Picsart 23 04 18 02 22 00 237

മൊ സലായ്ക്ക് വേണ്ടി ഇത്തിഹാദിന്റെ വമ്പൻ ഓഫർ, പക്ഷെ ലിവർപൂൾ താരത്തെ വിൽക്കില്ല

ലിവർപൂളിന്റെ പ്രധാന താരമായ മൊ സലായ്ക്ക് വേണ്ടി സൗദി അറേബ്യയിൽ നിന്ന് ഒരു വമ്പൻ ഓഫർ. 240 മില്യണോളം വേതനം വരുന്ന ഒരു പാക്കേജാണ് സലായ്ക്ക് മുന്നിൽ സൗദി അറേബ്യൻ ക്ലബായ ഇത്തിഹാദ് വെച്ചിരിക്കുന്നത്. സലാ ഈ ഓഫറിൽ ആകൃഷ്ടനാണ് എങ്കിലും ലിവർപൂളിൽ താരം തുടരാൻ തന്നെയാണ് സാധ്യത. ലിവർപൂൾ താരത്തെ വിൽക്കാൻ ആഗ്രഹിക്കുന്നേ ഇല്ല. അതുകൊണ്ട് തന്നെ അൽ ഇത്തിഹാദിന്റെ ബിഡ് അവർ ചർച്ചയ്ക്ക് പോലും പരിഗണിക്കില്ല.

മൊ സലാ ക്ലബ് വിടണം എന്ന് നിർബന്ധിച്ചാൽ അല്ലാതെ ഈ നീക്കം നടക്കാൻ സാധ്യത ഇല്ല എന്ന് ഫബ്രിസിയോ റൊമാനോ പറയുന്നു. ഇതിനകം സൗദി ഓഫറുകൾക്ക് മുന്നിൽ ഹെൻഡേഴ്സണെയും ഫാബിനോയെയും ലിവർപൂളിന് നഷ്ടമായിട്ടുണ്ട്. അവരെക്കാൾ ഏറെ പ്രാധാന്യം ഉള്ള സലായെ അങ്ങനെ എളുപ്പത്തിൽ ലിവർപൂൾ വിട്ടുകൊടുക്കില്ല എന്ന് ഉറപ്പാണ്.

മൊ സലാ കഴിഞ്ഞ വർഷമായിരുന്നു ലിവർപൂളിൽ ദീർഘകാല കരാർ ഒപ്പുവെച്ചത്. 2017ൽ റോമയിൽ നിന്ന് ആൻഫീൽഡിൽ എത്തിയതിന് ശേഷം ലിവർപൂളിലെ ഏറ്റവും പ്രധാന താരമായിരുന്നു മുഹമ്മദ് സലാ. റെഡ്സിനായി എണ്ണമറ്റ ഗോളുകൾ താരം നേടി. ലിവർപൂളിന്റെ പ്രീമിയർ ലീഗ് കിരീടത്തിലും യുവേഫ ചാമ്പ്യൻസ് ലീഗിലും പ്രധാന പങ്കുവെക്കാനും സലായ്ക്ക് ആയിരുന്നു.

Exit mobile version