എല്ലാവരേയും ഞെട്ടിച്ച് സ്വാൻസി, ബയേണിൽ നിന്ന് സാഞ്ചെസ് പ്രീമിയർ ലീഗിലേക്ക്

ട്രാൻസ്ഫർ വിൻഡോയുടെ അവസാന ദിവസം ഏവരേയും ഞെട്ടിച്ച് പ്രീമിയർ ലീഗ് ക്ലബായ സ്വാൻസി. പോർച്ചുഗൽ യുവതാരം റെനാറ്റോ സാഞ്ചേസിനെ റാഞ്ചിയിരിക്കുകയാണ് സ്വാൻസി. ഒരു വർഷത്തേക്ക് ലോണിലാണ് സാഞ്ചേസിനെ ബയേൺ മ്യൂണിച്ച് സ്വാൻസിക്ക് വിട്ടുനൽകിയിരിക്കുന്നത്.

ഇരുപതുകാരനായ സാഞ്ചേസ് കഴിഞ്ഞ വർഷമാണ് ബെൻഫികയിൽ നിന്ന് ജെർമനിയിലേക്ക് എത്തിയത്. നിരവധി ക്ലബുകൾ സാഞ്ചേസിനെ റാഞ്ചാൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു 35 മില്യൺ ചിലവാക്കി സാഞ്ചേസിനെ കഴിഞ്ഞ വർഷം ബയേൺ ടീമിലെത്തിച്ചത്. താരത്തിന്റെ വളർച്ചയ്ക്ക് വേണ്ടി സ്ഥിരം സ്റ്റാർടിംഗ് ലഭിക്കുക എന്നതും കൂടി സാഞ്ചേസിന്റെ സ്വാൻസിയിലേക്കുള്ള വരവിനു പിന്നിലുണ്ട്.

കഴിഞ്ഞ വർഷം 17 മത്സരങ്ങളിൽ മാത്രമെ 20കാരനായ സാഞ്ചേസിനു കളിക്കാൻ കഴിഞ്ഞിരുന്നുള്ളൂ. റിബറിക്കും റോബനും പിറകിൽ ആയി കൂടുതൽ സമയവും ബെഞ്ചിലായിരുന്നത് സാഞ്ചേസിന് പോർച്ചുഗൽ ദേശീയ ടീമിൽ നിന്നും അവസരം നഷ്ടമാകുന്നതിനും കാരണമായിരുന്നു. ഈ ട്രാൻസ്ഫർ വിൻഡോയിൽ സിഗുർഡ്സണെ സ്വാൻസിക്ക് നഷ്ടമായിരുന്നു. ആ നഷ്ടം സാഞ്ചേസ് നികത്തും എന്നാണ് സ്വാൻസി ആരാധകർ പ്രതീക്ഷിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഅടിച്ച് തകര്‍ത്ത് ഇന്ത്യ, ശ്രീലങ്കയ്ക്ക് 376 റണ്‍സ് വിജയ ലക്ഷ്യം
Next articleസന്ദീപ് നന്ദി വീണ്ടും ബ്ലാസ്റ്റേഴ്സിന്റെ വലകാക്കാൻ