വിടിഞ്ഞയെ ടീമിൽ എത്തിച്ച് പിഎസ്ജി, പ്രഖ്യാപനം ഉടൻ

പോർച്ചുഗീസ് താരം വിടിഞ്ഞയെ ടീമിൽ എത്തിക്കാൻ പിഎസ്ജി പോർട്ടോയുമായി ധാരണയിൽ എത്തി. നാല്പത് മില്യൺ യൂറോക്കാണ് ഇരുപത്തിരണ്ടുകാരനെ പിഎസ്ജി തങ്ങളുടെ കൂടാരത്തിലേക്ക് എത്തിക്കുന്നത്. കൈമാറ്റ കരാറിൽ ഒപ്പുവെക്കുന്നതും വൈദ്യപരിശോധനയും തുടർ ദിവസങ്ങളിൽ നിശ്ചയിച്ചിട്ടുണ്ട്. അതിന് ശേഷം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവും.

2027 വരെയാണ് മധ്യനിര താരവുമായി പിഎസ്ജി കരാറിൽ എത്തിയിരിക്കുന്നത്. പോർട്ടോയുടെ തന്നെ യൂത്ത് ടീമുകളിലൂടെ വളർന്ന താരം 2020-21 സീസണിൽ വോൾവ്സിന് വേണ്ടി ലോണിൽ കളിച്ചിരുന്നു. പോർട്ടോയിൽ തിരിച്ചെത്തിയ ശേഷം അവസാന സീസണിൽ ടീമിനായി മികച്ച പ്രകടനം കാഴ്ച്ച വെക്കുകയും ടീമിന് കൂടെ ഡൊമെസ്റ്റിക് ഡബിൾ നേടാനും സാധിച്ചിരുന്നു.സീസണിൽ രണ്ടു ഗോളും നാല് അസിസ്റ്റും ടീമിനായി നേടിയിരുന്നു. പോർച്ചുഗീസ് ദേശിയ ടീമിലും അടുത്ത കാലത്തായി ഇടം പിടിച്ചു.

ടീം ശക്തിപ്പെടുത്താൻ കോപ്പ് കൂട്ടുന്ന പിഎസ്ജി മധ്യനിരയിലേക്ക് റെനേറ്റോ സാഞ്ചസിനെ കൂടി എത്തിക്കാനുള്ള നീക്കത്തിലാണ്.