്സ് ആയ പ്രോഡിജി സ്പോർട്സിന്റെ അക്കാദമി വ്യക്തമായ ഹോംവർക്ക് നടത്തിയാണു ഐ-ലീഗിനെത്തിയത്. കുറ്റമറ്റ സ്കൗട്ടിങ്ങിലൂടെ സംസ്ഥാനത്തെ ഒരു കൂട്ടം മികച്ച താരങ്ങളെ ടീമിലെത്തിച്ച പ്രോഡിജി ഇന്ത്യയിലെ തന്നെ മികച്ച അക്കാദമികളിൽ ഒന്നായ ഡി.എസ്.കെ – ലിവെർപ്പൂൾ അക്കാദമിയെ പരാജയപ്പെടുത്തി ഇന്ത്യൻ ഫുട്ബോളിലേക്കുള്ള തങ്ങളുടെ വരവറിയിച്ചു. കോഴിക്കോട് മെഡിക്കൽ കൊളേജ് ഗ്രൗണ്ടെയിലാണു പ്രോഡിജി ഹോം മൽസരങ്ങൾ കളിക്കുന്നത്. കളിച്ച 3 മൽസരങ്ങളും ജയിച്ച പ്രോഡിജി നിലവിൽ ലീഗിൽ 9 പോയിന്റോടെ ഒന്നാം സ്ഥാനത്താണ്.
റെഡ് സ്റ്റാർ എഫ്.സി
നിലവിൽ രണ്ടാം സ്ഥാനത്തുള്ള റെഡ് സ്റ്റാർ എഫ്.സി തൃശൂറിനു രണ്ടു ജയവും ഒരു പരാജയവുമായി 6 പോയിന്റുണ്ട്. സമീപകാലത്ത് ദേശീയ യൂത്ത് ടീമുകളിലേക്ക് ഒരുപിടി താരങ്ങളെ സംഭാവന ചെയ്ത റെഡ് സ്റ്റാർ 3 നോർത്ത്-ഈസ്റ്റ് താരങ്ങളെ കൂടി ഉൾപ്പെടുത്തി ടീം ശക്തിപ്പെടുത്തി. ആദ്യ 3 മൽസരങ്ങളും എവേ കളിച്ച റെഡ് സ്റ്റാറിനു അവസാന 3 മൽസരങ്ങളും ഹോം മൽസരങ്ങൾ ആണെന്നുള്ളതു മുൻ തൂക്കം നൽകും. ഒന്നാം സ്ഥാനത്തുള്ള പ്രോഡിജിക്ക് ഒരു ഹോം മൽസരം മാത്രമേ ബാക്കിയുള്ളു.
സെപ്റ്റ് എഫ്.എ
കേരള ഫൂട്ബോളിൽ ഗ്രാസ് റൂട്ട് രംഗത്തു വിപ്ലവകരമായ ചലനങ്ങൾ സൃഷ്ടിച്ച സെപ്റ്റ് അക്കാദമിക്ക് ഐ-ലീഗിൽ ഇതു വരെ തങ്ങളുടെ ആദ്യ ഗോൾ നേടാനായിട്ടില്ല. ആദ്യ മൽസരത്തിൽ കോവളം എഫ്.സിയെ അവരുടെ തട്ടകത്തിൽ ഗോൾ രഹിത സമനിലയിൽ തളച്ചു നേടിയ ഒരു പോയിന്റ് മാത്രമാണു സെപ്റ്റിന്റെ 3മൽസരങ്ങളിൽ നിന്നുള്ള ആകെ സമ്പാദ്യം. ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തെത്തുന്ന ടീം മാത്രമെ അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടുകയുള്ളു എന്നതിനാൽ സെപ്റ്റിനു ഇനി പരാമാവധി മൽസരങ്ങൾ ജയിക്കുക എന്നുള്ളതാകും ലക്ഷ്യം.
കോവളം എഫ്.സി
3 മൽസരങ്ങളിൽ ഒരു ഗോൾ മാത്രം അടിച്ചു 4 ഗോളുകൾ വഴങ്ങിയ കോവളത്തിന്റേയും ആകെയുള്ള പോയിന്റ് സമ്പാദ്യം സെപ്റ്റിനെതിരെ സ്വന്തം ഗ്രൗണ്ടിലെ ഗോൾ രഹിത സമനിലയിൽ നിന്നു നേടിയ ഏക പോയിന്റ് ആണ്. പ്രാദേശിക തലത്തിൽ മാതൃകപരമായ രീതിയിൽ ഫൂട്ബോൾ അക്കാദമി പ്രവർത്തനം നടത്തുന്ന കോവളം എഫ്.സിയെ ഈ ടൂർണമെന്റിൽ പ്രധാനമായും അലട്ടുന്നത് പ്രധാനപെട്ട പല താരങ്ങൾക്കും പല കാരണങ്ങളാൽ ടീമിനൊപ്പം ചേരാൻ കഴിയാതെ പോയതാണ്. കഴിഞ്ഞ വർഷത്തെ ഐ-ലീഗിൽ ദക്ഷിണേന്ത്യയിലെ പ്രമുഖ ടീമുകളോട് ഏറ്റു മുട്ടി ഗ്രൂപ്പിൽ മൂന്നാം സ്ഥാനം നേടിയ കോവളം നിലവിലെ വെല്ലുവിളികളെ അതിജീവിച്ച് ലീഗിലെ ബാക്കി മല്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ച്ച വെക്കാമെന്നുള്ള പ്രതീക്ഷയിലാണ്.
അണ്ടർ 16 ഐ-ലീഗ് കേരള സോണിൽ അടുത്ത മൽസരങ്ങളിൽ ശനിയാഴ്ച്ച റെഡ് സ്റ്റാർ എഫ്.സി സെപ്റ്റിനെ തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിലും ഞായറാഴ്ച്ച കോവളം എഫ്.സി പ്രോഡിജിയെ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലും നേരിടും. നാലു മണിക്കാണു കിക്ക്-ഓഫ്.
[table id=1 /]