സാഞ്ചസിനായി യുണൈറ്റഡും രംഗത്ത്, ട്രാൻസ്ഫറിൽ പുതിയ വഴിത്തിരിവ്

അലക്‌സി സാഞ്ചസിനായുള്ള സിറ്റിയുടെ നീക്കങ്ങൾക്ക് കടുത്ത വെല്ലുവിളിയുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് രംഗത്ത്. സാഞ്ചസിനെ സ്വന്തമാക്കാൻ യൂണൈറ്റഡും ഔദ്യോഗികമായി ആഴ്സണലുമായി ബന്ധപ്പെട്ടതായാണ് ഇംഗ്ലണ്ടിൽ നിന്നുള്ള പുതിയ വിവരം. സഞ്ചസിന് പകരം ഹെൻറിക് മികിതാര്യനെ പകരം നൽകുന്നത് അടക്കമുള്ള സാധ്യതകൾ യുണൈറ്റഡ്‌ ആഴ്സണലിന് മുൻപിൽ സമർപ്പിച്ചിട്ടുണ്ട്. സാഞ്ചസിനെ സ്വന്തമാക്കാൻ ഏറെ നാളായി ശ്രമിക്കുന്ന മാഞ്ചസ്റ്റർ സിറ്റിക്ക് ഇതോടെ താരത്തെ സ്വന്തമാക്കുക എന്നത് എളുപ്പമാവില്ല. പക്ഷെ സാഞ്ചസിന്റെ തീരുമാനവും ട്രാൻസ്ഫറിൽ നിർണായകമാകും.

നേരത്തെ സഞ്ചസിന് പ്രീമിയർ ലീഗിലെ തന്നെ ഏറ്റവും വലിയ ശമ്പളം അടക്കം വാഗ്ദാനം ചെയ്ത സിറ്റി വലിയ എതിർപ്പുകൾ ഇല്ലാതെ താരത്തെ ഈ മാസം തന്നെ സ്വന്തമാക്കാൻ പറ്റുമെന്ന് പ്രതീക്ഷിച്ചതാണ്. ഗബ്രിയേൽ ജിസൂസ് പരിക്കേറ്റതോടെ ആക്രമണ നിരയിൽ പുതിയൊരു താരത്തെ സിറ്റിക്ക് നിർബന്ധമാണ്. പക്ഷെ അപ്രതീക്ഷിതമായി മൗറീഞ്ഞോയും യൂണൈറ്റഡും സാഞ്ചസിനായി രംഗത്തെത്തിയത് സിറ്റി എളുപ്പത്തിൽ താരത്തെ സ്വന്തമാകുന്നതിൽ നിന്ന് തടയും. ഏതാണ്ട് 25 മില്യൺ പൗണ്ട് സഞ്ചസിനായി നൽകാൻ സിറ്റി തയ്യാറായിട്ടുണ്ട്. പക്ഷെ മികിതാര്യനെ പോലൊരു കളിക്കാരനെ പകരം നൽകി ആഴ്സണലിനെ ആകർഷിക്കാൻ യുനൈറ്റഡിനായാൽ തങ്ങളുടെ എതിരാളികൾക്ക് അവർ നൽകുന്ന വലിയൊരു തിരിച്ചടിയാകും അതെന്ന് ഉറപ്പാണ്. ഇരു ടീമുകളുടെയും ഓഫറുകൾക്ക് ആഴ്സണൽ സമീപ ദിവസങ്ങളിൽ മറുപടി നൽകിയേക്കും. ഈ ജൂണിൽ കരാർ അവസാനിക്കുന്ന സാഞ്ചസിനെ ആഴ്സണൽ ഈ മാസം തന്നെ വിൽകാനാണ് സാധ്യത.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial