റിനോ ആന്റോ വീണ്ടും ബെംഗളൂരു എഫ് സിയിൽ

- Advertisement -

കേരള ബ്ലാസ്റ്റേഴ്സിനോട് യാത്ര പറഞ്ഞ മലയാളികളുടെ സ്വന്തം റൈറ്റ് ബാക്ക് റിനോ ആന്റോ തന്റെ മുൻ ക്ലബായ ബെംഗളൂരു എഫ് സിയുമായി കരാറിൽ എത്തി. ഇന്ന് ബെംഗളൂരു എഫ് സി തന്നെ റിനോ ആന്റോയുമായി കരാറിൽ എത്തിയത് ഔദ്യോഗികമായി അറിയിച്ചു. ബെംഗളൂരു എഫ് സി ഐ എസ് എല്ലിൽ എത്തുന്നത് വരെ ബെംഗളൂരുവിന്റെ താരമായിരുന്നു റിനോ ആന്റോ.

കഴിഞ്ഞ സീസൺ ഡ്രാഫ്റ്റിൽ എത്തിയപ്പോൾ റിനോ ആന്റോയെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കുകയായിരുന്നു. മുമ്പ് കേരള ബ്ലാസ്റ്റേഴ്സിനായി മികച്ച പ്രകടനം കാഴ്ചവെച്ച ചരിത്രമുള്ള റിനോ ആന്റോയ്ക്ക് ഈ കഴിഞ്ഞ സീസൺ അത്ര നല്ലതല്ലായിരുന്നു. പരിക്കാണ് കഴിഞ്ഞ‌ സീസണിൽ റിനോയെ അലട്ടിയത്. സീസണിൽ ഭൂരിഭാഗം സമയവും റിനോ പരിക്കിന്റെ പിടിയിലായിരുന്നു. എങ്കിലും രണ്ട് അസിസ്റ്റ് കഴിഞ്ഞ സീസണിലും റിനോ സ്വന്തം പേരിൽ കുറിച്ചു.

ബെംഗളൂരു എഫ് സിയുടെ ആദ്യ നാല് സീസണിലും ടീമിനൊപ്പം റിനോ ആന്റോയും ഉണ്ടായിരുന്നു. ബെംഗളൂരുവിൽ കളിക്കുമ്പോൾ രാജ്യത്തിലെ തന്നെ ഏറ്റവും മികച്ച റൈറ്റ് ബാക്കായാണ് റിനോ അറിയപ്പെട്ടിരുന്നത്. ബെംഗളൂരു എഫ് സിക്കൊപ്പം നാല് കിരീടങ്ങളും റിനോ ആന്റോ നേടി. രണ്ട് ഐ ലീഗ് കിരീടങ്ങളും രണ്ട് ഫെഡറേഷൻ കപ്പും റിനോ ഉൾപ്പെട്ട ബെംഗളൂരു സംഘം ഉയർത്തിയിരുന്നു. ബെംഗളൂരു എഫ് സിക്കൊപ്പം എ എഫ് സി കപ്പിന്റെ ഫൈനലിലും റിനോ എത്തിയിരുന്നു.

ബെംഗളൂരു എഫ് സിയിൽ കൂടാതെ 2010-11 സീസണിൽ സാൽഗോക്കറിനൊപ്പം ഐ ലീഗും ഫെഡറേഷൻ കപ്പും, 2008-09 സീസണിൽ മോഹൻ ബഗാനൊപ്പം ഫെഡറേഷൻ കപ്പും റിനോ നേടിയിട്ടുണ്ട്. 4 ഫെഡറേഷൻ കപ്പും 3 ഐ ലീഗ് കിരീടങ്ങളും നേടിയ വേറൊരു മലയാളി താരവും ചരിത്രത്തിൽ ഇല്ല. പരിക്കിന്റെ പിടിയിലായി വിഷമിക്കുകയായിരുന്ന റിനോ ആന്റോ തന്റെ ഏറ്റവും പ്രിയപ്പെട്ട ക്ലബിലേക്ക് മടങ്ങുമ്പോൾ റിനോയുടെ പതിവ് മികവിലേക്കും ഉയരുമെന്ന് പ്രതീക്ഷിക്കാം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement