വെറാറ്റി പി എസ് ജി യോട് മാപ്പ് പറഞ്ഞു. ബാഴ്സയുടെ നീക്കങ്ങൾക്ക് തിരിച്ചടി

- Advertisement -

ഇറ്റാലിയൻ താരം മാർക്കോ വെറാറ്റി നിലവിലെ ക്ലബ്ബായ പാരീസ് സെയിന്റ് ജർമനിൽ തന്നെ തുടരും. നേരത്തെ എന്തു തന്നെ വന്നാലും ഈ സീസണിൽ തന്നെ തനിക്ക് പാരീസ് വിടണമെന്ന് പ്രഖ്യാപിച്ച വെരാട്ടി പക്ഷെ ഫ്രഞ്ച് ക്ലബ്ബിന്റെ ഔദ്യോഗിക വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ച വീഡിയോ ഇന്റർവ്യൂവിലാണ് മാപ്പ് പറഞ്ഞു താൻ പാരീസിൽ തന്നെ തുടരും എന്ന് പ്രഖ്യാപിച്ചത്. ഇതോടെ ബാഴ്സലോണ അടക്കമുള്ള ക്ലബ്ബ്കൾ നോട്ടമിട്ടിരുന്ന മധ്യനിരക്കാരൻ ഈ സീസണിൽ ക്ലബ്ബ് വിടില്ല എന്നുറപ്പായി.

കഴിഞ്ഞ സീസൺ അവസാനത്തോടെ തന്നെ ക്ലബ്ബ് വിടാനുള്ള താൽപര്യം വെറാറ്റി വ്യക്തമാക്കിയിരുന്നു എങ്കിലും താരത്തെ വിട്ട് കൊടുക്കാൻ പി എസ് ജി ഉടമസ്ഥർ തയാറായിരുന്നില്ല. ഇതോടെ താരവും ക്ലബ്ബും അകലുകയും താരത്തെ സ്വന്തമാക്കാൻ ഇറങ്ങിയ ബാഴ്സ പ്രസിഡന്റ് ക്ലബ്ബ് വെറാറ്റിയെ തടങ്കലിൽ വച്ചിരിക്കുന്ന പോലെയാണെന്ന് ആരോപിക്കുകയും ചെയ്തിരുന്നു. താരത്തിന്റെ ഏജന്റും സമാനമായ അഭിപ്രായ പ്രകടനം നടത്തിയിരുന്നു. ഇതോടെ തീർത്തും വഷളായ ബന്ധം ഒരു നിലക്കും താരത്തെ ക്ലബ്ബ് വിടാനാകില്ല എന്ന സ്ഥിതിയിൽ എത്തിക്കുകയായിരുന്നു എന്നറിയുന്നു.

രാത്രി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച വീഡിയോയിൽ താരം ക്ലബ്ബിനോടും ആരാധകരോടും മാപ്പ് പറയുന്നു എന്നും തന്റെ ഏജന്റിന്റെ വാക്കുകൾ ഒരിക്കലും തന്റെ അഭിപ്രായമല്ല എന്നും പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ തൽകാലത്തേക്കെങ്കിലും കാര്യങ്ങൾ പൂർവ സ്ഥിതിയിലാവും എന്നാണ് ഇരു കൂട്ടരുടെയും പ്രതീക്ഷ. ഇറ്റാലിയൻ ക്ലബ്ബായ പെസ്കാരയിൽ നിന്ന് 2012 ലാണ് വെറാറ്റി പാരീസിൽ എത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement