ബെഞ്ചിൽ നിന്നും മോചനമില്ല, യുവതാരം റിക്കി പൂജ് ബാഴ്‌സ വിട്ട് അമേരിക്കയിലേക്ക് | Riqui Puig has reached a verbal agreement to join LA Galaxy

Nihal Basheer

20220802 153902
Download the Fanport app now!
Appstore Badge
Google Play Badge 1

ഒരു കാലത്ത് ബാഴ്‌സലോണയുടെ മധ്യനിരയിലേക്ക് ഏറ്റവും മികച്ച വാഗ്ദാനങ്ങളിൽ ഒരാളായി കണ്ടിരുന്ന താരമാണ് റിക്കി പൂജ്. യൂത്ത് ടീമുകളിലെ മികച്ച പ്രകടനത്തോടെ 2019ൽ ബാഴ്‌സലോണക്കായി അരങ്ങേറി. തൊട്ടടുത്ത വർഷം സീനിയർ ടീമിലേക്ക് സ്ഥാനക്കയറ്റവും ലഭിച്ചു. പക്ഷെ പ്രതീക്ഷിച്ച പോലെ അല്ലായിരുന്നു കാര്യങ്ങൾ. പലപ്പോഴും സീനിയർ ടീമിലെ സ്ഥിരക്കാരൻ ആവാൻ ബുദ്ധിമുട്ടി. നാല് സീസണുകളിലായി ആകെ നാല്പതോളം ലീഗ് മത്സരങ്ങൾ മാത്രം. സാവി കൂടി തന്റെ ടീമിൽ അവസരം ലഭിക്കില്ലെന്ന് അറിയിച്ചതോടെ ടീം വിടാനുള്ള ഒരുക്കത്തിൽ ആയിരുന്നു താരം. ഇപ്പോൾ ലോസ് ആഞ്ചലസ് ഗാലക്‌സി താരത്തിനായി ബാഴ്‌സലോണയെ സമീപിച്ചിരിക്കുന്നു എന്ന വാർത്തകൾ പുറത്തു വരികയാണ്.

ദിവസങ്ങളായി ഇരു ടീമുകളും ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുകയാണ്. കൈമാറ്റ ചർച്ചകൾ ഏകദേശം പൂർത്തിയായിട്ടുണ്ട്. അമേരിക്കയിലെ ട്രാൻസ്ഫർ വിൻഡോ അവസാനിക്കുന്ന ഓഗസ്റ്റ് നാലിന് മുൻപ് കൈമാറ്റം പൂർത്തിയാക്കേണ്ടതുണ്ട്. താരത്തെ തിരിച്ചെത്തിക്കാൻ ഉള്ള ബൈ-ബാക്ക് ക്ലോസ് കരാറിൽ ഉൾപ്പെടുത്താൻ ആണ് ബാഴ്‌സലോണയുടെ നീക്കം. മറ്റ് ടീമുകൾക്ക് താരത്തെ കൈമാറിയാൽ അതിന്റെ ഒരു ഭാഗം നേടാനും ബാഴ്‌സ ശ്രമിക്കും.

വരുന്ന മണിക്കൂറുകളിൽ തന്നെ കൈമാറ്റം പൂർത്തിയാക്കാൻ ആവും ടീമുകൾ ശ്രമിക്കുക. ലാ ലീഗയിൽ നിന്നും പ്രതീക്ഷിച്ച ഓഫറുകൾ വരാതെ ആയതോടെയാണ് എംഎൽഎസിൽ നിന്നുള്ള ഓഫർ പരിഗണിക്കാൻ ബാഴ്‌സയും താരവും നിർബന്ധിതരായത്. മധ്യനിരയിൽ പെഡ്രി, ഗവി, ഡി യോങ് എന്നിവരുണ്ടായിരിക്കെ ബെഞ്ചിൽ ആയിരുന്നു പലപ്പോഴും താരത്തിന്റെ സ്ഥാനം. ഇപ്പൊൾ പുതിയ താരങ്ങൾ എത്തുക കൂടി ചെയ്യുന്നതോടെ അവസരങ്ങൾ വീണ്ടും കുറയുമെന്ന് റിക്കി പുജ് തിരിച്ചറിയുന്നുണ്ട്. അമേരിക്കൻ ടീമിൽ ഹാവിയർ ഹെർണാണ്ടസ്, ഡഗ്ലസ് കോസ്റ്റ എന്നിവർക്കൊപ്പം പന്ത് തട്ടാൻ താരത്തിന് സാധിക്കും. മൂന്ന് വർഷത്തെ കരാർ ആവും ലോസ് ആഞ്ചലസ് ഗാലക്‌സി താരത്തിന് നൽകുക എന്നാണ് സൂചനകൾ.

Story Highlights: Riqui Puig has reached a verbal agreement to join LA Galaxy