വെയിൻ റൂണി മാഞ്ചസ്റ്റർ വിട്ടു, ഇനി എവർടൺ ജേഴ്സിയിൽ

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ വെയ്ൻ റൂണി തന്റെ പഴയ ക്ലബ്ബായ എവർട്ടനിലേക്ക് മടങ്ങി. റൂണിയുമായി ധാരണയിലെത്തിയ എവർടൺ മെഡിക്കൽ കൂടി കഴിഞ്ഞാൽ സൈനിങ് അനൗൺസ് ചെയ്യും.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഗോൾ വേട്ടകാരനായാണ് 32 കാരനായ റൂണി തന്റെ പഴയ തട്ടകമായ ഗുഡിസൺ പാർക്കിലേക്ക് മടങ്ങുന്നത്. 2004 ഇൽ അലക്‌സ് ഫെർഗൂസന്റെ കാലത്ത് ടീമിലെത്തിയ റൂണി ഫെർഗൂസൻ ക്ലബ്ബ് വിടുന്ന 2013 വരെ മികച്ച ഗോൾ സ്കോറിങ് റെക്കോർഡുകളുമായി യുണൈറ്റഡ് ആക്രമണ നിരയുടെ മുന്നിൽ തന്നെ ഉണ്ടായിരുന്നു. എന്നാൽ പിന്നീട് വന്ന ഡേവിഡ് മോയസ് , ലൂയി വാൻ ഗാൽ , മൗറീഞ്ഞോ എന്നിവരുടെയെല്ലാം കീഴിൽ ടീമിനായി കാര്യമായി ഒന്നും ചെയ്യാനാവാതെ വിഷമിക്കുന്ന റൂണിയെയാണ് ലോകം കണ്ടത്. ഇതോടെ ഇംഗ്ലണ്ട് ദേശീയ ടീമിലും റൂണിക്ക് ഇടം നഷ്ടപെട്ടു. എവർട്ടനിലേക്കുള്ള മടക്കത്തോടെ അടുത്ത വർഷത്തേക്കുള്ള ലോകകപ്പ് ടീമിൽ അടക്കം മാടങ്ങിയെത്താം എന്ന പ്രതീക്ഷയിലാണ് റൂണി.

ശമ്പളത്തിൽ അടക്കം വൻ വിട്ടുവീഴ്ചയ്ക്ക് തയ്യാറായാണ് റൂണി തന്റെ കരിയർ വീണ്ടെടുക്കാൻ എവർട്ടനിലേക്ക് മടങ്ങുന്നത്. നിലവിലെ ആഴ്ചയിലെ 3 ലക്ഷം പൗണ്ട് എന്നതിൽ നിന്ന് 1.5 ലക്ഷം പൗണ്ട് എന്നതിലേക്ക് ശമ്പളം കുറക്കാൻ റൂണി തയ്യാറായതോടെയാണ് എവർട്ടൻ താരത്തെ ടീമിലെടുക്കാൻ തയ്യാറായത് എന്നറിയുന്നു.

യുണൈറ്റഡിനൊപ്പം 5 പ്രീമിയർ ലീഗ്, 3 ലീഗ് കപ്പ്, ചാമ്പ്യൻസ് ലീഗ് , യൂറോപ്പ ലീഗ് ,എഫ് എ കപ്പ് , ക്ലബ്ബ് ലോകകപ്പ് തുടങ്ങി നിരവധി കിരീടങ്ങളും സ്വന്തമാക്കിയ റൂണി യുണൈറ്റഡ്‌ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായാണ് മാഞ്ചെസ്റ്ററിനോട് വിട പറയുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement