ആഴ്സനലിൽ തുടരുമെന്ന് ഉറപ്പിച്ച് പറയാതെ അലക്സിസ് സാഞ്ചസ്

- Advertisement -

ആഴ്സനൽ ഫാൻസിന്റെ ഏറ്റവും വലിയ ആശങ്കകളിലൊന്ന് സൂപ്പർ താരം സാഞ്ചസ് ക്ലബ് വിടുമോ എന്നത് തന്നെയാവും. ചാമ്പ്യൻസ് ലീഗ് ഇല്ലാത്തതിനാൽ ബയേണിലേക്കോ, മാഞ്ചസ്റ്റർ സിറ്റിയിലേക്കോ സാഞ്ചസ് പോയേക്കും എന്നും വാർത്തകൾ പുറത്ത് വന്നിരുന്നു. എന്നാൽ താരത്തിന്റെ ഉയർന്ന വിലയും, ശമ്പളവും കാരണം ബയേൺ സാഞ്ചസിനായുള്ള ശ്രമങ്ങൾ അവസാനിപ്പിച്ചതായി ഇന്നലെ വാർത്തകൾ വന്നത് ആരാധകർക്ക് ആശ്വാസമായിരുന്നു. ഒപ്പം സാഞ്ചസ് ആഴ്സണലിൽ തൃപ്തനാണെന്ന്‌ ചിലി പരിശീലകന്റെ വാക്കുകളും ആർസനൽ ആരാധകർ പ്രതീക്ഷയോടെയാണ് കേട്ടത്.

എന്നാൽ ഇന്ന് നടന്ന പത്ര സമ്മേളനത്തിൽ മാഞ്ചസ്റ്റർ സിറ്റി ഗോൾ കീപ്പർ ക്ലൗഡിയോ ബ്രാവോയുമൊത്ത് പത്രസമ്മേളനം നടത്തിയ സാഞ്ചസ് ഭാവിയെ കുറിച്ച് ഒരു സൂചന പോലും നൽകിയില്ല. താൻ ഇപ്പോൾ കോൺഫഡറേഷൻ കപ്പിലാണ് ശ്രദ്ധിക്കുന്നതെന്നു പറഞ്ഞ സാഞ്ചസ്, കപ്പിന് ശേഷം താൻ ആഴ്സണലിൽ തുടരുമോ ഇല്ലയോ എന്നത് വ്യക്തമാക്കും എന്നും കൂട്ടി ചേർത്തു. തന്റെ ഭാവിയെ കുറിച്ച് തനിക്ക് കൃത്യമായി അറിയാമെന്ന് പറഞ്ഞ സാഞ്ചസ് അത് പക്ഷെ ഇപ്പോൾ പറയാനാകില്ലെന്നും വ്യക്തമാക്കി.

ഞായറാഴ്ച്ചയാണ് ലോകചാമ്പ്യന്മാരായ ജർമ്മനിക്കെതിരെ ചിലിയുടെ കോൺഫഡറേഷൻ കപ്പ് ഫൈനൽ. ഈ കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിൽ ആഴ്സനലിനായി 23 ഗോളുകളും, 10 അസിസ്റ്റുകളും നൽകിയ സാഞ്ചസ് ക്ലബിന്റെ എഫ്‌.എ കപ്പ് വിജയത്തിലും നിർണ്ണായക പങ്ക് വഹിച്ചിരുന്നു. ക്ലബിനായി ഒരു വർഷത്തെ കരാർ മാത്രമവശേഷിക്കുന്ന സാഞ്ചസ്, ഓസിൽ എന്നിവർക്കായി ആർസനൽ റെക്കോർഡ് സീൽ വാഗ്ദാനം ചെയ്യുമെന്നാണ് സൂചന. ഇത് വരെ പുതിയ കരാറിലെത്താത്ത താരങ്ങളെ ആഴ്സനൽ എങ്ങനെയും നിലനിർത്താൻ ശ്രമിക്കുമെന്നതുറപ്പാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement