
ആറു വർഷത്തെ മാഞ്ചസ്റ്റർ സിറ്റി കരിയറിനു ശേഷം ഫ്രഞ്ച് താരം സമിർ നസ്രി ഇംഗ്ലണ്ട് വിട്ടു. തുർക്കി ക്ലബ് അന്റാല്യസ്പോർ ആണ് 30കാരനായ വിങ്ങറെ സ്വന്തമാക്കിയിരിക്കുന്നത്. ആഴ്സണലിനു വേണ്ടി തിളങ്ങി കൊണ്ടായിരുന്നു നസ്രി ഇംഗ്ലണ്ടിൽ ആദ്യം പേരെടുക്കുന്നത്. മാഞ്ചസ്റ്റർ സിറ്റിയിൽ ഒരിക്കൽ പോലും തന്റെ ആഴ്സണൽ കാലത്തെ മികവിലേക്കെത്താൻ നസ്രിക്കായിരുന്നില്ല. പലപ്പോഴും ആദ്യ ഇലവനിൽ സ്ഥാനം നഷ്ടപ്പെട്ട നസ്രി കഴിഞ്ഞ സീസണിൽ ലാലിഗ ക്ലബായ സെവിയ്യയിൽ ലോണിലായിരുന്നു.
HOŞ GELDİN SAMIR NASRI#BizAntalyasporuz pic.twitter.com/wtjJ6LcvAT
— Antalyaspor (@Antalyaspor) August 21, 2017
ഈ സീസണിലും മാഞ്ചസ്റ്റർ സിറ്റിയിൽ അവസരം കിട്ടില്ല എന്ന് ഉറപ്പായതോടെയാണ് താരം തുർക്കിയിലേക്ക് വണ്ടി കയറിയത്. മാഞ്ചസ്റ്റർ സിറ്റിക്കും വേണ്ടി നൂറിലധികം മത്സരങ്ങൾ കളിച്ചിട്ടുള്ള നസ്രി 18 ഗോളുകളാണ് നേടിയിട്ടുള്ളത്. മാഞ്ചസ്റ്റർ സിറ്റിയുടെ രണ്ട് പ്രീമിയർ ലീഗ് കിരീട നേട്ടത്തിലും നസ്രി ഒപ്പം ഉണ്ടായിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial